-->
കൊച്ചി: അശ്‌ളീലസിനിമകളില്‍ അഭിനയിച്ചു പണം സമ്പാദിക്കുന്നെന്ന ആക്ഷേപത്തില്‍ ഹര്‍ജി സമര്‍പ്പിച്ച് നടി ശ്വേതാമേനോന്‍. പണസമ്പാദനത്തിനായി അശ്‌ളീല സിനിമകളിലും പരസ്യചിത്രങ്ങളിലും അഭിനയിച്ചെന്നും രംഗങ്ങള്‍ പ്രചരിപ്പിച്ചെന്നുമുള്ള കേസിന്റെ അന്വേഷണ നടപടികള്‍ സ്‌റ്റേ ചെയ്യണമെന്നും എഫ്‌ഐആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ശ്വേതാമേനോന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.
കേസ് ഉച്ചകഴിഞ്ഞു പരിഗണിച്ചേക്കും. സിനിമാ താരസംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പ് ഈ മാസം 15 ാം തീയതി നടക്കാനിരിക്കേ കേസ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ ശ്വേതാമേനോന് തിരിച്ചടിയാകുമോ എന്ന ആശങ്ക ഉയരുന്നുണ്ട്. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് ശ്വേതാമേനോന്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഇന്നലെ എറണാകുളം സെന്‍ട്രല്‍ പോലീസാണ് ശ്വേതാമേനോനെതിരേ കേസെടുത്തത്.
ഐടി നിയമത്തിലെ 67, അനാശാസ്യപ്രവര്‍ത്തന നിരോധന നിയമത്തിലെ വകുപ്പുകള്‍ എന്നിവ ചുമത്തിയായിരുന്നു കേസെടുത്തത്. സിജെഎം കോടതിയാണ് ശ്വേതയ്ക്ക് എതിരേ കേസെടുക്കാന്‍ ഉത്തരവിട്ടത്. അതേസമയം ശ്വേതാമേനോനെതിരേ ഉയര്‍ന്നിരിക്കുന്ന കേസ് അമ്മ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഗൂഡാലോചനകളുടെ ഭാഗമാണെന്നും ഈ അധികാര വടംവലിയില്‍ ബലിയാടാകുന്നത് രണ്ടു സ്ത്രീകളാണെന്നും നേരത്തേ മാലാപാര്‍വ്വതി പ്രതികരിച്ചിരുന്നു.