-->
അവധിക്കാലം കഴിഞ്ഞു, പുത്തനുടുപ്പം സ്കൂള്‍ ബാഗുമൊക്കെയായി പുതിയ അധ്യയനവര്‍ഷത്തിലേക്ക് എല്ലാ കുരുന്നുകളും ചുവടു വച്ചിരിക്കുകയാണ്. സ്കൂള്‍ തുറന്നതിനു പിന്നാലെ കുട്ടികള്‍ പുസ്തകങ്ങളിലേക്കും ഹോംവർക്കുകളിലേക്കും മടങ്ങിത്തുടങ്ങി. കുട്ടികള്‍ക്ക് കിട്ടുന്ന പ്രൊജക്ട് വര്‍ക്കുകളുടെയും എണ്ണം ദിനം പ്രതി കൂടി വരാനും തുടങ്ങി. സമ്മര്‍ വെക്കേഷന്‍ സമയത്ത് നല്‍കിയ ഹോംവർക്ക് പൂർത്തിയാക്കാത്ത കുട്ടികളും ടീച്ചർമാരുടെ ശാസനയും മാർക്ക് കുറയ്ക്കുമോ എന്ന ആശങ്കയുമെല്ലാം ഇക്കൂട്ടത്തില്‍ നിലനില്‍ക്കുന്നുണ്ട്.
ഇപ്പോഴിതാ അത്തരത്തില്‍ ഹോംവർക്ക് ചെയ്യാത്ത മകന് വേണ്ടി ടീച്ചറോട് വിനീതമായി അപേക്ഷിക്കുന്ന ഒരു അച്ഛന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുകയാണ്. പ്രമുഖ ഇൻസ്റ്റാഗ്രാം കണ്ടന്റ് ക്രിയേറ്ററായ റിഷി പണ്ഡിറ്റും അദ്ദേഹത്തിന്റെ മകനുമാണ് ഈ വൈറല്‍ വീഡിയോ പങ്കിട്ടത്. വീഡിയോയുടെ തുടക്കത്തില്‍ കിടക്കയില്‍ ഇരിക്കുന്ന റിഷിയെയും മകനെയും കാണാം.
റിഷി ക്യാമറയിലേക്ക് നോക്കി പറയുന്നതാണ് വീഡിയോയുടെ തുടക്കം. ‘‘എന്റെ മകന്റെ ടീച്ചർ ഈ വീഡിയോ കാണുകയാണെങ്കില്‍... മാഡം, നിങ്ങള്‍ അവധിക്കാല ഹോംവർക്കായി തന്ന പ്രോജക്റ്റുകള്‍ പൂർത്തിയാക്കാൻ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. 34 പ്രോജക്റ്റുകളാണ് തന്നത്, അത് പൂർത്തിയാക്കാൻ ഞങ്ങള്‍ക്ക് സാധിച്ചില്ല. അതിന്റെ പേരില്‍ അവന്റെ മാർക്ക് കുറയ്ക്കരുത്. പ്രോജക്റ്റുകള്‍ ഞങ്ങള്‍ ആറെണ്ണമായി കുറയ്ക്കുന്നു. ദയവായി മാർക്ക് കുറയ്ക്കരുത്...’’ റിഷി പറയുന്നു. ഒപ്പം മകനോട് കൈകൂപ്പി ടീച്ചറോട് അപേക്ഷിക്കാൻ ആവശ്യപ്പെടുന്നതും, അച്ഛന്റെ അഭിനയം കണ്ട് ചിരിച്ചുകൊണ്ട് മകൻ കൈകൂപ്പി അപേക്ഷിക്കുന്നതും വീഡിയോയില്‍ കാണാം. റിഷിയുടെ തന്മയത്വമാർന്ന അഭിനയം കാഴ്ചക്കാരെ ഏറെ ആകർഷിച്ചിട്ടുണ്ട്.
പല സാധാരണക്കാരും വീഡിയോയ്ക്ക് താഴെ പിന്തുണച്ചു കൊണ്ടുള്ള കമന്റുകളും കുറിക്കുന്നുണ്ട്. ബോളിവുഡ് അഭിനേത്രി ഇഷ ഗുപ്ത ചിരിക്കുന്ന ഇമോജി നല്‍കിയിട്ടുണ്ട്. ‘വേനല്‍ക്കാല അവധിക്ക് കുട്ടികള്‍ക്ക് ഇത്രയധികം അസൈൻമെന്റുകള്‍ നല്‍കേണ്ടതിന്റെ ആവശ്യമുണ്ടോ, മാതാപിതാക്കളുടെ യഥാർത്ഥ പ്രശ്നമാണ് ഇത്, തങ്ങളുടെ കുട്ടികളുടെ അധ്യാപകർക്ക് ഈ വീഡിയോ ടാഗ് ചെയ്യാൻ ആഗ്രഹിക്കുന്നു...’ എന്നതടക്കമാണ് കമന്റുകള്‍. ഹോംവർക്കിന്റെ ഭാരവും കുട്ടികളുടെ പഠനത്തോടുള്ള മനോഭാവവും മാതാപിതാക്കളുടെ ഉത്തരവാദിത്തവും ഈ വീഡിയോയിലൂടെ വീണ്ടും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.