-->
ന്യൂഡല്‍ഹി: നീണ്ട 14 മണിക്കൂര്‍ ചര്‍ച്ചയ്ക്ക് ശേഷം വഖഫ് നിയമ ഭേദഗതി ബില്‍ ലോക്‌സഭ കടന്നു. നീണ്ട നടപടിക്രമങ്ങള്‍ക്ക് ശേഷം വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ബില്‍ പാസ്സായത്. ബില്‍ ഇന്നുതന്നെ രാജ്യസഭയിലും അവതരിപ്പിക്കും. പ്രതിപക്ഷത്തെ അംഗങ്ങള്‍ ഉന്നയിച്ച വാദഗതികള്‍ വോട്ടിനിട്ട് തള്ളി. ബില്‍ അവതരിപ്പിച്ച ശേഷമായിരുന്നു മണിക്കൂറുകള്‍ നീണ്ട മാരത്തോണ്‍ ചര്‍ച്ച നടന്നത്.
288 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 232 പേര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു. കെ.സി. വേണുഗോപാല്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, കെ. രാധാകൃഷ്ണന്‍, എന്‍.കെ. പ്രേമചന്ദ്രന്‍ എന്നിങ്ങനെ കേരളഎംപിമാര്‍ ഉന്നയിച്ച വാദങ്ങളും വോട്ടിനിട്ട് തള്ളി. ബില്ലിന്റെ പേരില്‍ ലോക്‌സഭയില്‍ കടുത്ത രാഷ്ട്രീയ പോരാട്ടമാണ് നടന്നത്. ബില്‍ പാസാകുന്നതുവരെ സമ്മേളനം തുടരുമെന്നു ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല പ്രഖ്യാപിച്ചതോടെ നിശ്ചയിച്ച സമയത്തിനു ശേഷവും ചര്‍ച്ച തുടര്‍ന്നു.
വഖഫ് സ്വത്തുക്കളെ നിയന്ത്രിക്കുന്ന 1995 ലെ നിയമം ഭേദഗതി ചെയ്യുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ ബില്‍ അവതരിപ്പിച്ചത്. ബില്‍ പരിശോധിക്കാന്‍ രൂപീകരിച്ച സംയുക്ത പാര്‍ലമെന്ററി സമിതി തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചില്ലെന്ന് പ്രതിപക്ഷം വാദിച്ചു. ബില്‍ ഭരണഘടനാ വിരുദ്ധമാണെന്നും സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളെ അപകീര്‍ത്തിപ്പെടുത്താനും അവകാശങ്ങള്‍ നിഷേധിക്കാനും ശ്രമിക്കുകയാണെന്നും ഭരണഘടനയുടെ ലംഘനവും അതിനെതിരേ നടത്തുന്ന ആക്രമണവുമാണെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.
വഖഫ് നിയമഭേദഗതി ബില്‍ മുസ്ലിംകളുടെ അവകാശങ്ങളെ ബാധിക്കുന്നതല്ലെന്ന പ്രഖ്യാപനേത്താടെയാണു ലോക്‌സഭയില്‍ കേന്ദ്ര ന്യൂനപക്ഷ, പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു ബില്‍ അവതരിപ്പിച്ചത്. ബില്‍ പ്രകാരം ഒരു ഭൂമിയും ഏറ്റെടുക്കില്ലെന്നു മന്ത്രി ഉറപ്പുനല്‍കി. സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി) ചര്‍ച്ചചെയ്ത്, ഭേദഗതികളോടെ സമര്‍പ്പിച്ച വഖഫ് ഭേദഗതി ബില്‍ 2025 ആണു സഭയില്‍വച്ചത്.
