Friday, March 13, 2026 Last Updated 33 Min 7 Sec ago English Edition
Todays E paper
Ads by Google
സുനില്‍ ജെ. സണ്ണി
Saturday 28 Jun 2025 11.00 AM

നിലമ്പൂര്‍ ജയത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ 'ക്യാപ്റ്റന്‍-മേജര്‍' പോര് ; തന്നെയാരും ഇങ്ങിനെ വിളിച്ചിട്ടില്ലെന്ന് ചെന്നിത്തല

uploads/news/2025/06/788391/congrass-full.gif

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ കോണ്‍ഗ്രസില്‍ 'ക്യാപ്റ്റന്‍-മേജര്‍' പോര്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനു നേതൃത്വം നല്‍കിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ മാധ്യമങ്ങള്‍ 'ക്യാപ്റ്റന്‍' എന്നു വിശേഷിപ്പിച്ചതില്‍ അതൃപ്തി പ്രകടിപ്പിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി.

താന്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോഴുണ്ടായ ഉപതെരഞ്ഞെടുപ്പ് വിജയങ്ങളുടെ പേരില്‍ തന്നെയാരും ക്യാപ്റ്റനെന്ന് വിശേഷിപ്പിച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ നേതാവിന് വിജയത്തില്‍ മുഖ്യപങ്കുണ്ട്. പക്ഷേ, പ്രിയങ്ക ഗാന്ധിയുടെ പ്രചാരണവും ലീഗ് അടക്കമുള്ള ഘടകകക്ഷികളുടെ പ്രവര്‍ത്തനവുമാണ് വിജയത്തില്‍ പ്രധാന കാരണങ്ങളെന്നു ചെന്നിത്തല ചൂണ്ടിക്കാട്ടി. എന്നാല്‍, താന്‍ ക്യാപ്റ്റനെങ്കില്‍ രമേശ് ചെന്നിത്തല മേജറാണ് എന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ മറുപടി.

നിലമ്പൂരിലെ ക്രെഡിറ്റ് തര്‍ക്കത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കടുത്ത അതൃപ്തിയിലാണ്. ഇത് വിജയത്തിളക്കം കെടുത്തുന്ന അനാവശ്യ തര്‍ക്കമാണെന്നാണ് മറ്റു നേതാക്കളുടെ അഭിപ്രായം. തര്‍ക്കം മാറ്റി വച്ച് വരാന്‍ പോകുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മുന്നൊരുക്കങ്ങളുമായി പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്നാണ് രാഷ്ട്രീയകാര്യസമിതി അംഗങ്ങളുടെ പൊതുവികാരം. തുടര്‍ ജയങ്ങള്‍ക്ക് പാര്‍ട്ടി ഒരു ടീമായി നീങ്ങണമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. അതിനിടെ, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി കഴിഞ്ഞ ദിവസം നേതാക്കളുമായി ചര്‍ച്ച നടത്തി. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, കെ.പി.സി.സി. അധ്യക്ഷന്‍ സണ്ണി ജോസഫ്, മുന്‍പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവരുമായിട്ടാണ് ദീപാ ദാസ് മുന്‍ഷി ചര്‍ച്ച നടത്തിയത്.

അതേസമയം, കോണ്‍ഗ്രസിലെ ക്യാപ്റ്റന്‍ വിവാദത്തില്‍ പാര്‍ട്ടി നേതൃത്വം പക്വത കാണിക്കണമെന്ന് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് തുടര്‍ച്ചയായി ഉപതെരഞ്ഞെടുപ്പുകളില്‍ വിജയിക്കുന്നത് വി.ഡി. സതീശന്റെ മിടുക്കാണെന്ന് ഒരു വിഭാഗം പ്രചരിപ്പിക്കുന്നതാണ് എതിര്‍ വിഭാത്തെ ചൊടിപ്പിക്കുന്നത്. പാര്‍ട്ടിക്കുള്ളിലും പുറത്തും 'മുക്കാല്‍ പിണറായി'യാണ് വി.ഡി. സതീശന്‍ എന്ന ആരോപണം ആദ്യം ഉന്നയിച്ചത് പി.വി. അന്‍വറാണ്. എന്നാല്‍ ഈ ട്രോളിനോട് കെ. സുധാകരന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പൂര്‍ണമായി യോജിക്കുകയാണ് ഉണ്ടായത്. ലീഡര്‍ കെ. കരുണാകരന്റെ കാലത്ത് പോലും ഏക കേന്ദ്രീകൃത നേതൃത്വത്തിലേക്ക് കോണ്‍ഗ്രസ് പോയിട്ടില്ല. കരുണാകരന് സമാന്തരമായി എ.കെ. ആന്റണിയും ഉമ്മന്‍ ചാണ്ടിയുമൊക്കെ അന്നുണ്ടായിരുന്നു. പിന്നീട് ഉമ്മന്‍ ചാണ്ടി യുഗത്തില്‍ അതിശക്തമായ എതിര്‍സാന്നിധ്യമായി രമേശ് ചെന്നിത്തലയുണ്ടായിരുന്നു.

കെ. സുധാകരനെന്ന അതികായകനായ നേതാവിനെ ഹൈക്കമാന്‍ഡില്‍ സ്വാധീനം ചെലുത്തി മൂലയ്ക്കിരുത്തിയത് വി.ഡി. സതീശനാണെന്നാണ് സുധാകരന്‍ അനുകൂലികള്‍ പറയുന്നത്. സി.പി.എമ്മില്‍ മുഖ്യമന്ത്രി പിണറായി വിജയനുള്ള വ്യക്തിപ്രഭാവം കോണ്‍ഗ്രസില്‍ സ്വയം അവകാശപ്പെടുകയാണ് പ്രതിപക്ഷ നേതാവ് എന്നാണ് ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്. ഇതോടെ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വിജയത്തോടെ കോണ്‍ഗ്രസില്‍ തര്‍ക്കങ്ങള്‍ കൂടുതല്‍ രൂക്ഷമാവുകയാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW