-->
ഒരിക്കലും മറക്കാനാകാത്ത ഒരു പിടി ഓർമ്മകൾ സമ്മാനിച്ച കാലഘട്ടം. പഠിക്ക്, പഠിക്ക് എന്നുള്ള വാക്കുകള്‍ ചുറ്റുപാടും മുഴങ്ങുമെങ്കിലും ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടമാണ് സ്കൂള്‍ ജീവിതമെന്ന് പിന്നീടുള്ള ജീവിതപ്രാരാബ്ദങ്ങള്‍ ആരെയും ചിന്തിപ്പിക്കും. സ്കൂള്‍ കാലഘട്ടത്തില്‍ ഏറ്റവും പ്രാധാന്യം വഹിക്കുന്ന ചില കുട്ടിക്കാര്യങ്ങളുണ്ട്. അതില്‍ ചിലതാണ് സ്കൂള്‍ ബാഗ്, ലഞ്ച് ബോക്സ്, വാട്ടര്‍ ബോട്ടില്‍, വര്‍ണ്ണഭരിതമായ കുടകള്‍, പെന്‍സില്‍ ബോക്സ്, പല ഡിസൈനിലും രൂപത്തിലുമുള്ള റബറുകള്‍ കട്ടറുകള്‍ പെന്‍സിലുകള്‍ ഒക്കെ.
ഓരോ അധ്യയന വര്‍ഷത്തിലും വിപണികള്‍ ഈ കുട്ടിസാധനങ്ങളുടെ വ്യത്യസ്തതകള്‍ കൊണ്ട് നിറയാറുണ്ട്. പണ്ട് ലഞ്ച് ബോക്സ് എന്നു പറഞ്ഞാല്‍ സ്റ്റീല്‍ ടിഫിന്‍ പാത്രം, അല്ലെങ്കില്‍ ഇലപ്പൊതി എന്നതിലൊക്കെ ഒതുങ്ങും. എന്നാല്‍ ഇന്ന് അങ്ങനെയല്ല. ടിഫിന്‍ ബോക്സുകള്‍ തന്നെ പല നിറത്തിലും രൂപത്തിലും ഡിസൈനിലുമൊക്കെയുണ്ട്. പല നിറങ്ങിലുള്ള രൂപത്തിലുമുള്ള വാട്ടര്‍ ബോട്ടിലുകളും വിപണികള്‍ കീഴടക്കാറുണ്ട്.
ഇപ്പോള്‍ സ്കൂള്‍ വിട്ടെത്തിയ ഒരു മകന്റെ ടിഫിന്‍ ബോക്സുകളുടെ എണ്ണം കണ്ട് ഞെട്ടുന്ന ഒരു അച്ഛന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ‘നിനക്കെത്ര ടിഫിൻ ബോക്സുകളുണ്ട്...’ എന്ന് അച്ഛൻ മകനോട് ചോദിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. അപ്പോള്‍ ആ കുട്ടി ബാഗില്‍ നിന്ന് ഓരോ ടിഫിന്‍ ബോക്സുകളും രണ്ട് വാട്ടര്‍ ബോട്ടിലുകളും മേശപ്പുറത്ത് വയ്ക്കുന്നതാണ് വീഡിയോയിലുള്ളത്.
ആദ്യത്തെ നീല നിറമുള്ള ടിഫിൻ മെയിന്‍ ലഞ്ച് ബോക്സാണെന്നും അതില്‍ ഉച്ചഭക്ഷണം കൊണ്ടുപോകുന്നതാണെന്നും കുട്ടി പറയുന്നു. അടുത്തത് താരതമ്യേന ചെറിയ ഒരു ബോക്സാണ്. ഫ്രൂട്സ് ലഞ്ച് ബോക്സാണ് അതെന്നും സ്‌കൂളില്‍ എത്തിയ ഉടനെ അവ കഴിക്കുമെന്നും കുട്ടി പറയുന്നു. അവസാന ടിഫിൻ ബോക്സ് ത്രികോണാകൃതിയിലുള്ളതാണ്, അത് എക്സ്ട്രാ ലഞ്ച് ബോക്സ് ആണെന്നും സ്‌കൂള്‍ ബസില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ കഴിക്കാനുള്ളതാണ് അതില്‍ കൊണ്ടു പോകുന്നതെന്ന് കുട്ടി പറയുന്നു. എല്ലാം കേട്ട് വിസ്മയിക്കുന്ന അച്ഛന്റെ ശബ്ദവും വീഡിയോയില്‍ കേള്‍ക്കാം.
‘‘ഗൗരവമായി പറഞ്ഞാൽ, നിങ്ങൾക്ക് എത്ര ലഞ്ച്ബോക്സുകള്‍ വേണം? ന്യൂ ഏജ് കുട്ടികൾ, ഇത്രയധികം ലഞ്ച് ബോക്സുകളും കുപ്പികളും?...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കിട്ടിരിക്കുന്നത്.
വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ പലരും കമന്റുകളും കുറിക്കുന്നുണ്ട്. ‘പണ്ട് ഒരു സ്റ്റീല്‍ പാത്രത്തിലായിരുന്നു ഭക്ഷണം കൊണ്ടുപോയിരുന്നത്. എന്നാല്‍ ഇന്ന് അങ്ങനെയല്ല. ഒന്നല്ല, രണ്ടല്ല, മൂന്ന് ഡബ്ബകളാണ് കൊണ്ടുപോകുന്നത്, അവൻ ഭക്ഷണത്തിന്റെ കാര്യത്തിൽ വളരെ ചിട്ടയുള്ളവനാണ്, സ്മാര്‍ട്ട് കിഡ്, മാന്യമായ രീതിയിൽ അവൻ ഉത്തരം നൽകുന്ന രീതി വളരെ അഭിനന്ദനീയമാണ്...’ എന്നതടക്കമാണ് കമന്റുകള്‍.