-->
കൊച്ചി: സംസ്ഥാനത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നതില്‍നിന്ന് സമുദായ നേതാക്കള്‍ പിന്മാറണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ഗുരുദേവന്‍ പറഞ്ഞതിന് വിരുദ്ധമായ കാര്യങ്ങളാണ് എസ്എൻഡിപി യോഗം ജനറല്‍ സെക്രട്ടറി പ്രചരിപ്പിക്കുന്നതെന്നും ഇതെല്ലാം മുഖ്യമന്ത്രി പറഞ്ഞു പറയിപ്പിക്കുന്നതാണെന്നും സതീശൻ ആരോപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ പി.ആര്‍ ഏജന്‍സികളെക്കൊണ്ട് പറയിച്ചതും കേരളത്തിലെ സി.പി.എം നേതാക്കള്‍ മലപ്പുറത്തിന് എതിരെ പറയുന്നതുമാണ് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി പറയുന്നത്. ഇതെല്ലാം മുഖ്യമന്ത്രി പറഞ്ഞു പറയിപ്പിക്കുന്നതാണ്. ഇതൊക്കെ ശ്രീനാരായണ ദര്‍ശനങ്ങള്‍ക്ക് വിരുദ്ധമാണ്.
ഭിന്നിപ്പും വിദ്വേഷവും ഉണ്ടാക്കുന്ന കാമ്പയിന്‍ ആര് നടത്തിയാലും പ്രതിപക്ഷം അതിനെ ചോദ്യം ചെയ്യുമെന്നും സതീശൻ പറഞ്ഞു. വെള്ളാപ്പള്ളി നടേശൻ കഴിഞ്ഞ ദിവസം നടത്തിയ വര്‍ഗീയ പ്രസ്താവന ഞായറാഴ്ചയും ആവർത്തിച്ച പശ്ചാത്തലത്തിലായിരുന്നു സതീശന്‍റെ വിമർശനം.