Saturday, March 14, 2026 Last Updated 17 Min 54 Sec ago English Edition
Todays E paper
Ads by Google
Wednesday 23 Jul 2025 04.44 PM

‘‘നാനൂറിലധികം ഉഗ്രവിഷമുള്ള പാമ്പുകള്‍; നടന്നുപോകുമ്പോഴൊക്കെ ദേഹം തട്ടും...’’ സ്നേക്ക് ടെമ്പിളില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടതിനെപ്പറ്റി ജസ്റ്റിസ് കെമാല്‍ പാഷ

uploads/news/2025/07/792635/Untitled-6.jpg
Justice Kemal Pasha shares his experience in visiting Snake Temple (Image Source: Youtube)

തങ്ങളുടെ പ്രൊഫഷണല്‍ ജീവിതത്തിലെ വെല്ലുവിളികളും അമ്പരപ്പിക്കുന്ന അനുഭവങ്ങളും പങ്കിടാനാണ് ചിലര്‍ റിട്ടയര്‍മെന്റ് ലൈഫില്‍ യൂട്യൂബ് ചാനലുകള്‍ തുടങ്ങുന്നത്. അവര്‍ പങ്കിടുന്ന വീഡിയോകള്‍ ചിലപ്പോഴൊക്കെ കാഴ്ച്ചക്കാരില്‍ അമ്പരപ്പും കൗതുകവും ഞെട്ടലുമൊക്കെ സൃഷ്ടിക്കാറുണ്ട്. ഇങ്ങനെയൊക്കെ ഈ ലോകത്ത് ഉണ്ടാവുമോ എന്ന സംശയമടക്കം സൃഷ്ടിക്കുന്ന വീഡിയോകളും കുറവല്ല.
വിരമിച്ച ഹൈക്കോടതി ജഡ്ജി കെമാൽ പാഷയും തന്റെ അനുഭവങ്ങളും നിലപാടുകളും അഭിപ്രായങ്ങളുമൊക്കെ കൂടുതലായും പങ്കിടാറുള്ളത് തന്റെ യൂട്യൂബ് ചാനലിലൂടെയാണ്. ചിലപ്പോഴൊക്കെ പാഷയുടെ പരാമര്‍ശങ്ങള്‍ വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും സൈബര്‍ ആക്രമണങ്ങള്‍ക്കും വരെ വഴിവച്ചിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ ജീവിതത്തിലെ താന്‍ കടന്നു പോയ അമ്പരപ്പിക്കുന്ന ഒരു സംഭവം പങ്കിടുകയാണ് ജസ്റ്റിസ് കെമാല്‍ പാഷ. ഉഗ്രവിഷമുള്ള പാമ്പുകളില്‍ നിന്ന് രക്ഷപ്പെട്ട സംഭവത്തെക്കുറിച്ച്‌ വിവരിക്കുന്ന വീഡിയോയില്‍ താനൊരു സഞ്ചാരിയാണെന്നും മലേഷ്യയിലെ ക്വാലാംലംപൂരില്‍ വച്ചാണ് ഇത്തരമൊരു അനുഭവമുണ്ടായതെന്നും കെമാല്‍ പാഷ പറഞ്ഞു.
‘‘ഞാൻ ക്വാലാംലംപൂരില്‍ പലതവണ പോയിട്ടുണ്ട്. ആദ്യം ചെന്നപ്പോള്‍ ഞാനും ഭാര്യയും രണ്ട് സുഹൃത്തുക്കളുമുണ്ട്. ഇതിലൊരു സുഹൃത്ത് എല്ലായിടത്തും വന്നിട്ടില്ല. ഞങ്ങള്‍ ക്വാലാംലംപൂരിലെ പെനാംഗിലേക്ക് കാറില്‍ പോകുകയായിരുന്നു. തമിഴ്നാട്ടുകാരനായ ഒരു സഹോദരനായിരുന്നു ഡ്രൈവർ. ഏകദേശം 400 കിലോമീറ്റർ ഉണ്ട്. വൈകിട്ട് ഒരു പ്രോഗ്രാമുണ്ട്, അതിനു മുമ്പ് തിരിച്ചെത്തുകയും വേണം. തിരിച്ചെത്തുമോയെന്ന ഭയപ്പാടുണ്ട്. വളരെ വിശാലമായ റോഡ്. കൂടെ വരാത്ത സുഹൃത്ത്, പോകുന്ന വഴിക്ക് നല്ലൊരു ക്ഷേത്രമുണ്ടെന്നും കാണേണ്ട കാഴ്ചയാണെന്നും ഫോണ്‍ ചെയ്ത് പറഞ്ഞു.
പെനാംഗില്‍ എത്തുന്നതിന് നാല് കിലോമീറ്റർ മുമ്പാണ് ക്ഷേത്രം. മെയിൻ റോഡില്‍ നിന്ന് അമ്പത് മീറ്റർ ഉള്ളിലേക്കാണിത്. കാർ നിർത്തി, ഡ്രൈവർ ക്ഷേത്രം ചൂണ്ടിക്കാണിച്ചു. ഡ്രൈവർക്ക് നന്നായി മലയാളവും അറിയാം. നമുക്ക് ഒന്നിച്ചുപോകാമെന്ന് പറഞ്ഞെങ്കിലും, താൻ വരുന്നില്ലെന്ന് ഡ്രൈവർ പറഞ്ഞു. ഹിന്ദു സഹോദരനാണ്, ക്ഷേത്രമല്ലേ എന്നൊക്കെ ചോദിച്ചിട്ടും വന്നില്ല. ഞങ്ങള്‍ മൂന്നുപേരും ഇറങ്ങി. രണ്ട് സൈഡിലും നിറയെ ഷോപ്പുകളാണ്.
ചൈനീസ് സാധനങ്ങള്‍ വില്‍ക്കുന്ന കടകളാണ്. സ്‌നേക്ക് ടെമ്പിള്‍ എന്നാണ് ക്ഷേത്രത്തിന്റെ പേര്. ഇതിന്റെ കുഴപ്പങ്ങളൊന്നും ഞാൻ അപ്പോള്‍ ആലോചിക്കുന്നില്ല. കടകളുടെ മുന്നില്‍ പച്ചനിറത്തിലുള്ള റബ്ബർ പാമ്പുകളാണ്. സ്‌നേക്ക് ടെമ്പിള്‍ ആണല്ലോ. ഈ പാമ്പിനെ വാങ്ങിച്ച്‌ അമ്പലത്തില്‍ കൊടുക്കാനുള്ളതാണെന്ന് കരുതി. കുട്ടികള്‍ക്ക് കളിക്കാൻ വാങ്ങിക്കാനുള്ള പാമ്പാണ്. ഞാനതിനെ ആദ്യമായിട്ടാണ് കാണുന്നത്. നമ്മുടെ പച്ചില പാമ്പ് പോലെയല്ല, കുറച്ചുകൂടി വണ്ണമുണ്ട്. അമ്പലത്തിന് വിശാലമായ കവാടമാണ്. അത് തുറന്നുകിടക്കുകയാണ്.
ചില ക്ഷേത്രങ്ങളിലൊക്കെ നമുക്ക് കയറാൻ പരിമിതികളുണ്ട്. ചോദിച്ച്‌ കയറാമെന്ന് കരുതി. ഒരു അതികായനായ മനുഷ്യൻ അകത്തുനിന്ന് വന്നു. അയാള്‍ അവിടത്തെ പൂജാരിയാണ്. ഞങ്ങള്‍ ചോദിച്ചപ്പോള്‍ വളരെ സന്തോഷത്തോടെ വരൂ എന്ന് പറഞ്ഞു. വിശാലമായ ഹാളാണ്. അവിടെ വിഗ്രഹങ്ങളൊന്നും കണ്ടില്ല. നിലവിളക്കുണ്ട്. അതിനുമുന്നിലായി നിരവധി പാത്രങ്ങളിലായി ഒരുപാട് പഴങ്ങള്‍ നിറച്ചുവച്ചിരിക്കുന്നു. കോഴിമുട്ടകളിട്ടുവച്ച പാത്രങ്ങളുമുണ്ട്. ഇതൊക്കെ നിരത്തിവച്ചിരിക്കുകയാണ്. ഈ ഇരിക്കുന്ന എല്ലാ സാധനത്തിലും നേരത്തെ കണ്ട ചൈനീസ് പാമ്പുകളുണ്ട്. നാനൂറിലധികം പാമ്പുകളുണ്ട്. ചിലത് ചുറ്റിവച്ചിരിക്കുന്നു. ചിലത് വൃത്തത്തില്‍ കിടക്കുന്നു. തറയിലൊന്നും ഒന്നിനെയും കണ്ടില്ല. വളരെ അറേഞ്ച്ഡ് ആണ്. എനിക്ക് രസകരമായി തോന്നി.
ഈ ക്ഷേത്രത്തില്‍ ആരുമില്ല. ആ പൂജാരി അകത്തേക്ക് പോയി. അതുകഴിഞ്ഞ് രണ്ട് ഇന്ത്യക്കാരായ വിദ്യാർത്ഥികള്‍ വന്നു. മലയാളികളല്ല. ഈ പാമ്പുകള്‍ക്ക് ജീവനുണ്ടോയെന്ന് ആ വിദ്യാർത്ഥികളിലൊരാള്‍ ചോദിച്ചു. ഒരെണ്ണം പോലും അനങ്ങുന്നില്ല. ഞാൻ ഇല്ലെന്ന് പറഞ്ഞു. തറയില്‍ കണ്ണാടിപ്പെട്ടിക്കകത്ത് വലിയൊരു പെരുമ്പാമ്പുണ്ട്. അതിനെ അടച്ചുവച്ചിരിക്കുകയാണ്. അതിലൊരു വിദ്യാർത്ഥി പതിയെ പാമ്പിനെ തൊട്ടു. പെട്ടെന്ന് അത് അനങ്ങി. അവൻ പേടിച്ച്‌ കൈവലിച്ചു, സാർ അതിന് ജീവനുണ്ടെന്ന് പറഞ്ഞു. പെട്ടെന്ന് പൂജാരി ഇറങ്ങിവന്ന് പാമ്പിനെ തൊടരുതെന്ന് പറഞ്ഞു. ഇത് വിഷമുള്ളതാണോയെന്ന് ചോദിച്ചപ്പോള്‍ ഉഗ്രവിഷമുണ്ടെന്ന് അയാള്‍ പറഞ്ഞു.
അപ്പോഴാണ് ചതി എനിക്ക് മനസിലായത്. നടന്നുപോകുമ്പോഴൊക്കെ ദേഹം തട്ടും. ആ രീതിയില്‍ ഇരിക്കുകയാണ്. ഉഗ്രവിഷമുള്ള പാമ്പുകളാണ്, തൊടരുതെന്ന് ബോർഡിലുണ്ടെന്ന് അയാള്‍ പറഞ്ഞു. പക്ഷേ നമ്മള്‍ കേറുന്നയുടൻ ആ ബോർഡ് കാണില്ല. അപ്പോഴാണ് ഇവിടെ ആള്‍ വരാത്തതിന്റെ കാരണം മനസിലായത്. ഇങ്ങനെയൊരു സംഭവം ആദ്യമായിട്ടാണ് കണ്ടത്. ഭയന്നുപോയി. ഞങ്ങള്‍ വെളിയിലേക്ക് ഇറങ്ങിയെന്ന് പറയുന്നത് ശരിയല്ല. തെറിച്ച്‌ വെളിയിലേക്ക് വീണു എന്ന് പറയുന്നതാകും ശരി...’’ കെമാല്‍ പാഷ പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് മുന്‍ ജസ്റ്റിസ് അനുഭവം പങ്കിട്ടത്.

Ads by Google
Wednesday 23 Jul 2025 04.44 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW