-->
മലയാളികള്‍ ഏറെയിഷ്ടമുള്ള ഫീല്‍ ഗുഡ് റൊമാന്റിക് സിനിമകള്‍ സമ്മാനിച്ച സംവിധായകനും നടനുമാണ് വിനീത് ശ്രീനിവാസന്‍. സൗഹൃദങ്ങളുടെയും പ്രണയത്തിന്റെയും കുടുംബസ്നേഹത്തിന്റെയും കഥകള്‍ പറയുന്ന സിനിമകളാണ് വിനീത് എന്നും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചിട്ടുള്ളത്. എന്നാല്‍ പതിവിനു വിപരീതമായി ത്രില്ലര്‍ ജോണറിലുള്ള സിനിമയുമായി എത്തിയിരിക്കുകയാണ് വിനീത്.
രണ്ടു ദിവസത്തിനു മുമ്പ് പങ്കിട്ട പോസ്റ്റില്‍ തന്റെ അടുത്ത സിനിമ ത്രില്ലർ ആവുമെന്നും ആദ്യ സിനിമയായ മലർവാടി ആർട്സ് ക്ലബ് റിലീസ് ചെയ്തിട്ട് പതിനഞ്ചു വര്‍ഷമായെന്നും അന്ന് വൈകുന്നേരം തന്റെ ഏറ്റവും പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസാവുമെന്നും ത്രില്ലർ ജോണർ ആവുമെന്നും താരം കുറിച്ചിരുന്നു.
ഇപ്പോഴിതാ തന്റെ പുതിയ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പങ്കിട്ടിരിക്കുകയാണ് വിനീത് ശ്രീനിവാസൻ. റൊമാന്റിക് സിനിമകളില്‍ നിന്ന് മാറി ഇത്തവണ ത്രില്ലർ സിനിമയുമായാണ് വിനീതിന്റെ വരവ്. ‘കരം’ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ നോബിള്‍ തോമസ് ആണ് നായകൻ. ‘‘സംവിധായകൻ എന്ന നിലയിൽ എന്റെ ഏഴാമത്തെ സിനിമയുടെ ആദ്യ ലുക്ക് പോസ്റ്റർ...ഹെലൻ, ഫിലിപ്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ നിങ്ങളുടെ മുന്നിലെത്തിയ, നോബിൾ തോമസ് ആണ് നായകൻ...ചിത്രീകരണം കഴിഞ്ഞ്, പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടക്കുന്നു...ആദ്യത്തെ ട്രെയ്‌ലർ, അടുത്ത മാസം റിലീസ്... പടം 25 സെപ്റ്റംബർ 25 ന്...സംവിധായകൻ എന്ന നിലയിൽ എന്റെ ഏഴാമത്തെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതാ...ഹെലൻ, ഫിലിപ്സ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ച നോബിൾ തോമസാണ് നായകൻ...ചിത്രീകരണം പൂർത്തിയാക്കി ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്...ചിത്രത്തിന്റെ ആദ്യ ഒഫീഷ്യൽ ട്രെയിലർ അടുത്ത മാസം പുറത്തിറങ്ങും...എല്ലാവരെയും തീയറ്ററുകളിൽ കാണാം, സെപ്റ്റംബർ 25, 25...’’ എന്നാണ് വിനീത് കുറിച്ചിരിക്കുന്നത്.
ആക്ഷന്‍ ത്രില്ലര്‍ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. ബൈക്ക് ഓടിച്ചുകൊണ്ടിരിക്കുന്ന നോബിള്‍ പിന്നിലേക്ക് തോക്ക് ചൂണ്ടുന്ന പോസ്റ്റര്‍ കൂടി പുറത്തുവന്നതോടെ വിനീത് ശ്രീനിവാസന്‍ ഫാന്‍സെല്ലാം ആവേശത്തിലാണ്. നേരത്തെ തിരയില്‍ മാത്രം വിനീത് ശ്രീനിവാസന്‍ പരീക്ഷിച്ചിട്ടുള്ള ഡാര്‍ക്ക് മോഡിലായിരിക്കും കരം എത്തുക എന്നാണ് കരുതുന്നത്. ലസെയര്‍ വര്‍ദുകഡ്‌സെ, നോബിള്‍ ബാബു തോമസ്, ഐരാക്ലി സബനാഡ്‌സേ എന്നിവര്‍ ചേര്‍ന്നാണ് സംഘട്ടനരംഗങ്ങളൊരുക്കുന്നത്.
