-->
നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണ സോഷ്യല്‍ മീഡിയയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ്. സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറും യൂട്യൂബറും സംരംഭകയുമായ ദിയ തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കിടാറുണ്ട്. തന്റെ പ്രണയവും പ്രണയത്തകര്‍ച്ചയും പിന്നീടുണ്ടായ വിവാഹവും ഗര്‍ഭകാലവും ദിയ പങ്കിട്ടിരുന്നു. ഒരു ഫാമിലി വ്ലോഗിന്റെ എപ്പിസോഡില്‍ ചരിത്രം സൃഷ്ടിച്ച ഒന്നായി ദിയ കൃഷ്ണയുടെ ഡെലിവറി വ്ലോഗ് മാറുകയും ചെയ്തിരുന്നു.
ഭർത്താവ് അശ്വിൻ ഗണേശിനൊപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിക്കുന്ന ദിയയ്ക്ക് ആദ്യത്തെ കണ്മണി പിറന്നിട്ട് ദിവസങ്ങള്‍ ആകുന്നതേയുള്ളൂ. പ്രശസ്തിയും പണവും വന്ന സമയത്തും ഭർത്താവും കുട്ടികളും അടങ്ങുന്ന ജീവിതമായിരുന്നു എന്നും തന്റെ സ്വപ്നമെന്ന് ദിയ പറഞ്ഞിട്ടുണ്ട്. ദിയയെ പൂർണമായും മനസിലാക്കുന്ന പങ്കാളിയാണ് അശ്വിൻ ഗണേശ്.
എന്നാല്‍ ദിയ അശ്വിനെ ആദ്യമായി കാണുകയും പരിചയപ്പെടുകയും ചെയ്യുന്ന സമയത്ത് ദിയ മറ്റൊരു പ്രണയത്തിലായിരുന്നു. വൈഷ്ണവ് എന്ന ദിയയുടെ മുന്‍കാമുകന്റെയും സുഹൃത്തായിരുന്നു അശ്വിൻ. ഇന്‍ഫ്ലുവന്‍സറായി തിളങ്ങി നിന്ന സമയത്ത് ദിയ വൈഷ്ണവുമായിട്ടുള്ള പ്രണയത്തെക്കുറിച്ചും പിന്നീടുണ്ടായ ബ്രേക്ക് അപ്പിനെക്കുറിച്ചും ദിയ ധൈര്യമായി പങ്കുവച്ചിട്ടുണ്ട്. പ്രണയത്തില്‍ താൻ വഞ്ചിക്കപ്പെട്ടതാണെന്ന് ദിയ ഒന്നിലേറെ തവണ സൂചിപ്പിച്ചിരുന്നു. പിരിഞ്ഞെങ്കിലും സൗഹൃദമുണ്ടെന്നായിരുന്നു വെെഷ്ണവിന്റെ പക്ഷം.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വെെഷ്ണവ് പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. തമാശ രൂപേണയുള്ള റീലില്‍ വൈഷ്ണവിന്റെയും കൂട്ടുകാരെയും കാണാം. പുലിവാല്‍ കല്യാണം എന്ന സിനിമയിലെ സലിം കുമാറിന്റെ ഡയലോഗാണ് വെെഷ്ണവും സുഹൃത്തുക്കളും റീലാക്കിയത്. ‘‘അങ്ങനെ പടക്കക്കട ഗുദാഹവ. എന്തൊക്കെ മേളമായിരുന്നു. പാട്ട്, ഡാൻസ്, കൂത്ത്, എനിക്കപ്പോഴേ തോന്നി. ടമാർ പടാർ. എല്ലാം കത്തിച്ചാമ്പലാകുമെന്ന്...’’ എന്ന ഹിറ്റ് ഡയലോഗാണ് വൈഷ്ണവ് ഇതില്‍ അഭിനയിച്ചു കാണിക്കുന്നത്. ‘‘ഇത് ഇവിടെ കിടക്കട്ടെ, ഇപ്പോള്‍ പറയാൻ കറക്ടാണ്...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് വൈഷ്ണവ് റീല്‍ വീഡിയോ പങ്കിട്ടിരിക്കുന്നത്.
