-->
തന്നെ രക്ഷിക്കുന്നയാളിനോട് മനുഷ്യര്‍ക്കുള്ളതു പോലെ സ്നേഹവും കടപ്പാടും മൃഗങ്ങള്‍ക്കുമുണ്ടാകും. ഒരുപക്ഷേ മനുഷ്യരേക്കാള്‍ അതുള്ളില്‍ കൊണ്ടു നടക്കുന്നതും പ്രകടിപ്പിക്കുന്നതും മൃഗങ്ങളാകാം. അവരത് എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലും ഉള്ളില്‍ സൂക്ഷിക്കുമെന്നത് പല വീഡിയോകളിലൂടെയും മനസ്സിലായിട്ടുമുണ്ട്.
ഇപ്പോഴിതാ അത്തരത്തില്‍ തന്നെ വര്‍ഷങ്ങള്‍ക്ക് മുമ്പ് രക്ഷപ്പെടുത്തിയയാളെ പിന്നീട് കണ്ടപ്പോള്‍ ഓടിയെത്തി കെട്ടിപ്പിടിക്കുന്ന ചിമ്പാന്‍സിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വീഡിയോ ആരംഭിക്കുന്നത് ഇരുകൈകളിലും പഴങ്ങളുമായി ഒരാള്‍ മുട്ടോളം വെള്ളത്തിലിറങ്ങുന്നതോടെയാണ്. ഇതേസമയം മറുകരയില്‍ ഇരുകൈകളും തലയ്ക്ക് പിന്നില്‍ പിണച്ച് വച്ച് ഒരു ചിമ്പാസിയും വെളളത്തിലൂടെ നടന്നു വരുന്നത് കാണാം. യുവാവിന്റെ അടുത്തെത്തുന്ന ചിമ്പാന്‍സി അയാളെ കെട്ടിപ്പിടിക്കുന്നുണ്ട്. ഒപ്പം മുഖത്തു നോക്കി ചിരിക്കുന്നുമുണ്ട്.
ഒരു തവണയല്ല രണ്ടോമൂന്നോ തവണ യുവാവിനെ കെട്ടിപ്പിടിക്കുന്ന ചിമ്പാന്‍സി ഏറ്റവും ഒടുവില്‍ യുവാവിന്റെ കൈയിലിരുന്ന പഴം വാങ്ങി മറുകരയ്ക്ക് നടന്ന് നീങ്ങുകയും ചെയ്യുന്നു. യുവാവിനെ കാണുമ്പോള്‍ മുതല്‍ സന്തോഷം പ്രകടിപ്പിക്കുന്ന ചിമ്പാന്‍സി അവസാനം യുവാവിന് കൈ നല്‍കിയാണ് പിരിയുന്നത്. ചിമ്പാന്‍സിയും യുവാവും തമ്മിലുള്ള ഊഷ്മളമായ സ്നേഹ പ്രകടനം മറുകരയില്‍ നിന്നും ഒരു കൂട്ടം ചിമ്പാന്‍സികള്‍ നോക്കി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.
നേച്ചർ ഈസ് അമേസിംഗ് എന്ന എക്സ് പേജില്‍ പങ്കിട്ട ഈ വീഡിയോ, ‘‘വർഷങ്ങള്‍ക്ക് മുമ്പ് തന്നെ രക്ഷപ്പെടുത്തിയ കെയർടേക്കറെ കണ്ടപ്പോഴുള്ള ചിമ്പിന്റെ ഹൃദയംഗമമായ പ്രതികരണം...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് പങ്കിട്ടിരിക്കുന്നത്.
പങ്കിട്ട് നിമിഷങ്ങള്‍ക്കകം വൈറലായ വീഡിയോ ഇതിനകം മൂന്ന് ലക്ഷത്തിലധികം പേര്‍ കണ്ടു. നിരവധി പേര്‍ തങ്ങളുടെ സന്തോഷം കമന്റുകളിലൂടെ കുറിക്കുന്നുമുണ്ട്. മനുഷ്യ മൃഗ സംഷർഷം വര്‍ദ്ധിച്ചിരിക്കുന്ന കാലത്ത് വ്യത്യസ്തമായൊരു കാഴ്ച നിരവധി പേരെ ആകര്‍ഷിച്ചു.
‘അയാള്‍ ഒരു മടിയും കൂടാതെ പുഞ്ചിരിച്ചുകൊണ്ട് അവനെ കെട്ടിപ്പിടിച്ച രീതി...അതാണ് യഥാർത്ഥ സ്നേഹം, മൃഗങ്ങള്‍ ഒരിക്കലും സഹായം മറക്കില്ല എന്നതിന്റെ തെളിവാണ് ഈ വീഡിയോ, ആ ആലിംഗനം ആയിരം വാക്കുകള്‍ സംസാരിക്കുന്നു...’ എന്നതടക്കമാണ് കമന്റുകള്‍.
Chimp’s heartfelt reaction on seeing the caretaker who rescued him years ago pic.twitter.com/M4uwWofwdu— Nature is Amazing ☘️ (@AMAZlNGNATURE) June 29, 2025