വഖഫ് ഭൂമി കൈയേറ്റത്തിനുള്ള ഒരു തന്ത്രമായി മാറിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആരോപിച്ചു. എന്നാല്‍, ബില്‍ ഭരണ ഘടനാ വിരുദ്ധമാണെന്നു കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. മതത്തിന്റെ പേരില്‍ ജനത്തെ വിഭജിക്കാനുള്ള ശ്രമമാണു ബില്ലിലുള്ളത്. ഈ സര്‍ക്കാര്‍ എല്ലാ ന്യൂനപക്ഷങ്ങളെയും ലക്ഷ്യമിടുകയാണ്.
പാര്‍ലമെന്റിലെ ആഗ്‌ളോ ഇന്ത്യന്‍ പ്രാതിനിധ്യം അവസാനിപ്പിച്ചത് ഇത്തരമൊരു നീക്കമായിരുന്നു. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കു നേരേ ആക്രമണം നടക്കുമ്പോള്‍ അതു പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ പോലും അനുവദിക്കാത്ത സര്‍ക്കാരാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യ മുന്നണിയിലെ കക്ഷികളെല്ലാം ബില്ലിനെ എതിര്‍ത്തു. ബില്‍ നിയമപരമായി നിലനില്‍ക്കില്ലെന്ന് ആര്‍.എസ്.പി. നേതാവ് എന്‍.കെ. പ്രേമചന്ദ്രനും പറഞ്ഞു. ന്യൂനപക്ഷത്തിന്റെ അവകാശം കവര്‍ന്നെടുക്കുന്നതാണു ബില്ലെന്നു സി.പി.എം. നേതാവ് കെ. രാധാകൃഷ്ണനും കുറ്റപ്പെടുത്തി.
ഭരണകക്ഷിയായ എന്‍.ഡി.എയിലും പ്രതിപക്ഷമായ ഇന്ത്യാ മുന്നണിയിലും ചേരാത്ത അകാലിദള്‍, വൈ.എസ്.ആര്‍.കോണ്‍ഗ്രസ് എന്നിവയും ബില്ലിനെതിരേ രംഗത്തെത്തി. ജെ.പി.സിയില്‍ വഖഫ് ബില്ലിന്റെ പേരില്‍ നടന്ന ചര്‍ച്ച ഇന്ത്യന്‍ പാര്‍ലമെന്ററി ചരിത്രത്തില്‍ സമാനതകളില്ലാത്തതാണെന്നു റിജിജു ചൂണ്ടിക്കാട്ടി. വഖഫ് ബില്ലിനു കീഴില്‍ ഒരു ഭൂമിയും ഏറ്റെടുക്കില്ല. കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളും പാര്‍ലമെന്റ് മന്ദിരവും സ്ഥിതിചെയ്യുന്ന ഒട്ടേറെ ഭൂമികള്‍ സംബന്ധിച്ച് 1970 മുതല്‍ ഡല്‍ഹിയില്‍ കേസ് നടന്നുവരുന്നു.
അവ വഖഫ് സ്വത്താണെന്ന് ഡല്‍ഹി വഖഫ് ബോര്‍ഡ് അവകാശപ്പെടുന്നു. കേസ് കോടതിയില്‍ നടക്കുമ്പോള്‍തന്നെ, അന്നത്തെ യു.പി.എ. സര്‍ക്കാര്‍ 123 ഭൂസ്വത്തുക്കള്‍ പുനര്‍വിജ്ഞാപനം ചെയ്ത് വഖഫ് ബോര്‍ഡിനു കൈമാറി. ഇന്ന് ഈ ഭേദഗതി കൊണ്ടുവന്നില്ലെങ്കില്‍ നമ്മള്‍ ഇരിക്കുന്ന പാര്‍ലമെന്റ് മന്ദിരം പോലും വഖഫ് സ്വത്താണെന്ന് അവകാശപ്പെടും- റിജിജു പറഞ്ഞു.
