Friday, March 13, 2026 Last Updated 50 Min 15 Sec ago English Edition
Todays E paper
Ads by Google
Thursday 03 Jul 2025 10.36 AM

സ്ഥിരം ഡ്രൈവര്‍ പതിവ് യാത്രക്കാരിയെ വിവാഹം കഴിച്ചു ; അതിഥികള്‍ സ്ഥിരം യാത്രക്കാരായ 150 പേര്‍ ; ഒരു കെ.എസ്.ആര്‍.ടി.സി കല്യാണം...!

uploads/news/2025/07/789233/KSRTC-wedding.jpg

കണ്ണൂര്‍: ഡെസ്റ്റിനേഷന്‍ വിവാഹങ്ങളുടെ കാലത്ത് കണ്ണൂരില്‍ കെ.എസ്.ആര്‍.ടി.സി പശ്ചാത്തലമായ ഒരു കല്യാണക്കഥ കൗതുകമാകുന്നു. കെ.എസ്.ആര്‍.ടി.സി. പതിവ് വാഹനത്തിലെ ഡ്രൈവറും പതിവ് യാത്രക്കാരിയും തമ്മിലുള്ള പരിചയം വിവാഹത്തിലെത്തിയപ്പോള്‍ ചടങ്ങിന് സാക്ഷികളായത് കെ.എസ്.ആര്‍.ടി.സി. യിലെ പതിവ് യാത്രക്കാരായ 150 പേര്‍. കണ്ണൂരിലെ ശ്രീകണ്ഠാപുരത്ത് നിന്നുമാണ് ഈ വാര്‍ത്ത.

കാസര്‍ഗോഡ് - മംഗലാപുരം ഓടുന്ന കെ.എസ്.ആര്‍.ടി.സി ബസിലെ ഡ്രൈവര്‍ സിനുവും ബസിലെ സ്ഥിരയാത്രക്കാരിയായ അദ്ധ്യാപിക സുനന്ദയും തമ്മിലുള്ള വിവാഹമാണ് വ്യത്യസ്തമായ കല്യാണക്കഥയായി മാറിയത്. വധുവും വരനും വിവാഹം കഴിച്ച് യാത്ര ചെയ്തതും ഇവര്‍ പതിവായി യാത്ര ചെയ്യുന്ന ബസില്‍ തന്നെയാണ്. വരനായിരുന്നു വിവാഹചടങ്ങിനും ബസ് ഓടിച്ചത്.

കണ്ണൂര്‍ ശ്രീകണ്ഠപുരം അടുക്കം സ്വദേശി സിനു 10 വര്‍ഷമായി ഈ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറാണ്. ഇതില്‍ സ്ഥിരമായി യാത്ര ചെയ്യുന്ന 150 ലധികം പേരുണ്ട്. കാസര്‍കോട് കളക്ടറേറ്റിലെ ജീവനക്കാരാണ് ഈ കെഎസ്ആര്‍ടിസി ബസ്സിലെ സ്ഥിരം യാത്രക്കാരില്‍ കൂടുതലും. ഇവര്‍ ഒരു കുടുംബംപോലെ ബന്ധം നിലനിര്‍ത്തുകയും വാട്‌സാപ്പ് ഗ്രൂപ്പിലെ അംഗങ്ങളുമാണ്. ഇടക്കാലത്ത് ബസില്‍ കയറിയ അദ്ധ്യപികയും പിന്നീട് സ്ഥിരയാത്രക്കാരിയായി മാറിയതോടെ ഇവരുടെ ജീവിതത്തിനും ഡബിള്‍ബെല്ലായി.

സിനുവും സുനന്ദയും തമ്മിലുള്ള സൗഹൃദം വിവാഹത്തില്‍ എത്തിയതോടെ ഏറ്റവും സന്തോഷം ബസിലെ യാത്രക്കാര്‍ക്കാണ്. വിവാഹത്തിന് പോകാന്‍ ഇതേ കെഎസ്ആര്‍ടിസി ബസ് തന്നെ ഡിപ്പോയില്‍ അപേക്ഷിച്ച് അനുമതി വാങ്ങുകയും ചെയ്തു. വാര്‍ത്ത കണ്ട് ഇപ്പോള്‍ വധൂവരന്മാര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ ആശംസ അര്‍പ്പിക്കുന്നവരുടെ കൂട്ടത്തില്‍ ഗതാഗതമന്ത്രി ഗണേശ് കുമാറും ഉണ്ടായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW