-->
ഷോപ്പിംഗ് എന്ന് കേട്ടാല്‍ ഏറ്റവും കൂടുതല്‍ എക്സൈറ്റഡാകുന്നത് കുട്ടികളാണ്. ഷോപ്പിംഗ് മാളുകളില്‍ പോകുന്നതാണ് കുട്ടികള്‍ക്ക് ഏറെയിഷ്ടം. അടുക്കിവച്ചിരിക്കുന്ന സാധനങ്ങളില്‍ നിന്ന് ഇഷ്ടമുള്ളത് ആവശ്യാനുസരണം സെലക്ട് ചെയ്യാമെന്നുള്ളതാണ് അതിന്റെ കാരണം. പലപ്പോഴും വില കൂടുതലുള്ള സാധനങ്ങളായിരിക്കും അവിടെയുണ്ടാവുക. അതുകൊണ്ട് തന്നെ കുട്ടികളെയും കൊണ്ട് ഷോപ്പിംഗിന് പോകുമ്പോള്‍ പല മാതാപിതാക്കളുടെയും ഉള്ളില്‍ ചെറിയൊരു പേടിയുണ്ടാകും. വിലകൂടിയ സാധനങ്ങള്‍ക്ക് വേണ്ടി മക്കള്‍ വാശിപിടിച്ച് കരയുമോയെന്നാണ് പല രക്ഷിതാക്കളുടെയും ഭയം.
എന്നാല്‍ ഇപ്പോഴിതാ ഷോപ്പിംഗിനിടെ കൊച്ചുപെണ്‍കുട്ടി ചെയ്ത കാര്യം കണ്ട് സോഷ്യല്‍ മീഡിയ ഒന്നടങ്കം അത്ഭുതപ്പെട്ടിരിക്കുകയാണ്.
അച്ഛനൊപ്പം കൊച്ചു പെണ്‍കുട്ടി സൂപ്പർമാർക്കറ്റില്‍ എത്തുന്നതാണ് വീഡിയോയില്‍. കുട്ടി അവള്‍ക്കിഷ്ടപ്പെട്ട ഒരു വാട്ടർ ബോട്ടില്‍ എടുക്കുന്നത് കാണാം. ‘‘അച്ഛാ ഇത് നല്ലതാണ്, ദാ ഇങ്ങനെയിത് തുറക്കാം.’ എന്ന് കൊച്ചു പെണ്‍കുട്ടി പറയുന്നത് കേള്‍ക്കാം. മൂന്നാല് എണ്ണം മോള്‍ക്ക് ഇല്ലേയെന്ന് ചോദിക്കുമ്പോള്‍ അതൊക്കെ പഴയതായി എന്നും കൊച്ചുമിടുക്കി പറയുന്നു. അപ്പോഴാണ് അച്ഛന്‍ വില കൂടുതലാണ് എന്ന് പറയുന്നത്.
അതോടെ ‘വില കൂടുതലാണോ, എന്നാല്‍ എനിക്കിത് വേണ്ട. സാലറി കിട്ടുമ്പോള്‍ എനിക്ക് വില കുറഞ്ഞത് അച്ഛന്‍ വാങ്ങിത്തന്നാല്‍ മതി’ എന്നായി പെണ്‍കുട്ടി. അതിനു ശേഷം വാട്ടര്‍ബോട്ടില്‍ പെണ്‍കുട്ടി തിരികെ വച്ച് ‘വാ അച്ഛാ, എനിക്ക് കളിപ്പാട്ടം വാങ്ങിയാല്‍ മതി’ എന്ന് പറഞ്ഞ് ഓടുന്നതും കാണാം.
അത് ചെലവേറിയതാണെന്ന് അച്ഛൻ പറഞ്ഞപ്പോള്‍ ആ മിടുക്കിക്കുട്ടി വാശിപിടിച്ച് കരഞ്ഞില്ലെന്നും മാത്രമല്ല അച്ഛന്റെ അവസ്ഥ മനസിലാക്കി തിരികെ വയ്ക്കുകയും ചെയ്തു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഈ വീഡിയോ നിമിഷങ്ങള്‍ക്കകം വൈറലായി. ദശലക്ഷക്കണക്കിനാളുകള്‍ കണ്ട വീഡിയോ ഒരു ലക്ഷത്തിലധികം പേർ ലൈക്ക് ചെയ്തു. നിരവധി പേരാണ് പെണ്‍കുട്ടിയെ പ്രശംസിച്ചുകൊണ്ട് കമന്റ് ചെയ്തത്. ‘പണത്തിന്റെ മൂല്യം മക്കളെ പഠിപ്പിക്കേണ്ടതുണ്ട്. ഇതാണ് ഈ വീഡിയോയില്‍ എനിക്ക് മനസിലായത്, ഇതുകൊണ്ടാകാം പെണ്‍മക്കളെ ലക്ഷ്മിയെന്ന് വിളിക്കുന്നത്, ക്യൂട്ട് ബേബി, മകൾ എത്ര ബുദ്ധിമതിയാണ്, അച്ഛന്‍ അവളോട് തമാശ പറയുകയാണെങ്കില്‍ അവള്‍ എല്ലാവരുടെയും മനസ്സ് കീഴടക്കി...’ എന്നതടക്കമാണ് കമന്റുകള്‍.