-->
റായ്പൂര്‍: ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകള്‍ അറസ്റ്റിലായ കേസില്‍ ബജ്‌രംഗദളിനെതിരേ വീണ്ടുംപരാതി നല്‍കി കന്യാസ്ത്രീകള്‍ക്ക് ഒപ്പമുണ്ടായിരുന്ന ആദിവാസി പെണ്‍കുട്ടികള്‍. കത്തോലിക്കാസഭ കന്യാസ്ത്രീകള്‍ക്ക് എതിരേയുള്ള കേസ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുമ്പോഴാണ് യുവതികള്‍ വീണ്ടും പരാതി നല്‍കിയിരിക്കുന്നത്.
ഇത്തവണ ഓര്‍ച്ച പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. ഓര്‍ച്ച പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം ദുര്‍ഗ് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും എന്നാണ് സൂചന. ബജ്റംഗ്ദള്‍ നേതാവായ ജ്യോതി ശര്‍മ്മ അടക്കമുള്ളവര്‍ക്കെതിരെയാണ് പരാതി. എന്നാല്‍ പരാതി കിട്ടിയിട്ട് പോലും പൊലീസ് കേസെടുക്കാന്‍ വൈകുന്നു എന്നാണ് വിവരം. അതേസമയം കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയം പാര്‍ലമെന്റില്‍ ഇന്നും പ്രതിപക്ഷ എംപിമാര്‍ ഉയര്‍ത്താനാണ് നീക്കം. കഴിഞ്ഞദിവസം എന്‍ഐഎ കോടതി കന്യാസ്ത്രീകള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. മനുഷ്യക്കടത്ത്, നിര്‍ബ്ബന്ധിത മതപരിവര്‍ത്തനം എ്ന്നിവയാണ് ചുമത്തിയിരിക്കുന്നത്.
കേസ് എന്‍ഐഎയാണ് ഇനി അന്വേഷിക്കുന്നത്. എന്നിരുന്നാലും എന്‍ഐഎയ്ക്ക് കേസ് കൈമാറുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഒന്നും തന്നെ പാലിക്കപ്പെട്ടിട്ടില്ല എന്നും ആക്ഷേപമുണ്ട്. എന്‍ഐഎയ്ക്ക് കൈമാറേണ്ട കേസിനെക്കുറിച്ച് ആദ്യം സംസ്ഥാനം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലേക്ക് വിവരം നല്‍കിയശേഷം അവിടെ നിന്നും കൗണ്ടര്‍ ടെററിസം ആന്റ് റാഡിക്കലൈസേഷന്‍ ഡിവിഷന്‍ കേസെടുക്കാന്‍ 15 ദിവസത്തിനകം ഉത്തരവിറക്കണം എന്നിങ്ങനെയുള്ള മാനദണ്ഡങ്ങളൊന്നും കന്യാസ്ത്രീമാരുടെ കേസില്‍ സംഭവിച്ചില്ല.
കേന്ദ്രാനുമതിയില്ലാതെ എടുക്കുന്ന കേസുകള്‍ നിലനില്‍ക്കില്ലെന്ന് സുപ്രീംകോടതിയുടെ മുന്‍കാല വിധികളില്‍ വ്യക്തമാണ്. മനുഷ്യകടത്ത് നടന്നിട്ടില്ലെന്ന് പെണ്‍കുട്ടികളും അവരുടെ രക്ഷിതാക്കളും സത്യവാങ്മൂലം നല്‍കിയ സാഹചര്യത്തില്‍ പ്രാഥമികമായ തെളിവുകള്‍ പോലും കേസില്‍ ഇല്ല . എന്നിട്ടും പന്ത് എന്‍എയുടെ കോര്‍ട്ടിലേക്ക് എത്തിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടന്നതെന്ന് വിമര്‍ശനമുണ്ട്. നേരത്തേ കേസില്‍ ഇരകളാക്കപ്പെട്ട പെണ്‍കുട്ടികള്‍ ബജ്‌രംഗദളിനെതിരേ നാരായണ്‍പൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസെടുത്തില്ല.