-->
ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പാര്‍ലമെന്റില്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തി കേരളത്തില്‍ നിന്നുള്ള എംപിമാര്‍. വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ എംപിമാര്‍ നോട്ടീസ് നല്‍കി. കെസി വേണുഗോപാലും കൊടിക്കുന്നില്‍ സുരേഷും പാര്‍ലമെന്റിലെ ശൂന്യവേളയില്‍ വിഷയം അവതരിപ്പിച്ചിരുന്നു.
അന്യായമായി അറസ്റ്റ് ചെയ്ത കന്യാസ്ത്രീകളെ ഉടന്‍ മോചിപ്പിക്കണമെന്നായിരുന്നു ഇരുവരം പറഞ്ഞത്. രാജ്യത്ത് മതന്യൂനപക്ഷങ്ങള്‍ക്ക് എതിരേ ശക്തമായ പീഡനങ്ങളാണ് നടക്കുന്നതെന്നും ബിജെപി ഒരുസൈഡില്‍ കേക്കുകളും മറ്റുമായി ചെന്ന് ക്രിസ്തീയ സഭാ വിശ്വാസികളെ കൂടെ നിര്‍ത്തുമെന്ന് പറയുമ്പോഴും ബിജെപി അത്തരം നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
രാജ്യത്ത് മതന്യനപക്ഷങ്ങള്‍ക്കെതിരേയുള്ള നടപടികളാണ് നടക്കുന്നതെന്ന് കൊടിക്കുന്നില്‍ സുരേഷ് വ്യക്തമാക്കി. ഇത് ക്രിസ്ത്യാനികളുടെ മാത്രം പ്രശ്‌നമല്ലെന്നും രാജ്യത്തെ മുഴുവന്‍ മതന്യൂനപക്ഷങ്ങളുടേയും കാര്യമാണെന്നും പറഞ്ഞു. കേരളത്തില്‍ ഇക്കാര്യത്തില്‍ വലിയ പ്രക്ഷോഭമാണ് നടക്കുന്നതെന്നും കേന്ദ്രം അടിയന്തര നടപടി സ്വീകരിക്കണമെന്നും പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പ്രസ്താവന ഇറക്കണമെന്നും കേരളത്തിലെ എംപിമാര്‍ ആവശ്യപ്പെട്ടു. നേരത്തേ പാര്‍ലമെന്റിന് മുന്നില്‍ ഇന്നും പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധിച്ചിരുന്നു.
കേരളത്തില്‍ നിന്നുള്ള എംപിമാര്‍ കഴിഞ്ഞ രണ്ടുദിവസമായി തുടര്‍ന്നുവരുന്ന പ്രതിഷേധം ഇന്നും പാര്‍ലമെന്റിന്് മുന്നില്‍ നടത്തി. ഇന്നും രാജ്യസഭയിലും ലോക്‌സഭയിലും എംപിമാര്‍ നോട്ടീസ് നലകിയിരുന്നെങ്കിലും സ്പീക്കറും രാജ്യസഭാ ഉപാദ്ധ്യക്ഷനും തള്ളിയിരുന്നു. വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യാന്‍ ഇന്നും പ്രതിപക്ഷ എംപിമാര്‍ ആവശ്യപ്പെട്ടെങ്കിലും തള്ളി.