-->
ന്യൂഡല്‍ഹി: മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറെ കാണാനെത്തി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ന്യൂഡല്‍ഹിയിലെ രാജീവ് ചന്ദ്രശേറുടെ വസതിയില്‍ എത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. കേസില്‍ ജാമ്യംകിട്ടി പുറത്തുവന്ന ശേഷം ആദ്യമായിട്ടാണ് ഇരുവരും ബിജെപി അദ്ധ്യക്ഷനെ കാണാനെത്തുന്നത്.
പ്രീതിമേരിയും വന്ദന ഫ്രാന്‍സിസും ഇവരുടെ ബന്ധുക്കള്‍ക്കൊപ്പമാണ് രാജീവ് ചന്ദ്രശേഖറുടെ വസതിയിലേക്ക് എത്തിയത്. ഇവര്‍ക്കൊപ്പമുണ്ട്. ബിജെപിയുടെ സംസ്ഥാന സെക്രട്ടറി അനൂപ് ആന്റണിയുമുണ്ട്. ഇരുവര്‍ക്കും ജാമ്യം അനുവദിച്ചെങ്കിലും കേസ് ഇപ്പോഴും തുടരുകയാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് ബിജെപി നേതാവിനെ കാണാന്‍ കന്യാസ്ത്രീകള്‍ എത്തിയത്. നേരത്തേ കന്യാസ്ത്രീകളുടെ വീട്ടില്‍ തൃശൂര്‍ എംപി സുരേഷ്‌ഗോപി സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു. മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയ കേസില്‍ എന്‍ഐഎ കോടതിയാണ് കര്‍ശനമായ വ്യവസ്ഥകളോടെ ജാമ്യം നല്‍കിയത്. അറസ്റ്റിലായി ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷമാണ് കന്യാസ്ത്രീകള്‍ക്ക് ജാമ്യം നല്‍കിയത്. ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചാണ് ഇരുവരേയും നേരത്തേ അറസ്സ് ചെയ്തത്.
ആഗ്രയിലേക്ക യാത്ര പോകാന്‍ എത്തിയ ഇവരെ ദുര്‍ഗ് റെയില്‍വേ സ്്‌റ്റേഷനില്‍ ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ സമ്മതത്തോടെ സഭയിലെ ആശുപത്രികളിലേക്കും പള്ളികളിലേക്കും ജോലിക്ക് വേണ്ടി കൊണ്ടുപോകുകയാണെന്ന് ഇവര്‍ പോലീസിനെ അറിയിച്ചു. എന്നാല്‍ പ്രതിഷേധം കടുപ്പിച്ച ബജ്‌രംഗദള്‍ പ്രവര്‍ത്തകരുടെ ബഹളത്തില്‍ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്ത് ലോക്കല്‍ പോലീസിന് കൈമാറുകയും കേസ് എന്‍ഐഎയ്ക്ക് വിടുകയുമായിരുന്നു.