Friday, March 13, 2026 Last Updated 12 Min 7 Sec ago English Edition
Todays E paper
Ads by Google
Wednesday 09 Jul 2025 04.36 PM

‘‘കോണ്‍ഗ്രസ്സില്‍ പ്രതിഭാധനരായ ഒരുപാട് നേതാക്കളുണ്ട്; പക്ഷേ നിര്‍ണായക സമയത്ത് ഈഗോ വര്‍ക്ക് ഔട്ട് ചെയ്ത് തല്ലുപിടിക്കും, അതാണ് പ്രശ്‌നം....’’ ധര്‍മ്മജന്‍ ബോള്‍ഗാട്ടി

സിനിമാനടന്‍ എന്നതിലുപരി ഒരു തികഞ്ഞ ​കോണ്‍ഗ്രസ് അനുഭാവി കൂടിയാണ് ധര്‍മ്മജന്‍ ​ബോള്‍ഗാട്ടി. ഇപ്പോഴിതാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രശ്നം ഈഗോയും സമയത്തുള്ള തല്ലുപിടിയാണെന്നും പറയുകയാണ് താരം.
Dharmajan Bolgatty
Dharmajan Bolgatty about congress party (Image Source: Youtube)

വേദികളില്‍ അവതരിപ്പിക്കുന്ന കോമഡി സ്കിറ്റുകളിലൂടെയും ബിഗ് സ്ക്രീനിലെ ഒരിക്കലും മറക്കാത്ത നര്‍മ്മരംഗങ്ങളിലൂടെയും പ്രേക്ഷകമനസ്സ് കീഴടക്കിയ താരമാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി. സിനിമകളിലൂടെ മാത്രമല്ല തുറന്നു പറച്ചിലുകളിലൂടെയും മുഖം നോക്കാതെ നിലപാടുകള്‍ വ്യക്തമാക്കുന്നതിലൂടെയും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിട്ടുണ്ട് താരം. താന്‍ കോണ്‍ഗ്രസ്സുകാരനാണെന്ന് താരം തുറന്നു പറഞ്ഞിട്ടുണ്ട്.
ഇടയ്ക്ക് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച താരം 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബാലുശ്ശേരി നിയോജകമണ്ഡലത്തിൽ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിനെ പ്രതിനിധീകരിച്ച് മത്സരിച്ചിരുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ താരം പരാജയപ്പെട്ടു. എങ്കിലും താനിപ്പോഴും ഒരു കോണ്‍ഗ്രസ് അനുഭാവിയാണെന്ന് തുറന്നു പറയാറുണ്ട് താരം.
ഇപ്പോഴിതാ കോണ്‍ഗ്രസ് പാര്‍ട്ടിയെക്കുറിച്ചുള്ള തന്റെ നിലപാട് തുറന്നു പറയുകയാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി. സമയത്ത് തമ്മിലടിക്കുന്നതാണ് കോണ്‍ഗ്രസിന്റെ പ്രശ്‌നമെന്നാണ് താരം പറയുന്നത്.