2010ല്‍ മലർവാടി ആർട്സ് ക്ലബ് എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറിയ വിനീത് പിന്നീട് തട്ടത്തിൻ മറയത്ത്, തിര, ജേക്കബിന്റെ സ്വർഗരാജ്യം, ഹൃദയം, വർഷങ്ങള്‍ക്ക് ശേഷം എന്നീ സിനിമകളും സംവിധാനം ചെയ്തു. ഒരു വടക്കൻ സെല്‍ഫി എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കുകയും ചെയ്തിട്ടുണ്ട് വിനീത്. ഇതിനിടയില്‍ മികച്ച ഒരുപാട് സിനിമകളില്‍ അഭിനേതാവായും വിനീത് തിളങ്ങി.
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഏഴാമത്തെ ചിത്രമാണ് കരം. നായകനായ നോബിള്‍ ബാബു തോമസാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. സംവിധാനത്തിനൊപ്പം വിശാഖുമായി ചേര്‍ന്ന് നിര്‍മാണത്തിലും വിനീത് പങ്കാളിയാണ്. മെറിലാന്‍ഡ് സ്റ്റുഡിയോസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യവും വിനീത് ശ്രീനിവാസന്റെ ഹാബിറ്റ് ഓഫ് ലൈഫും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ‘ആനന്ദം’, ‘ഹെലന്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് വിനീത് വീണ്ടും നിര്‍മ്മാതാവിന്റെ കുപ്പായമണിയുന്നത്.
വിനീതിന്റെ ആദ്യസംവിധാനസംരംഭമായ ‘മലര്‍വാടി ആര്‍ട്സ് ക്ലബ്ബ്’ 15 വര്‍ഷം തികയ്ക്കുന്ന ദിവസമാണ് പുതിയ ചിത്രത്തിന്റെ അപ്ഡേറ്റ് പുറത്തുവിട്ടത്. ‘‘2010 ല്‍ മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് ഞാന്‍ സംവിധായകനാവുന്നത്. സിനിമ റിലീസായിട്ട് ഇന്നേക്ക് പതിനഞ്ചു വര്‍ഷം. ഒരുപാട് നല്ല ഓര്‍മകള്‍, മറക്കാനാവാത്ത അനുഭവങ്ങള്‍.. സംവിധായകന്‍ എന്ന നിലയില്‍ എന്റെ ഏറ്റവും പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്യുകയാണ്.. ഈ സിനിമ, എന്റെ പതിവു രീതികളില്‍ നിന്നും മാറി സഞ്ചരിക്കുന്ന ഒരു സിനിമയായിരിക്കും. ജോണര്‍ ത്രില്ലര്‍ ആണ്. കൂടുതല്‍ അപ്‌ഡേറ്റ്‌സ് പിന്നാലെ. സ്‌നേഹപൂര്‍വം, വിനീത്...’’ എന്നാണ് വിനീത് ആദ്യം പങ്കിട്ട പോസ്റ്റ്.
നിരവധി ആരാധകര്‍ പുതിയ സിനിമയ്ക്ക് ആശംസകളുമായി എത്തിയിരുന്നു. അതിനിടെ വിനീതിന്റെ സിനിമകളും ചെന്നൈയുമായിട്ടുള്ള ബന്ധവും പല ആരാധകരും കമന്റുകളിലൂടെ കുറിച്ചിരുന്നു. ‘ചെന്നൈ അധോലോകം ആയിരിക്കും...’ എന്ന കമന്റിന്, ‘പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്...’ എന്നായിരുന്നു വിനീത് നല്‍കിയ മറുപടി. ‘ചെന്നൈ ഇല്ലെന്ന് വിശ്വസിച്ചോട്ടെ’ എന്ന് ചോദിച്ചപ്പോള്‍ ‘ചെന്നൈ ഇല്ല, ഉറപ്പിക്കാം...’ എന്നും വിനീത് മറുപടി നല്‍കി.
.