-->
മോഡലിംഗിലൂടെ സിനിമയിലെത്തി തിളങ്ങിയ താരമാണ് ശ്വേത മേനോന്‍. തുടക്കം മമ്മൂട്ടിക്കൊപ്പം മലയാള ചിത്രമായ അനശ്വരത്തിലൂടെയായിരു ന്നെങ്കിലും പിന്നീട് സഹനടി വേഷങ്ങളിലൂടെ ശ്വേത തിളങ്ങിയത് ബോളിവുഡിലായിരുന്നു. അതിനു ശേഷം ‘കാക്കക്കുയില്‍’ സിനിമയിലെ അടിപൊളി പാട്ടിലൂടെ ശ്വേത പ്രേക്ഷകമനസ്സില്‍ വീണ്ടും ഇടം നേടി. രതിനിര്‍വ്വേദം അടക്കമുള്ള സിനിമകളിലെ കരുത്തുറ്റ നായിക കഥാപാത്രം ചെയ്ത് ശ്വേത മലയാള സിനിമാപ്രേക്ഷകരുടെ ഹൃദയം കവര്‍ന്നു.
തന്റെ കരിയറില്‍ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളുള്ള ശ്വേതയ്ക്ക് നായികാ പ്രാധാന്യമുള്ള സിനിമകള്‍ തുടരെ ലഭിച്ചിട്ടുണ്ട്. 2009 ല്‍ പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ശ്വേതയ്ക്ക് ലഭിച്ചിട്ടുണ്ട്. മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ സിനിമയില്‍ ചീരു എന്ന കഥാപാത്രത്തെയാണ് ശ്വേത അവതരിപ്പിച്ചത്.
ഇപ്പോഴിതാ ആ സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ചില ഓര്‍മ്മകള്‍ പങ്കിടുകയാണ് ശ്വേത മേനോന്‍. ഒപ്പം മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പമുള്ള ഷൂട്ടിംഗ് അനുഭവങ്ങളും താരം പങ്കിടുന്നു. അഭിനയിക്കുമ്പോള്‍ കൂടെയുള്ള താരങ്ങളെ വളരെ കംഫേർട്ട് ആക്കി നിർത്തുന്നവരാണ് ഇരുവരുമെന്നും മുതിർന്ന താരങ്ങളാണെന്ന രീതിയില്‍ ഒരിക്കല്‍ പോലും ഇരുവരും പെരുമാറിയിട്ടില്ലെന്നും ശ്വേത പറഞ്ഞു.
‘‘മമ്മൂട്ടിയുടെ വ്യക്തിത്വത്തെ കുറിച്ച് നമ്മള്‍ ആർട്ടിസ്റ്റുകള്‍ക്ക് നന്നായി അറിയാം, വളരെ കംഫേർട്ട് ആക്കും നമ്മളെ. വളരെ കംഫര്‍ട്ട് തരുന്ന ആര്‍ട്ടിസ്റ്റാണ്. അദ്ദേഹം ഒരു സീനിയറാണ്, നിങ്ങള്‍ തെറ്റ് ചെയ്തു എന്ന മട്ടിലൊന്നും പെരുമാറില്ല. പാലേരി മാണിക്യത്തില്‍ ഒരു സീനുണ്ട്. ചീരു എന്ന എന്റെ കഥാപാത്രത്തെ മമ്മൂക്കയുടെ കഥാപാത്രം ആദ്യമായി കാണുന്ന രംഗമുണ്ട്. അതില്‍ അദ്ദേഹം കാല് പൊന്തിച്ചിട്ട് എന്റെ ബ്ലൗസിന്റെ ഹുക്ക് പൊട്ടിക്കുന്നതാണത്. ഈ സീൻ മമ്മൂക്ക ചെയ്യുമോയെന്ന ആശങ്ക രഞ്ജിത്തേട്ടന് ഉണ്ടായിരുന്നു. അതുകൊണ്ട് ക്ലോസപ്പും ഫീലിംഗും എക്‌സ്പ്രഷനുമെല്ലാമെടുത്തു. ഞാന്‍ വെറുതെ നിന്നാല്‍ മതി. കാല്‍ പൊന്തിക്കുന്ന ഷോട്ട് മാത്രം കിട്ടിയാല്‍ സീന്‍ കഴിഞ്ഞു.
മമ്മൂക്ക വന്ന് ഇരുന്നു. സീനിനെ കുറിച്ച് പറഞ്ഞു. ‘ശ്വേതാ, ഒറ്റ വലി ഉണ്ടാകും’ എന്നാണ് മമ്മൂക്ക പറഞ്ഞത്. അത് ഞങ്ങള്‍ തീരെ പ്രതീക്ഷിച്ചില്ല. ഇതോടെ എക്സ്പ്രഷൻ കൊടുത്ത സീനൊക്കെ മാറ്റി വെച്ച് ഫുള്‍ സീൻ തന്നെ എടുത്തു, മമ്മൂക്ക തന്നെ അത് ചെയ്തു. അനശ്വരത്തിലെ മമ്മൂക്ക അല്ല പാലേരി മാണിക്യത്തിലെ മമ്മൂക്ക. ആർട്ടിസ്റ്റ് എന്ന നിലക്ക് മാത്രമല്ല ഒരു മനുഷ്യനെന്ന നിലയ്ക്കും അദ്ദേഹം ഒരുപാട് വളർന്നിട്ടുണ്ട്. ഇന്നത്തെ തലമുറയുമായി ചേര്‍ന്നു.