മുസ്ലിം ഇതരമതസ്ഥര്‍ക്കും സ്വത്ത് വഖഫ് ചെയ്യാന്‍ അനുമതി നല്‍കിക്കൊണ്ട് 2013-ല്‍ യു.പി.എ. സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവന്നതും റിജിജു ചൂണ്ടിക്കാട്ടി. വഖഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ മികവും സുതാര്യതയും ഉറപ്പുവരുത്തുന്നതാണു ഭേദഗതി ബില്ലെന്നു കേന്ദ്രമന്ത്രി അവകാശപ്പെട്ടു. ശരിയായ രജിസ്‌ട്രേഷന്‍, നിരീക്ഷണം, പരാതിപരിഹാരം എന്നിവയ്ക്കു സംവിധാനമൊരുക്കും. ബില്‍ 'ഉമീദ്' (യു.എം.ഇ.ഇ.ഡി/യൂണിഫൈഡ് വഖഫ് മാനേജ്‌മെന്റ് എംപവര്‍മെന്റ്, എഫിഷ്യന്‍സി, ഡെവലപ്‌മെന്റ്) എന്നറിയപ്പെടും.
കേന്ദ്ര വഖഫ് കൗണ്‍സിലില്‍ സ്ത്രീകള്‍ക്കും മുസ്ലിംകളിലെ വിവിധ വിഭാഗങ്ങള്‍ക്കും മതിയായ പ്രാതിനിധ്യമുണ്ടാകുമെന്നു റിജിജു അറിയിച്ചു. ന്യൂനപക്ഷകാര്യം കൈകാര്യം ചെയ്യുന്ന മന്ത്രി ആരാണോ അദ്ദേഹമാകും കൗണ്‍സില്‍ അധ്യക്ഷന്‍. മന്ത്രി മുസ്ലിമല്ലെങ്കില്‍, അദ്ദേഹത്തെക്കൂടാതെ പരമാവധി നാല് മുസ്ലിം ഇതര അംഗങ്ങള്‍കൂടി കൗണ്‍സിലിലുണ്ടാകും. അവരില്‍ രണ്ടുപേര്‍ സ്ത്രീകളായിരിക്കണമെന്നതു നിര്‍ബന്ധമാണ്.- അദ്ദേഹം പറഞ്ഞു.
വഖഫ് സ്വത്തില്‍ അവകാശം ഉന്നയിക്കാന്‍ രേഖ നിര്‍ബന്ധമാക്കുമെന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥകളിലൊന്ന്. 5 വര്‍ഷം ഇസ്ലാം മതം പിന്തുടര്‍ന്നവര്‍ക്കേ വഖഫ് നല്‍കാനാവൂ എന്ന വ്യവസ്ഥയും ബില്ലിലുണ്ട്. സ്ത്രീകളെയും അമുസ്ലീമുകളെയും ബോര്‍ഡില്‍ ഉള്‍പ്പെടുത്താനും ബില്ല് നിര്‍ദേശിക്കുന്നു. ട്രൈബ്യൂണല്‍ വിധിയില്‍ ആക്ഷേപമുള്ളവര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും ബില്ല് നിഷ്‌കര്‍ഷിക്കുന്നു.
വഖഫ് ബൈ യൂസര്‍ വ്യവസ്ഥക്ക് പകരം, വഖഫ് ഡീഡ് എന്ന വ്യവസ്ഥ നിര്‍ബന്ധമാക്കി. വഖഫ് സംബന്ധിച്ച ട്രൈബ്യൂണല്‍ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാമെന്നും സംസ്ഥാന സര്‍ക്കാര്‍ നിയോഗിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ തര്‍ക്കങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കുമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ജില്ലാ കളക്ടര്‍ എന്ന വ്യവസ്ഥ എടുത്ത് മാറ്റി. വഖഫ് പട്ടിക വിജ്ഞാപനം ചെയ്താല്‍ 90 ദിവസത്തിനകം വഖഫ് പോര്‍ട്ടലിലും, ഡാറ്റാബേസിലും അപ്ലോഡ് ചെയ്യണം. രജിസ്റ്റര്‍ ചെയ്യാത്ത വഖഫ് സ്വത്തുക്കള്‍ സര്‍ക്കാരിനേറ്റെടുക്കാമെന്നും വ്യവസ്ഥയുണ്ട്.