Sunday, March 15, 2026 Last Updated 24 Min 30 Sec ago English Edition
Todays E paper
Ads by Google
Sunday 27 Jul 2025 09.52 AM

' എന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട അനുഭവങ്ങളിലൊന്ന്' ; അര്‍ജിത് സിംഗുമായുളള നിമിഷങ്ങളെ കുറിച്ച് എഡ് ഷീരന്‍

trip, music

ബ്രിട്ടീഷ് സംഗീതലോകത്ത് ഗായകനായും ഗാനരചയിതാവായും കഴിവ് തെളിയിച്ച പ്രതിഭയാണ് എഡ് ഷീരന്‍. തന്റെ സഫയര്‍ എന്ന ഏറ്റവും പുതിയ ഗാനം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി അദ്ദേഹം കഴിഞ്ഞ ദിവസം ഇന്ത്യയില്‍ എത്തിയിരുന്നു.

പശ്ചിമ ബംഗാളിലെ ജിയാഗഞ്ച് അസിംഗഞ്ചിലില്‍ ആയിരുന്നു ഒരു ദിവസം മുഴുവന്‍ എഡ് ഷീരന്‍. ഇന്ത്യന്‍ സംഗീത ലോകത്തിന് കേട്ടാല്‍ മതിവരാത്ത ഒരുപിടി ഗാനങ്ങള്‍ സമ്മാനിച്ച അര്‍ജിത് സിംഗിന്റെ ജന്മനാടാണ് അത്. ഇപ്പോള്‍ അര്‍ജിത് സിംഗിനൊപ്പം സമയം ചെലവഴിച്ച നിമിഷത്തെക്കുറിച്ച് പറയുകയാണ് എഡ് ഷീരന്‍. അര്‍ജിത് സിംഗിന്റെ സ്റ്റുഡിയോയില്‍ എത്തി ഒരു പഞ്ചാബി പാട്ട് പാടി റെക്കോര്‍ഡ് ചെയ്യുന്ന വീഡിയോയ്‌ക്കൊപ്പം ഇന്‍സ്റ്റഗ്രാമിലൂടെയാണ് എഡ് ഷീരന്‍ തന്റെ സന്തോഷം പങ്കുവെച്ചത്.

'എന്റെ കരിയറിലെ ഏറ്റവും പ്രിയപ്പെട്ട അനുഭവങ്ങളിലൊന്നായിരുന്നു 'സഫയര്‍' ഗാനം പൂര്‍ത്തിയാക്കാന്‍ അച്ഛനോടൊപ്പം ജിയാഗഞ്ച് അസിംഗഞ്ചില്‍ അര്‍ജിത് സിംഗിനെ കാണാന്‍ പോയത്. അതൊരു 24 മണിക്കൂര്‍ യാത്രയായിരുന്നു, സംഗീതത്തിലേക്കുള്ള ഒരു തീര്‍ത്ഥാടനം പോലെ എനിക്ക് തോന്നി. അഞ്ചര മണിക്കൂര്‍ കാര്‍ യാത്രയ്ക്ക് ശേഷം ഞങ്ങള്‍ അവിടെയെത്തി, കാഴ്ചകള്‍ കാണാനായി അര്‍ജിത് ഞങ്ങളെ ഒരു ബോട്ടില്‍ കൊണ്ടുപോയി. ഞങ്ങള്‍ സംസാരിച്ചു, ഭക്ഷണം കഴിച്ചു, കാപ്പി കുടിച്ചു. പിന്നീട് സ്റ്റുഡിയോയില്‍ വെച്ച് അദ്ദേഹം എന്നെ പഞ്ചാബിയില്‍ പാടാന്‍ പഠിപ്പിച്ചു, അല്പം സിതാറും പഠിപ്പിച്ചു.

അതിനുശേഷം ഞങ്ങള്‍ രാത്രി വൈകി ഒരു സ്‌കൂട്ടി യാത്ര പോയി. ഞാന്‍ അര്‍ജിത്തിന്റെ ബൈക്കിന് പിന്നിലും എന്റെ അച്ഛന്‍ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്റെ ബൈക്കിന് പിന്നിലുമായിരുന്നു യാത്ര. പുഴയോരത്ത് ഞങ്ങള്‍ പ്രാര്‍ത്ഥനകള്‍ കേട്ടു, സംഗീതത്തെക്കുറിച്ച് സംസാരിച്ചു. എന്റെ സംഗീത ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ ദിവസങ്ങളില്‍ ഒന്നായിരുന്നു അത്. ഈ ഗാനത്തിന്റെ മനോഹരമായ യാത്രയുടെ അവസാനമായിരുന്നു അത്, പക്ഷേ അതിലേറെ വലിയ ഒന്നിന്റെ തുടക്കവും.

ഈ ഗാനത്തിന്റെ ഈ പതിപ്പ് എനിക്കേറെ ഇഷ്ടമാണ്. എന്റെ പെണ്‍മക്കളോടൊപ്പം എല്ലാ ദിവസവും രാവിലെ ഞാന്‍ കേള്‍ക്കുന്ന പാട്ടാണിത്. കാരണം അര്‍ജിത്തിന്റെ ശബ്ദം, താളം, ഒഴുക്ക്, താളാത്മകത എന്നിവയെല്ലാം ഞാന്‍ ഇഷ്ടപ്പെടുന്നു. നിങ്ങള്‍ക്കും അതുപോലെ തോന്നുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ സമയത്തിനും, സൗന്ദര്യത്തിനും, കഴിവിനും നന്ദി അര്‍ജിത്. 'സഫയര്‍' അര്‍ജിത്തിനൊപ്പം ഇപ്പോള്‍ എല്ലാ പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്- എഡ് ഷീരന്‍ കുറിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW