-->
ദോഹ: ഖത്തറിലെ അല്‍ ഉദൈദ് വ്യോമതാവളത്തെ ലക്ഷ്യമിട്ട് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങളില്‍ ചൊവ്വാഴ്ച ദോഹയില്‍ നടന്ന അറബ് രാജ്യങ്ങളുടെ സഹകരണ കൗണ്‍സിലിന്റെ (ജിസിസി) മന്ത്രിതല 49-ാമത് അസാധാരണ യോഗം ശക്തമായി അപലപിച്ചു.ഖത്തറിന്റെ പരമാധികാരത്തിനും വ്യോമാതിര്‍ത്തിക്കും എതിരായ ഇറാന്റെ നഗ്‌നവും അസ്വീകാര്യവും അപകടകരവുമായ ലംഘനമാണ് ഈ ആക്രമണമെന്ന്
കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അബ്ദുല്ല അല്‍-യഹ്യയുടെ നേതൃത്വത്തില്‍ നടന്ന
കൗണ്‍സില്‍യോഗം പറഞ്ഞു. സുരക്ഷയും സ്ഥിരതയും നിലനിര്‍ത്താന്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് കൗണ്‍സില്‍ ഖത്തറിന് പൂര്‍ണ്ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.ഖത്തറിനെതിരെ ഇറാന്‍ നടത്തിയ ആക്രമണത്തെ നേരിടുന്നതില്‍ ഖത്തര്‍ സായുധ സേനയുടെ കഴിവുകളെ മന്ത്രിതല കൗണ്‍സില്‍ പ്രശംസിച്ചു. ഖത്തറിന്റെ സുരക്ഷയും സ്ഥിരതയും എല്ലാ ജിസിസി രാജ്യങ്ങളുടെയും സുരക്ഷയുടെയും സ്ഥിരതയുടെയും അവിഭാജ്യ ഘടകമാണെന്നും, ഏതെങ്കിലും അംഗരാജ്യത്തിന് നേരെയുള്ള ഏതൊരു ഭീഷണിയും എല്ലാ ജിസിസി രാജ്യങ്ങള്‍ക്കും നേരിട്ടുള്ള ഭീഷണിയാണെന്നുംവിലയിരുത്തി.
ഗാസ മുനമ്പില്‍ ഇസ്രായേല്‍ നടത്തുന്ന തുടര്‍ച്ചയായ ആക്രമണത്തെയും സിവിലിയന്മാരെ കൊലപ്പെടുത്തുന്നതിനെയും മന്ത്രിതല കൗണ്‍സില്‍ അപലപിച്ചു. ഗാസ മുനമ്പിന്റെ വടക്കും തെക്കും അധിനിവേശ അധികാരികള്‍ നടത്തുന്ന സൈനിക നടപടികളെയും, മുനമ്പിന്റെ വലിയ ഭാഗങ്ങളില്‍ അവരുടെ അധിനിവേശം വ്യാപിച്ചതിനെയും, പ്രസക്തമായ അന്താരാഷ്ട്ര സംഘടനകള്‍ മാനുഷിക സഹായം നല്‍കുന്നതില്‍ നിന്നും മെഡിക്കല്‍ സൗകര്യങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ നിന്നും തടയുന്നതിനെതിരെ കൗണ്‍സില്‍ പ്രതിഷേധിച്ചു.വെടിനിര്‍ത്തല്‍ കരാറിലെത്തുന്നതിനും സിവിലിയന്മാര്‍ക്ക് സഹായം നല്‍കുന്നതിനുമുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കണ മെന്നും കൗണ്‍സില്‍ആവശ്യപ്പെട്ടു.
ഷഫീക്ക് അറക്കല്‍