അദ്ദേഹം വളരെ അധികം ബ്ലന്റായിക്കൊണ്ടിരിക്കുകയാണ്. ന്യൂജനറേഷന്റെ കൂടെയും അദ്ദേഹം ബ്ലന്റാകും. സീനിയറാണ്, ഭരതന്‍ സാറിന്റെയും അടൂര്‍ സാറിന്റെയും കൂടെ വര്‍ക്ക് ചെയ്തു എന്ന് പറഞ്ഞിരിക്കുന്ന ആളല്ല അദ്ദേഹം. ഇന്ന് എന്താണ് ആവശ്യം അത് അദ്ദേഹം ചെയ്യും. അത് അദ്ദേഹം ആസ്വദിച്ചാണ് ചെയ്യുന്നത്. അതാണ് മമ്മൂക്ക.
മോഹന്‍ലാലിനൊപ്പം ഷൂട്ടിനിടെയുള്ള അനുഭവങ്ങളാണ് രസകരം. നന്നായി ഭക്ഷണം കഴിക്കുന്ന ആളാണ് ലാലേട്ടന്‍. ലാലേട്ടന്റെ കൂടെ എന്ന് പറഞ്ഞാല്‍ അദ്ദേഹം നമ്മുക്ക് വളരെ അധികം സ്വാതന്ത്ര്യം തരും. ഭക്ഷണപ്രിയനാണ്. അദ്ദേഹം ഭക്ഷണം ഉണ്ടാക്കിയും ഓഡർ ചെയ്തും തിന്നും തീറ്റിപ്പിച്ചുമൊക്കെ പോകും. മമ്മൂക്ക ഭക്ഷണം കഴിക്കുമെങ്കിലും ആഴ്ചയില്‍ ഒന്നായിരിക്കും. എന്നാല്‍ ലാലേട്ടൻ അങ്ങനെയല്ല.
ഞാൻ ഒരു തവണ ലണ്ടനില്‍ ഷൂട്ട് ചെയ്യുമ്പോള്‍ ആ സെറ്റില്‍ ലാലേട്ടനും ഗീതുവും മനോജേട്ടനുമുണ്ട്. മനോജേട്ടനും ഗീതുവിനും വർക്കില്ല. ആ സിനിമയില്‍ ഞാൻ ലാലേട്ടന്റെ ഭാര്യയാണ്. അന്ന് സീൻ പ്രകാരം എനിക്ക് ഷൂട്ട് ഇല്ല. എന്നാല്‍ എന്തെങ്കിലും വന്നാലോയെന്ന് കരുതി നില്‍ക്കുകയാണ്. ആ സമയത്ത് ഗീതുവും മനോജും വന്ന് എന്നോട് പറഞ്ഞു ഞങ്ങള്‍ ഒന്ന് ഷോപ്പിങ് പോയി വരാമെന്ന്.
അതുകേട്ടപ്പോള്‍ എനിക്ക് സങ്കടം തോന്നി. എനിക്കാണെങ്കില്‍ സീനുമില്ല, അവർ പോകുകയും ചെയ്യുന്നു. ഞാൻ ലാലേട്ടനോട് ഇത് പറഞ്ഞു. അദ്ദേഹം നേരെ പോയി ഡയറക്ടറോട് ചോദിച്ചു. ശ്വേതക്ക് ഇന്ന് സീൻ ഇല്ലല്ലോ, അവർ പോയിക്കോട്ടെയെന്ന്. അത്തരത്തില്‍ നമ്മളെ കംഫേർട്ട് ആക്കുന്ന ആളാണ്.
സിനിമ അഭിനയിച്ച് കഴിഞ്ഞാല്‍ ഒരു ലൈഫ് ഉണ്ട്. അത് പ്രധാനമാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ടേക്ക് കഴിഞ്ഞ് ഒകെ ആയാല്‍ അത് പാസ്റ്റ് ആണ്...’’ ശ്വേത മേനോന്‍ പറഞ്ഞു.
ജങ്കാര്‍ ആണ് ശ്വേത മേനോന്റെ പുതിയ സിനിമ. കഴിഞ്ഞ കുറേ നാളുകളായി സിനിമാ രംഗത്ത് ശ്വേത സജീവവുമല്ല. തനിക്ക് അവസരങ്ങള്‍ കുറഞ്ഞിട്ടുണ്ടെന്ന് ശ്വേത പറഞ്ഞിട്ടുമുണ്ട്. സിനിമകള്‍ക്ക് പുറമെ ടെലിവിഷന്‍ ഷോകളില്‍ ആങ്കറായും ജഡ്ജ് ആയും ശ്വേത മേനോന്‍ എത്താറുണ്ട്. 2008 ല്‍ കൈരളി ടിവിയിലെ സ്റ്റാര്‍ വാര്‍സ് എന്ന പ്രോഗ്രാമില്‍ ശ്വേത നായികയായെത്തി. മികച്ച ആങ്കറിനുള്ള ഏഷ്യന്‍ ടെലിവിഷന്‍ അവാര്‍ഡ് ശ്വേത സ്വന്തമാക്കി.
ഹിന്ദിയില്‍ റാസ്മതസ്, ഡാന്‍സിംഗ് ക്യൂന്‍ എന്നീ ഷോകളിലും ശ്വേത മേനോന്‍ ആങ്കറായിരുന്നു. വെറുതെ അല്ല ഭാര്യ എന്ന ഷോയില്‍ എത്തിയതോടെ മലയാള കുടുംബപ്രേക്ഷകര്‍ക്കിടയില്‍ ശ്വേത മേനോന്റെ ജനപ്രീതി കൂടി. ശ്രീവത്സന്‍ മേനോനാണ്പേ ശ്വേതയുടെ ഭര്‍ത്താവ്. ഭര്‍ത്താവിനും ഏക മകള്‍ക്കുമൊപ്പം ശ്വേതയിപ്പോള്‍ മുംബൈയിലാണ് താമസിക്കുന്നത്.