-->
ആലപ്പുഴ: മന്ത്രി കെ.ബി. ഗണേശ്കുമാര്‍ പെണ്ണിനോടും പൊന്നിനോടും പ്രിയമുള്ളയാളാണെന്നും മന്ത്രിയെന്ന നിലവാരം കാണിക്കാത്തയാളെന്നും രൂക്ഷ വിമര്‍ശനം നടത്തി എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പല ഭാര്യമാരായി. അവസാനം വന്ന ഭാര്യയോടും നീതി കാണിച്ചില്ലെന്നും മന്ത്രിയായി ഇരുന്ന് ഇത്രയും തറയായ ഒരാളില്ലെന്നും ഈ മന്ത്രിസഭയുടെ പുഴുക്കുത്താണെന്നും പറഞ്ഞു.
ഗണേശ്കുമാര്‍ വഷളനായ ആളാണെന്നും മന്ത്രി സ്ഥാനത്തിരിക്കുമ്പോള്‍ നിലയും വിലയും സംരക്ഷിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും
വിമര്‍ശിച്ചു. ഈ വിഷയത്തില്‍ പരാതി പിന്‍വലിച്ചതുകൊണ്ട് ഒന്നും ഇല്ലാതാകുന്നില്ലെന്നും പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിനെതിരെയടക്കം ഉയര്‍ന്ന ആരോപണങ്ങള്‍ ലൈവായി നില്‍ക്കുമ്പോള്‍ പ്രത്യേകിച്ചും മന്ത്രിയല്ലെങ്കില്‍ പോലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണെന്നും പറഞ്ഞു.
സര്‍ക്കാരിന്റെ ഇമേജ് നഷ്ടപ്പെട്ട സംഭവമാണ് ഉണ്ടായത്. മാന്യമായി പൊതുപ്രവര്‍ത്തനം നടത്തുന്നതിന് പകരം വഷളായ ഒരു മന്ത്രിയാണ് കെ ബി ഗണേഷ് കുമാര്‍. ഇത്ര തറ മന്ത്രി വേറെ കാണില്ല. ഭാര്യ പരാതി പിന്‍വലിച്ചതുകൊണ്ട് കാര്യമില്ല. മാന്യതയും മര്യാദയും വേണം. മന്ത്രിസഭയ്ക്ക് പുഴുക്കുത്താണിത്. ഭംഗിയായി ഭരണം കൊണ്ടുപോവുമ്പോള്‍ ഇതെല്ലാം ശ്രദ്ധിക്കണം എന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
ഇമേജ് ബില്‍ഡ് ചെയ്യാന്‍ സ്വന്തം ക്യാമറയും ആളുകളെയും കൊണ്ടുവന്ന് നമ്പര്‍ വണ്‍ മന്ത്രിയെന്ന് പത്രത്തിലടിക്കാന്‍ സാധിച്ചതിന്റെ ചരിത്രം എല്ലാവര്‍ക്കും അറിയാം. അയ്യായിരം പ്രണയിനികള്‍ ഉണ്ടെന്ന് തലയില്‍ ആള്‍ത്താമസം ഉള്ളവര്‍ പറയുമോയെന്ന് ചോദിച്ച വെള്ളാപ്പള്ളി ഇയാളെ ഊളംപാറയില്‍ അയക്കണമെന്നും പറഞ്ഞു. ഗണേശ്കുമാറിന്റെ കാര്യത്തില്‍ ജനങ്ങള്‍ക്ക് തൃപ്തികരമായ തീരുമാനം മുഖ്യമന്ത്രി തന്നെ എടുക്കണമെന്നും അതില്‍ ന്യായവും നീതിയും ഉണ്ടാകണം എന്നും പറഞ്ഞു.