‘‘സമയത്ത് തമ്മിലടിക്കുന്നത്‌ സംഘടനയെ ബാധിക്കും. ആ ഒരു കാര്യത്തില്‍ കോണ്‍ഗ്രസ് ഇപ്പോഴും പ്രശ്‌നമാണ്. നിര്‍ണായക സമയത്ത് ആരെങ്കിലും ഈഗോ വര്‍ക്ക് ഔട്ട് ചെയ്തുകൊണ്ടുവരും. നിരവധി പ്രതിഭാധനര്‍ കോണ്‍ഗ്രസിലുണ്ട്. ആരെ വേണമെങ്കിലും മുഖ്യമന്ത്രിയാക്കാന്‍ പറ്റിയ പാര്‍ട്ടിയാണ്. അത്രയും നല്ല നേതാക്കളുണ്ട്. സമയത്ത് തല്ലുപിടിക്കുന്നതാണ് പ്രശ്‌നം. വേറെ കുഴപ്പമൊന്നും കോണ്‍ഗ്രസിനില്ല.
എറണാകുളത്ത് മത്സരിക്കാന്‍ അവസരം കിട്ടിയതായിരുന്നു. അത് എങ്ങനെയോ പോയി ബാലുശേരിയിലെത്തിയതാണ്. വര്‍ഷങ്ങളായി ഇടതുപക്ഷം അമ്മാനമാടുന്ന മണ്ഡലമാണ്. അവിടെ ചെന്ന് ജയിക്കുക ദുഷ്‌കരമാണ്. വെറുതെ ഒന്ന് പേടിപ്പിച്ചിട്ട് വന്നു. അത്രയേ ഉള്ളൂ.
കെ. കരുണാകരനും ഉമ്മന്‍ചാണ്ടിയുമൊക്കെ ഇഷ്ടപ്പെട്ട നേതാക്കളാണ്. അവരെയൊക്കെ ആരാധനയോടെയാണ് കാണുന്നത്. കെ. മുരളീധരന്‍, രമേശ് ചെന്നിത്തല, യുവതലമുറയിലെ ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത് അങ്ങനെ കുറേ പേരുമായി സൗഹൃദമുണ്ട്. ഞാന്‍ ഇലക്ഷനില്‍ നിന്ന സമയത്താണ് രമേശ് പിഷാരടി വരുന്നത്. ഞാന്‍ തട്ടുതട്ടായിട്ട് കോണ്‍ഗ്രസിലുള്ളതാണ്. സ്‌കൂള്‍ കാലം മുതലുണ്ട്. അടുത്തകാലത്താണ് പിഷാരടി വരുന്നത്. പക്ഷേ, പുള്ളി കളം പിടിച്ചു. പരിപാടികളൊക്കെ അദ്ദേഹത്തിനറിയാം. എല്ലാവര്‍ക്കും ഇഷ്ടമാണ്. അവനോട് പ്രത്യേക താല്‍പര്യവുമുണ്ട്...
വേഷം കുറയുന്നതിന്റെ കാരണം വിലയിരുത്തി നോക്കിയിട്ട് കാര്യമില്ല. ഒരു ഓട്ടത്തിന് കിതപ്പ് ഉണ്ടാകുമെന്ന് പറയുന്നതുപോലെയാണ്. പുതിയ ആള്‍ക്കാര്‍ വരുമ്പോള്‍ വേറെ ജോണറിലുള്ള സിനിമകളാണ് വരുന്നത്. പുതിയ പിള്ളേര് ഇഷ്ടം പോലെ സിനിമയില്‍ വന്ന് ക്ലിക്കായി. സിനിമകള്‍ പുതിയ ജോണറിലായതുകൊണ്ട് കുറഞ്ഞെന്നേയുള്ളൂ. എന്നാലും നമ്മളെ ഒഴിവാക്കിയിട്ടൊന്നുമില്ല. നാലഞ്ച് പടങ്ങള്‍ ഇറങ്ങാനുണ്ട്.
ആരോടും ചാന്‍സ് ചോദിക്കാറില്ല. ആകെ ചാന്‍സ് ചോദിച്ചത് സത്യന്‍ അന്തിക്കാട് സാറിനോട് മാത്രമാണ്. അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ത്രൂഔട്ട് വേഷം തന്നു. പുതിയ തീരങ്ങള്‍ എന്ന സിനിമയായിരുന്നു അത്. സിനിമയിലെ സൗഹൃദങ്ങളില്‍ ആത്മാര്‍ത്ഥയുള്ളതും ഇല്ലാത്തതുമുണ്ട്...’’ ധര്‍മ്മജന്‍ ബോള്‍ഗാട്ടി പറഞ്ഞു.

Ads by Google
Wednesday 09 Jul 2025 04.36 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW