-->
മലയാള സിനിമാപ്രേക്ഷകരുടെ മനസ്സില്‍ കഴിഞ്ഞ നാലു പതിറ്റാണ്ടിലധികമായി നിലകൊള്ളുന്ന താരരാജാവാണ് മോഹന്‍ലാല്‍. താരത്തിന്റെ കുടുംബത്തോടും ഒരു പ്രത്യേക സ്നേഹവും ആരാധനയും പ്രേക്ഷകര്‍ക്കുണ്ട്. അതുകൊണ്ട് തന്നെ താരപുത്രനായ പ്രണവ് സിനിമയിലെത്തിയപ്പോള്‍ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. പ്രണവ് മോഹന്‍ലാല്‍ എന്ന അപ്പു അഭിനയിച്ച എല്ലാ സിനിമകളും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ഗണത്തില്‍പെടുന്നവയാണ്.
എന്നാല്‍ താരപുത്രനെന്നോ അഭിനേതാവെന്നോ ഉള്ള ഒരു ജാഡയും പെരുമാറ്റവും പ്രണവിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. ജീവിതരീതികളിലും ശൈലികളിലും പെരുമാറ്റത്തിലുമുള്ള ലാളിത്യം കൊണ്ട് പലപ്പോഴും പ്രണവ് പ്രശംസ നേടിയിട്ടുണ്ട്. യാത്രകളെ ഏറെയിഷ്ടപ്പെടുന്ന പ്രണവ് കുന്നും മലകളും ഹിമാലയ പര്‍വ്വതവുമൊക്കെ തന്റെ ഇഷ്ടയാത്രകളില്‍ പെടുത്താറുണ്ട്. താരം ക്യാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നത് തന്നെ വളരെ വിരളമായാണ്. ഇടയ്ക്ക് സിനിമ ചെയ്യാറുണ്ടെങ്കിലും ജോലി പൂർത്തിയാക്കിക്കഴിഞ്ഞാല്‍ യാത്രകള്‍ക്ക് പോവുന്നതാണ് താരത്തിന്റെ പതിവ്.
ഇപ്പോഴിതാ പ്രണവും മോഹൻലാലും ഒരുമിച്ചുള്ള ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പണി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടൻ ബോബി കുര്യനാണ് ഈ പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിരിക്കുന്നത്. രാജാവും മകനും എന്നാണ് ബോബി കുര്യന്‍ കുറിച്ചത്. ‘‘ആ നിമിഷം പകർത്താൻ കഴിഞ്ഞത് എത്ര ഭാഗ്യം...രാജാവും രാജാവിന്റെ മകനും...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ബോബി കുര്യന്‍ വീഡിയോ പങ്കിട്ടത്.
കയ്യില്‍ ഒരു ബാഗുമായി മുന്നില്‍ നടക്കുന്ന പ്രണവിനെ വിഡിയോയില്‍ കാണാം. തൊട്ടുപിന്നിലായി മോഹൻലാലുമുണ്ട്. മകന്റെ പിറകില്‍ നടക്കുന്ന മോഹന്‍ലാല്‍ ഇടയ്ക്കിടെ ക്യാമറ നോക്കുന്നുണ്ട്. എന്നാല്‍ പ്രണവ് മറ്റെന്തൊക്കെയോ ശ്രദ്ധിച്ചാണ് നടക്കുന്നത്. വീഡിയോ എടുക്കുന്നതു കണ്ട് മോഹൻലാല്‍ അവസാനം ക്യാമറ നോക്കി ചിരിക്കുന്നതും കാണാം. ‘സാഗർ ഏലിയാസ് ജാക്കി’യുടെ ബിജിഎം കൊടുത്താണ് ബോബി കുര്യൻ വീഡിയോ പോസ്റ്റ് ചെയ്തത്. സെക്കൻഡുകള്‍ മാത്രം ദൈർഘ്യമുള്ള വീഡിയോയാണെങ്കില്‍ കൂടി ആരാധകര്‍ ഏറ്റെടുക്കുകയാണിത്.
ഒരുപാട് ആരാധകര്‍ രസകരമായ കമന്റുകളും വീഡിയോയ്ക്ക് നല്‍കുന്നുണ്ട്. ‘എന്താ മോനെ ഇത് ഒന്ന് ഒതുങ്ങി ഒരു സൈഡിലൂടെ നടക്കു മോനെ! ! വീഡിയോ എടുക്കുന്നവനെ നിനെ ഞാൻ നോക്കി വെച്ചിട്ടുണ്ട്, ലെ ലാലേട്ടൻ : കിട്ടിയ അവസരമാ... വിഡിയോയും ഫോട്ടോയും എടുത്തു വച്ചോ. ഇനി എപ്പോളാ ഇവനെ കാണുവാന്ന് പറയാൻ ആവില്ല, എവിടന്നോ പിടിച്ചോണ്ട് വന്ന പോലെ ഉണ്ടല്ലോ സീൻ, ലെ സുചിത്ര ചേച്ചി -കിട്ടിയോ?
ലാലേട്ടന്‍- ആഹ് കിട്ടി, ലാലേട്ടൻ: മോനെ അപ്പു വീട്ടിലേക്ക് വാടാ...നിന്റെ അച്ഛനാടാ പറയണെ വീട്ടിലേക്ക് വാടാ...,ഏട്ടൻ മോനെ തൂക്കി...’ എന്നതടക്കമാണ് കമന്റുകള്‍. മോഹൻലാലിന്റെ സ്റ്റൈലിഷ് പ്രിന്റഡ് ഷര്‍ട്ടും മഞ്ഞ നിറത്തിലുള്ള ഷൂസും ആരാധകരുടെ ശ്രദ്ധ നേടുന്നുണ്ട്.
‘ഡീയസ് ഈറേ’ എന്ന ഹൊറർ ത്രില്ലറാണ് പ്രണവിന്റെ വരാനിരിക്കുന്ന ചിത്രം. ഭ്രമയുഗത്തിനുശേഷം രാഹുല്‍ സദാശിവൻ രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവമാണ് മോഹൻലാലിന്റേതായി പുറത്തുവരാനിരിക്കുന്ന ചിത്രം.