-->
തിരുവനന്തപുരം: താല്‍ക്കാലിക വി.സിമാരെ നിയമിച്ച ഗവര്‍ണറുടെ നടപടി റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരേ അപ്പീല്‍ നല്‍കാന്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. വിധി വന്നതിന് പിന്നാലെ പാനല്‍ ഉണ്ടാക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും നിയമനം തള്ളിയ സാഹചര്യത്തില്‍ അപ്പീല്‍ വേണ്ടെന്നായിരുന്നു ആദ്യ തീരുമാനം.
ഗവര്‍ണര്‍ പിന്നീടാണ് നിയമോപദേശം തേടാന്‍ തീരുമാനിച്ചത്. കേരള ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളില്‍ സര്‍ക്കാര്‍ പാനലില്‍ നിന്നല്ലാതെ താല്‍ക്കാലിക വി.സിമാരെ നിയമിച്ച ഗവര്‍ണറുടെ നടപടി റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവച്ചിരുന്നു. ഗവര്‍ണറുടെ അപ്പീല്‍ തള്ളിക്കൊണ്ടാണു ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രന്‍, പി.വി. ബാലകൃഷ്ണന്‍ എന്നിവരുടെ ഉത്തരവ്.
ഇതിന് പിന്നാലെ അനുകൂല വിധി തേടി നാളെ സുപ്രീംകോടതിയെ സമീപിക്കാനാണ് ശ്രമം. തീരുമാനം വരുന്നത് വരെ സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളില്‍ വിസിമാരെ നിയമിക്കില്ല. താത്ക്കാലിക വിസി നിയമനം താത്ക്കാലിക സംവിധാനം മാത്രമാണെന്നും ഇതിന്റെ കാലയളവ് ആറ് മാസത്തില്‍ കൂടാന്‍ പാടില്ലെന്നും നേരത്തേ ഹൈക്കോടതി പറഞ്ഞിരുന്നു. സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാര്‍ക്ക് സുപ്രധാന പങ്കുണ്ടെന്നും വിസിമാര്‍ സര്‍വകലാശാലാ താത്പര്യം സംരക്ഷിക്കണമെന്നും ഹൈക്കോതി പറഞ്ഞിരുന്നു.
താത്ക്കാലിക വിസി നിയമനത്തില്‍ ചാന്‍സലര്‍ക്ക് മുന്നില്‍ മറ്റ് വഴികളില്ലെന്നും വിസി നിയമനം സര്‍ക്കാര്‍ ശുപാര്‍ശ അനുസരിച്ച് തന്നെ നടത്തണമെന്നും ഹൈക്കോടതി വ്യക്തമാക്കി. സര്‍ക്കാരിന്റെ ശുപാര്‍ശയില്ലാതെ നിയമനം നടത്തരുതെന്നാണ് 2022ലെ സിസ തോമസ് കേസിലെ വിധിയെന്നും ഹൈക്കോടതി ഗവര്‍ണ്ണറെ ഓര്‍മ്മിപ്പിച്ചു. സര്‍വകലാശാലാ കാര്യങ്ങളിലെ കാവല്‍ക്കാരനാണ് വിസി. ഈ സ്ഥാനം ഒഴിഞ്ഞുകിടക്കുന്നത് സര്‍വകലാശാലാ താത്പര്യമല്ലെന്നും ഹൈക്കോടതിയുടെ വിധിയില്‍ പറഞ്ഞിരുന്നു.
ഇരു സര്‍വകലാശാലകളിലും പുതിയ വൈസ് ചാന്‍സലറെ കണ്ടെത്താന്‍ സര്‍ക്കാര്‍ പാനല്‍ നല്‍കിയെങ്കിലും അന്നത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ഡോ. ശിവപ്രസാദിനെയും ഡോ. സിസ തോമസിനെയും നിയമിക്കുകയായിരുന്നു. സര്‍ക്കാര്‍ നല്‍കിയ പാനലിനു പുറത്തുനിന്നായിരുന്നു ചാന്‍സലറുടെ താല്‍ക്കാലിക വി.സി. നിയമനമെന്നും 2023 ഫെബ്രുവരിയില്‍ ഡോ. സിസ തോമസ് കേസില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച വിധി മറികടക്കുന്നതാണ് ചാന്‍സലറുടെ നടപടിയെന്നും സര്‍ക്കാര്‍ വാദിച്ചു.
ഇത് അംഗീകരിച്ചുകൊണ്ടായിരുന്നു അന്നു ജസ്റ്റിസ് പി.ഗോപിനാഥ് ഉത്തരവിട്ടത്. ഈ ഉത്തരവിനെതിരേ നിലവിലെ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറാണ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. യു.ജി.സി. ചട്ടപ്രകാരം ചാന്‍സലര്‍ക്കാണ് വി.സിമാരുടെ നിയമനാധികാരമെന്നും യു.ജി.സി. ചട്ടങ്ങളിലെ വ്യവസ്ഥകള്‍ സംബന്ധിച്ച് തര്‍ക്കത്തിനു വ്യക്തത വരുത്തേണ്ടതു യു.ജി.സിയാണെന്നുമായിരുന്നു ഗവര്‍ണറുടെ വാദം. എന്നാല്‍, സര്‍ക്കാരിന്റെ ശിപാര്‍ശ പരിഗണിച്ചുമാത്രമേ പുതിയ നിയമനം നടത്താവൂ എന്ന സിംഗിള്‍ ബെഞ്ചിന്റെ വിധി ഡിവിഷന്‍ ബെഞ്ച് ശരിവച്ചു.
താല്‍ക്കാലിക വി.സിയാണെങ്കിലും യു.ജി.സി. ചട്ടങ്ങള്‍ക്ക് അനുസൃതമായ മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണം. സ്ഥിരം വി.സി. നിയമനത്തിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും ക്രിയാത്മകമായി ഇടപെടാനും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.