-->
സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുന്ന ചില വീഡിയോകള്‍ രസകരവും അതേ സമയം കൗതുകകരവുമാണ്. ചിലപ്പോള്‍ ചില വീഡിയോകള്‍ കണ്ട് ‘ഇവരെന്താ ഇങ്ങനെ’ എന്ന് പോലും തോന്നിപ്പോകാറുണ്ട്. കടയിലെ ജീവനക്കാര്‍ കസ്റ്റമേഴ്സിനോട് വളരെ നല്ല രീതിയില്‍ പെരുമാറിയാലും ചിലരത് വെറുതെ വഴക്കില്‍ കൊണ്ടെത്തിക്കാറുണ്ട്. അത്തരത്തിലുള്ള ചില വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെടാറുണ്ട്.
ഇപ്പോഴിതാ അത്തരത്തില്‍ ഭാര്യയെ സുന്ദരിയെന്ന് വിളിച്ച ഫാസ്റ്റ്ഫുഡ് ജോലിക്കാരനോട് കയർത്ത് സംസാരിക്കുന്ന ഒരു യുവാവിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നത്. സംഭവം നടന്നത് അമേരിക്കയിലെ കന്‍സാസ് സിറ്റിയിലാണ്. പോപ്പെയ്സില്‍ ചെയ്യുന്ന ഒരു ജീവനക്കാരനാണ് ഇവിടെ എത്തിയ കസ്റ്റമറുടെ ഭാര്യയോട് ‘സുന്ദരിയാണ്’ എന്ന് പറഞ്ഞത്. എന്നാല്‍, യുവതിയുടെ ഭർത്താവിന് ഇത് ഇഷ്ടപ്പെടുന്നില്ല. ഇതോടെ അയാള്‍ ജീവനക്കാരനോട് ദേഷ്യപ്പെടുന്നതാണ് വീഡിയോയില്‍ കാണുന്നത്.
തന്റെ ഭാര്യയെ സുന്ദരി എന്ന് വിളിച്ചതിന് ഒരു വിശദീകരണം തരണം എന്നും ഇയാള്‍ പറയുന്നത് കേള്‍ക്കാം. എന്നാല്‍, ജീവനക്കാർ സോറി പറയുന്നുണ്ട്. ‘എന്തിനാണ് നിങ്ങള്‍ അങ്ങനെ പറഞ്ഞത്’ എന്നാണ് യുവാവ് ആദ്യം ചോദിചക്കുന്നത്. ‘ഇതിന് നിങ്ങള്‍ വിശദീകരണം തരണം, ഇത് ഇന്ത്യയല്ല...’ എന്നും യുവാവ് ജീവനക്കാരനോട് പറയുന്നത് കേള്‍ക്കാം. വളരെ ശാന്തമായിട്ടാണ് ജീവനക്കാരന്‍ ഇതെല്ലാം കേള്‍ക്കുന്നത്. താന്‍ പറഞ്ഞതിന് അയാള്‍ സോറിയും പറയുന്നുണ്ട്. ജീവനക്കാരന്‍ എന്തിന് ഇങ്ങനെ പെരുമാറിയെന്ന് ചോദ്യം ഉപഭോക്താവ് ചോദിച്ചു കൊണ്ടിരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. അത്രയും രൂക്ഷമായിട്ടാണ് യുവാവ് പെരുമാറുന്നത്. ലളിതവും മാന്യവുമായ ഒരു പരാമര്‍ശം പെട്ടെന്ന് ചൂടേറിയ ഒരു വാഗ്വാദമായി മാറുകയും രംഗം വഷളാകുകയും ചെയ്തത് കണ്ട് അമ്പരക്കുകയാണ് കാഴ്ച്ചക്കാര്‍.
ബിടൗണ്‍വയര്‍ എന്ന യൂസറാണ് വീഡിയോ ഇൻസ്റ്റഗ്രാമില്‍ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോ വൈറലായതോടെ യുവാവിനെ അനുകൂലിച്ചും പ്രതികൂലിച്ചും വൻ ചർച്ചയും നടക്കുന്നുണ്ട്.
ചിലർ പറഞ്ഞത് ആ ജീവനക്കാരൻ ഒരു കോംപ്ലിമെന്റ് പറഞ്ഞതല്ലേ, നിങ്ങള്‍ സുന്ദരിയാണ് എന്ന് പറയുന്നതില്‍ എന്താണ് പ്രശ്നം. അതിന് ഇത്ര അധികം ദേഷ്യപ്പെടേണ്ട ഒരു കാര്യവും ഇല്ലായിരുന്നു എന്നാണ്. ആ ഭർത്താവ് മദ്യപിച്ചിരിക്കാം അല്ലെങ്കിൽ അമിതമായി അരക്ഷിതാവസ്ഥയിലായിരിക്കാം, ഭാര്യ സുന്ദരിയാണെന്ന് ആരെങ്കിലും പറയുന്നത് യുവാവിന് സഹിക്കാൻ കഴിഞ്ഞില്ല എന്നതടക്കമാണ് കമന്റുകള്‍. ജീവനക്കാരൻ അങ്ങനെ പറയരുതായിരുന്നു എന്നും ചിലരെല്ലാം അഭിപ്രായപ്പെട്ടു. എന്നാല്‍ യുവാവ് ‘ഇത് ഇന്ത്യയല്ല’ എന്ന് പറഞ്ഞതാണ് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. എന്തിനാണ് യുവാവ് അത് പറഞ്ഞത് എന്നായിരുന്നു ചിലരുടെ സംശയം. സ്റ്റേറ്റ്സില്‍ കോംപ്ലിമെന്റ് പറയുന്നത് ഒരു തെറ്റല്ല, അങ്ങനെ ചെയ്യുന്നതില്‍ ഒരു പ്രശ്നവും ഇല്ല എന്ന് അവിടെയുള്ളവർ തന്നെ കമന്റ് നല്‍കിയിരിക്കുന്നതും കാണാം.