-->
വിദേശീയരായ പലരും ഇന്ത്യയിലെത്തുകയും ഇവിടം ഇഷ്ടമായ ശേഷം സ്ഥിരമായി ഇവിടെ താമസിക്കുകയും ചെയ്യാറുണ്ട്. പലരും അതിര്‍ത്തി കടന്ന് ഇവിടെയെത്തി ഇന്ത്യക്കാരെ വിവാഹം ചെയ്ത് ഇവിടെ താമസിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. ചിലര്‍ തിരിച്ചു വിദേശത്തേക്ക് കുടുംബത്തോടെ പോകാറുണ്ടെങ്കില്‍ മറ്റ് ചിലർ ഇന്ത്യയില്‍തന്നെ ജീവിതം തുടരുന്നു.
എന്നാല്‍ ഇവിടെ താമസിക്കുമ്പോള്‍ പലര്‍ക്കും ജീവിതം അത്ര എളുപ്പമായിരിക്കില്ല. നാടിനോടും സംസ്കാരത്തോടും ഇവിടുത്തെ രീതികളോടും പൊരുത്തപ്പെടുക എന്നത് ഈസിയാവില്ല. ചുറ്റുപാടുമുള്ളവര്‍ ആദ്യമാദ്യം പരിഹസിക്കുകയും ചെയ്യുന്നതും കുറവല്ല.
അങ്ങനെയൊരാളാണ് ഇന്‍സ്റ്റഗ്രാമില്‍ രണ്ട് ലക്ഷം ഫോളോവേഴ്സുള്ള ജെസീക്ക കുമാര്‍ എന്ന അമേരിക്കന്‍ യുവതി. 2010 ലാണ് ഇന്ത്യക്കാരനായ അഭിഷേകിനെ വിവാഹം ചെയ്ത ജെസീക്ക ഭർത്താവിനും മക്കള്‍ക്കുമൊപ്പം ഇന്ത്യയില്‍ കുടുംബജീവിതം തുടങ്ങി. ഹിന്ദി ഭാഷ പഠിപ്പിക്കുന്ന ‘ലേണ്‍ ഹിന്ദി എനിവേർ’ എന്ന സംരഭത്തിന് തുടക്കം കുറിച്ച ജെസീക്ക ഇൻസ്റ്റഗ്രാമിലും സജീവമാണ്. രണ്ട് ലക്ഷം ആളുകളാണ് അവരെ ഫോളോ ചെയ്യുന്നുമുണ്ട്.
ഇപ്പോഴിതാ ഒരു ഇന്ത്യക്കാരനെ വിവാഹം ചെയ്തതിന്റെ പേരില്‍ താൻ നേരിട്ട പരിഹാസങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ജെസീക്ക. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് താൻ നേരിട്ട പരിഹാസങ്ങളെ കുറിച്ച് അവർ സംസാരിച്ചത്. ‘‘നിങ്ങളുടെ ഭർത്താവ് വിവാഹം ചെയ്തത് ഗ്രീൻ കാർഡിന് വേണ്ടിയാണ്, ഇരുണ്ട നിറമുള്ള ഒരാളെ വിവാഹം കഴിച്ചതില്‍ നിങ്ങളോട് സഹതാപം തോന്നുന്നു, ഇന്ത്യയിലേക്ക് താമസം മാറിയതിലൂടെ നിങ്ങളുടെ ജീവിതം നശിപ്പിച്ചു, നിങ്ങളുടെ കുട്ടികള്‍ക്ക് നിങ്ങളെപ്പോലെ വെളുത്ത നിറമില്ലാത്തത് കഷ്ടമാണ്...’ എന്നെല്ലാമാണ് ഇന്ത്യക്കാരെ വിവാഹം ചെയ്ത വിദേശികളോട് ആളുകള്‍ പറയുന്നത്....’’ വീഡിയോയില്‍ ജെസീക്ക പറയുന്നു.
‘‘ഇതില്‍ എത്രയെണ്ണം നിങ്ങള്‍ ഓണ്‍ലൈനില്‍ കേള്‍ക്കുകയോ കാണുകയോ ചെയ്തിട്ടുണ്ട്? ഇത് ഞാൻ ദിവസവും കാണുന്ന വർണവിവേചനത്തിന്റേയും വംശീയതയുടേയും വെളുത്ത ചർമത്തിന്റേയും വെസ്റ്റേണ്‍ പാസ്പോർട്ട് ആരാധനയുടേയും സാംപിള്‍ മാത്രമാണ്...’’ എന്നാണ് ജെസീക്ക വീഡിയോയ്ക്കൊപ്പം കുറിച്ചത്.
ഒട്ടേറെപ്പേര്‍ ജെസീക്കയെ പിന്തുണച്ച് കമന്റ് ചെയ്യുന്നുണ്ട്. ‘2025-ലും ഇത് സംഭവിക്കുന്നു എന്നത് സങ്കടകരമാണ്, ആളുകള്‍ നിറത്തിന് എത്രമാത്രം ശ്രദ്ധ കൊടുക്കുന്നുണ്ട് എന്ന് ഇതില്‍നിന്ന് മനസിലാകുമെന്നും മെക്സിക്കോ, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലും ഇത്തരം ചോദ്യങ്ങളുണ്ടാകും’ എന്നതടക്കമാണ് ആളുകള്‍ കമന്റ് ചെയ്യുന്നത്.