-->
തമിഴകത്തിന്റെ ഇളയദളപതി വിജയ് യുടെ അൻപത്തിയൊന്നാം ജന്മദിനമായിരുന്നു ഇന്നലെ. ആരാധകരും ഇന്റസ്ട്രിയിലെ അടുത്ത സുഹൃത്തുക്കളുമെല്ലാം വിജയ്ക്ക് ജന്മദിനാശംസകൾ അറിയിച്ച് സോഷ്യൽ മീഡിയയിൽ എത്തി. ഭർത്താവ് ആന്റണിയ്ക്കും വിജയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് കീർത്തി സുരേഷ് തന്റെ പ്രിയപ്പെട്ട സഹതാരത്തിന് ആശംസകൾ അറിയിച്ചത്.
വികാരം ജനിപ്പിക്കുക എന്നത് ഒരു കഴിവാണ്, മറ്റുള്ളവരെ വികാരഭരിതരാക്കുക എന്നത് ഒരു കലയാണ്, എല്ലാവരുടെയും വികാരമായി മാറുക എന്നതാണ് ലെഗസി. നിങ്ങൾ അങ്ങനെ ഒരു വ്യക്തിത്വമാണ് സർ. ഹാപ്പി ബർത്ത് ഡേ ടു നമ്മ ജനനായകൻ, ദളപതി വിജയ് സർ എന്ന് പറഞ്ഞുകൊണ്ടാണ് കീർത്തി സുരേഷ് ഫോട്ടോ പങ്കുവച്ചത്.
ഭൈരവ, സർക്കാർ എന്നീ ചിത്രങ്ങളിലാണ് വിജയ് യും കീർത്തി സുരേഷും ഒന്നിച്ചഭിനയിച്ചത്. അതിലൂടെ തന്നെ ഇരുവരും തമ്മിൽ നല്ല ഒരു സൗഹൃദവും ഉണ്ടായിരുന്നു. വിജയ് സർ എന്നാൽ കീർത്തിയുടെ ആരാധന പുരുഷനുമാണ്. എന്നാൽ ആ ബന്ധത്തിന്റെ പേരിൽ നടിയ്ക്ക് ഒരുപാട് അപവാദങ്ങളും കേൾക്കേണ്ടി വന്നിരുന്നു. വിജയ് യോട് ചേർത്തുവച്ചു വന്ന ഗോസിപ്പുകളോടൊന്നും കീർത്തി സുരേഷ് പ്രതികരിച്ചതുമില്ല. അസത്യമായ കാര്യങ്ങളോട് താൻ എന്തിന് പ്രതികരിക്കണം എന്ന നിലപാടായിരുന്നു കീർത്തിയ്ക്ക്.
15 വർഷത്തെ കീർത്തിയുടെ പ്രണയ ബന്ധത്തെ കുറിച്ച് അറിയാവുന്ന ആൾ കൂടെയായിരുന്നു വിജയ്. ഒരു അഭിമുഖത്തിൽ കീർത്തി അത് വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഗോവയിൽ വച്ചു നടന്ന കീർത്തിയുടെയും ആന്റണി തട്ടിലിന്റെയും വിവാഹത്തിലും വിജയ് നിറ സാന്നിധ്യമായിരുന്നു. കീർത്തി - ആന്റണി തട്ടിൽ തലപൊങ്കൽ ആഘോഷത്തിലും വിജയ് യുടെ സാന്നിധ്യം ചർച്ചയായി.