-->
മാഞ്ചസ്റ്റര്‍: ഇന്ത്യക്കെതിരെ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 311 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 358നെതിരെ ഇംഗ്ലണ്ട് 669 റണ്‍സാണ് അടിച്ചെടുത്തത്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ ആദ്യമായി ഒരു ടെസ്റ്റിൽ അഞ്ച് വിക്കറ്റ് നേട്ടവും സെഞ്ചറിയും നേടുന്ന ക്യാപ്റ്റനെന്ന തിളക്കമാർന്ന റെക്കോർഡുമായി ഇംഗ്ലണ്ട് നായകൻ സ്വന്തമാക്കി .
ബെന്‍ സ്‌റ്റോക്‌സും ഇന്ന് ഇംഗ്ലണ്ടിനായി സെഞ്ചുറി നേടി. ജോ റൂട്ടിന് (150) പുറമെ 94 റൺസ് നേടിയ ബെൻ ഡക്കറ്റും 84 റൺസ് നേടിയ സാക്ക് ക്രൗളിയും ഭേദപ്പെട്ട സംഭാവന നൽകി. നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ അഞ്ചുവിക്കറ്റ് പ്രകടനം നടത്തിയ ബെൻ സ്റ്റോക്‌സാണ് തകർത്തത്. നാലാം ദിനം ഏഴിന് 544 എന്ന നിലയില്‍ ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് ഇന്ന് 125 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ലിയാം ഡോസണിന്റെ (26) വിക്കറ്റാണ് ഇന്ന് ഇംഗ്ലണ്ടിന് ആദ്യം നഷ്ടമാകുന്നത്. ജസ്പ്രിത് ബുമ്രയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. പിന്നാലെ ബ്രൈഡണ്‍ കാര്‍സെയ്‌ക്കൊപ്പം (47) ചേര്‍ന്ന് സ്റ്റോക്‌സ് 105 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇതിനിടെ സെഞ്ചുറി പൂര്‍ത്തിയാക്കുകയും ചെയ്തു. ജഡേജയുടെ പന്തില്‍ സായിക്ക് ക്യാച്ച് നല്‍കിയാണ് സ്‌റ്റോക്‌സ് മടങ്ങുന്നത്. 198 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്‌സും 11 ഫോറും നേടി. കാര്‍സെയുടെ ഇന്നിംഗ്‌സ് ലീഡുയര്‍ത്താന്‍ സഹായിച്ചു. ജഡേജയാണ് കാര്‍സെയെ പുറത്താക്കുന്നത്. ജോഫ്ര ആര്‍ച്ചര്‍ (2) പുറത്താവാതെ നിന്നു.
അതേസമയം കരിയറിലാദ്യമായി ഒരു ഇന്നിങ്സിൽ 100 റൺസിലധികം വിട്ടുകൊടുത്തതിന്റെ തിളക്കമറ്റ റെക്കോർഡുമായി ജസ്പ്രീത് ബുമ്ര. ഇന്ത്യയ്‌ക്കായി രവീന്ദ്ര ജഡേജ 37.1 ഓവറിൽ 143 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. രണ്ടും വാഷിങ്ടൻ സുന്ദർ 28 ഓവറിൽ 107 റൺസ് വഴങ്ങി രണ്ടു വിക്കറ്റും വീഴ്ത്തി. മുഹമ്മദ് സിറാജ് 30 ഓവറിൽ 140 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു. അംശുൽ കംബോജ് 18 ഓവറിൽ 89 റൺസ് വഴങ്ങിയും ഒരു വിക്കറ്റ് സ്വന്തമാക്കി. 2014നു ശേഷം ആദ്യമായാണ് ഒരു ടെസ്റ്റ് ഇന്നിങ്സിൽ ഇന്ത്യ 600 റൺസിനു മുകളിൽ വഴങ്ങുന്നത്.
നാലാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. ഒരു റണ്‍ മാത്രമാണ് സ്കോര്‍ബോര്‍ഡിലുള്ളത്. യശസ്വി ജയ്‌സ്വാള്‍ (0), സായ് സുദര്‍ശന്‍ (0) എന്നിവരാണ് മടങ്ങിയത്. കെ എല്‍ രാഹുല്‍ (1), ശുഭ്മാന്‍ ഗില്‍ (0) എന്നിവരാണ് ക്രീസില്‍.