ദിയ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നാളുകളിലൂടെ കടന്ന് പോകുമ്പോള്‍ വൈഷ്ണവ് എന്തിനാണ് ഇങ്ങനെയൊരു റീല്‍ ഇട്ടതിന് കാരണം എന്തെന്നാണ് സോഷ്യല്‍ മീഡിയയിലെ ചോദ്യം. കമന്റ് ബോക്സ് വെെഷ്ണവ് ഓഫ് ചെയ്തിട്ടുണ്ട്. അതേസമയം ചില ട്രോള്‍ പേജുകളില്‍ വീഡിയോ വന്നിട്ടുണ്ട്.
വീഡിയോകള്‍ക്ക് താഴെ വെെെഷ്ണവിനെ പരിഹസിച്ചും കമന്റുകളുണ്ട്. ‘ഡാ നീ ആദ്യം കമന്റ് ബോക്സ് ഓപ്പണ്‍ ആക്കി ഇടൂ. നിനക്കുള്ളത് അവിടെ വാങ്ങാം, അസൂയ, കിട്ടാത്ത മുന്തിരി പുളിക്കും, നല്ല കണ്ണുകടി ഉണ്ടല്ലേ...’എന്നെല്ലാം കമന്റുകളുണ്ട്. റെഡിറ്റില്‍ ഈ വിഷയം ചർച്ചയായിട്ടുണ്ട്. വെെഷ്ണവ് ഇങ്ങനെ ഒരു പോസ്റ്റിടാൻ മാത്രം ദിയക്കെന്ത് സംഭവിച്ചു എന്നാണ് റെഡിറ്റിലെ ചോദ്യങ്ങള്‍.
നേരത്തെ ദിയക്കും അശ്വിനും എതിരെ വെെഷ്ണവ് പരോക്ഷമായി സംസാരിച്ചതും വൈറലായി മാറിയിരുന്നു. മുൻ റിലേഷൻഷിപ്പില്‍ നിന്ന് പഠിച്ചത് എന്താണെന്നാണ് വൈഷ്ണവിനോട് ചോദിച്ചത്. ‘‘റിലേഷൻഷിപ്പ് ആയിക്കഴിഞ്ഞാല്‍ ഒരുപാട് കൂട്ടുകാരെ കൂട്ടാൻ പാടില്ല. നമുക്ക് കുറച്ച് സ്വകാര്യ നിമിഷങ്ങള്‍ വേണം. എന്റെ തെറ്റായിരുന്നു. എല്ലാവരെയും ഇഷ്ടമായത് കൊണ്ട് ഞാൻ എല്ലാവരെയും ഒരുമിച്ച് കൊണ്ട് പോയത്. സുഹൃത്തുക്കളില്‍ ചിലർ നമ്മുടെ സന്തോഷങ്ങളില്‍ ഹാപ്പിയായിരിക്കില്ല. അവർക്കത് വേണമെന്ന് മനസിലുണ്ടാകും...’’ എന്നായിരുന്നു വൈഷ്ണവിന്റെ മറുപടി.
സുഹൃത്തിന്റെ മുൻ കാമുകിയെ പ്രണയിച്ചതില്‍ അശ്വിന് നേരത്തെ വിമർശനങ്ങള്‍ വന്നിരുന്നു. എന്നാല്‍ അശ്വിനാണ് ദിയക്ക് ചേർന്ന പങ്കാളിയെന്നായി പിന്നീടുള്ള അഭിപ്രായങ്ങള്‍. മുൻ ബന്ധങ്ങളില്‍ താൻ നൂറ് ശതമാനവും ആത്മാർത്ഥത കാണിച്ചതാണ്. അതിനാല്‍ തനിക്ക് മൂവ് ഓണ്‍ ആകാൻ അധികം സമയം വേണ്ടി വന്നില്ലെന്ന് ദിയ പറഞ്ഞിട്ടുണ്ട്.