Saturday, March 14, 2026 Last Updated 2 Min 12 Sec ago English Edition
Todays E paper
Ads by Google
Friday 04 Jul 2025 12.39 PM

കെബിസിയ്ക്കൊപ്പമുള്ള യാത്ര സില്‍വര്‍ ജൂബിലി തിളക്കത്തില്‍; നൊസ്റ്റാള്‍ജിക് പോസ്റ്റുമായി അമിതാഭ് ബച്ചന്‍; പുതിയ സീസണിന്റെ തയ്യാറെടുപ്പിലെന്ന് താരം

കെ ബി സി എന്ന് കേൾക്കുമ്പോഴേ പ്രേക്ഷകരുടെ മനസ്സിലേക്ക് വരുന്ന പേര് അമിതാഭ് ബച്ചന്റെയാണ്. ഇപ്പോഴിതാ തന്റെ കെ ബി സി യാത്ര 25 വർഷം പൂർത്തിയാക്കിയ സന്തോഷം പങ്കിടുകയാണ് താരം.
Amitabh Bachchan, Big B's KBC journey completes 25 years
Amitabh Bachchan shares journey of 25 years of KBC (image source: Instagram)

ഘനഗാംഭീര്യ ശബ്ദത്തോടെ ​‘കോന്‍ ബനേഗ ക്രോര്‍പതി’യെന്ന് ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന്‍ പറയുന്നത് ഇന്നും മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഒരു ആവേശമാണ്. അത്രത്തോളം ഹൃദയം കവര്‍ന്ന, ജനസമ്മതി നേടിയ മറ്റൊരു റിയാലിറ്റി ഗെയിം ഷോ ടെലിവിഷന്‍ സ്ക്രീനിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിട്ടുണ്ടോ എന്നു പോലും സംശയമാണ്.
കോൻ ബനേഗ ക്രോർപതി എന്ന റിയാലിറ്റി ഗെയിം ഷോയുമായി എന്നും ചേര്‍ത്തു വായിക്കുന്ന പേര് ബിഗ് ബിയുടേതാണ്. തന്റെ ഐക്കണിക് സിനിമാ വേഷങ്ങളിലൂടെ മാത്രമല്ല കെബിസിയുമായുള്ള ദീർഘകാല ബന്ധത്തിലൂടെയും അമിതാഭ് ബച്ചന്‍ ജനമനസ്സ് കീഴടക്കിയിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ ടെലിവിഷൻ യാത്രയിലെ ഒരു നാഴികക്കല്ലായ നിമിഷത്തെക്കുറിച്ച് കുറിപ്പ് പങ്കിടുകയാണ് ബിഗ് ബി. കെബിസിയുടെ ഏറ്റവും പുതിയ സീസണിനായി തയ്യാറെടുക്കുന്നതിനിടെയാണ്, ഇൻസ്റ്റാഗ്രാമിൽ അമിതാഭ് ഒരു നൊസ്റ്റാള്‍ജിക് പോസ്റ്റ് പങ്കിട്ടത്. 2000 ൽ ഇതേ ദിവസമാണ്, ജൂലൈ 3 ന്, ഷോയുടെ ആദ്യ എപ്പിസോഡ് സംപ്രേഷണം ചെയ്തതെന്ന് താരം കുറിച്ചു.
‘‘ഇന്ന് 2025 ജൂലൈ 3, ഈ വർഷത്തെ കെബിസി സീസണിനുള്ള തയ്യാറെടുപ്പിൽ ഞാൻ പ്രവർത്തിക്കുമ്പോൾ, കെബിസി ടീം എന്നോട് പറഞ്ഞു- 2000 ജൂലൈ 3, കെബിസിയുടെ ആദ്യ സംപ്രേക്ഷണം നടന്നുവെന്ന്...25 വർഷം, കെബിസിയുടെ ജീവിതം...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് അമിതാഭ് ബച്ചന്‍ ഈ സന്തോഷം പങ്കിട്ടിരിക്കുന്നത്. തന്റെയൊരു ചിത്രവും അതിനുള്ളില്‍ ഒരാള്‍ പിന്തിരിഞ്ഞു നടക്കുന്നതുമായ എഐ ഇമേജാണ് താരം പോസ്റ്റിനൊപ്പം പങ്കിട്ടിരിക്കുന്നത്.
താരത്തിന്റെ പോസ്റ്റിനു താഴെ മകള്‍ ശ്വേത ബച്ചന്‍, ‘അവിശ്വസനീയം പപ്പാ, നിങ്ങളെ സ്നേഹിക്കുന്നു..’ എന്ന കമന്റും നല്‍കിയിട്ടുണ്ട്. രണ്‍വീര്‍ സിംഗടക്കം പല താരങ്ങളും സില്‍വര്‍ ജൂബിലി തികച്ച ഈ യാത്രയ്ക്ക് ആശംസകളും നേര്‍ന്നിട്ടുണ്ട്.
കോൻ ബനേഗ ക്രോർപതിയുടെ മൂന്നാം സീസൺ ഒഴികെ ബാക്കി മുഴുവൻ സീസണും അമിതാഭ് ബച്ചൻ അവതാരകനായിരുന്നു, എന്നാൽ മൂന്നാം സീസൺ താരം നിരസിച്ചതോടെ ഷാരൂഖ് ഖാൻ പകരം വന്നിരുന്നു.

പതിറ്റാണ്ടുകളായി ക്വിസ് അധിഷ്ഠിത റിയാലിറ്റി ഷോയുടെ പര്യായമായി മാറിയ ബിഗ് ബി, വരാനിരിക്കുന്ന സീസണിലെ പ്രമോഷണൽ വീഡിയോകളിലും പോസ്റ്ററുകളിലും ഇതിനകം തന്നെ ഇടം നേടിയിട്ടുണ്ട്. പ്രൊമോകളുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നും ഈ മാസം അവസാനം ഷോയുടെ പൂർണ്ണ തോതിലുള്ള നിർമ്മാണം ആരംഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. സീസൺ 17 ഓഗസ്റ്റ് ആദ്യ വാരത്തിൽ പ്രദർശിപ്പിക്കും.

Ads by Google
Friday 04 Jul 2025 12.39 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW