Thursday, March 19, 2026 Last Updated 23 Min 3 Sec ago English Edition
Todays E paper
Ads by Google
Saturday 21 Jun 2025 07.55 PM

41 റണ്‍സെടുക്കുന്നതിനിടെ 7 വിക്കറ്റ് നഷ്ടം; ഹെഡിങ്‌ലിയില്‍ ഇന്ത്യ 471 റണ്‍സിന് ഓള്‍ഔട്ട്

ഇംഗ്ലണ്ടിന് വേണ്ടി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ്, ജോഷ് ടങ് എന്നിവര്‍ നാല് വിക്കറ്റ് വീതം വീഴ്ത്തി. ശുഐബ് ബഷീറും ബ്രൈഡന്‍ കാര്‍സും ഓരോ വിക്കറ്റെടുത്തു.
uploads/news/2025/06/787268/2.gif
photo - twitter

ലീഡ്‌സ് : ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിന്റെ് ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 471 റണ്‍സെടുത്തു പുറത്ത് . 227 പന്തില്‍ 147 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ ടോപ് സകോറര്‍ . ഋഷഭ് പന്ത് (178 പന്തിൽ 134), യശസ്വി ജയ്സ്വാൾ (159 പന്തിൽ 101) എന്നിവരും സെഞ്ചറി നേടി പുറത്തായി. രണ്ടാം ദിവസത്തെ രണ്ടാം സെഷനിലാണ് ഇന്ത്യയുടെ ഇന്നിംങ്‌സ് അവസാനിച്ചത്. വെറും 41 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് ഇന്ത്യയ്ക്ക് അവസാനത്തെ ഏഴ് വിക്കറ്റുകള്‍ നഷ്ടമായത്.

രണ്ടാം ദിനം കരുതലോടെ തുടങ്ങി തകര്‍ത്തടിച്ച റിഷഭ് പന്തും ഗില്ലും ചേര്‍ന്ന് ഇന്ത്യയെ 430-3 എന്ന മികച്ച നിലയിലെത്തിച്ചിരുന്നു. എന്നാല്‍ ലഞ്ചിന് മുമ്പ് 147 റൺസെടുത്ത ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്റെ്‌ വിക്കറ്റ് വീണതോടെ ഇന്ത്യ തകര്‍ച്ചയിലായി. നാലാം വിക്കറ്റില്‍ ഗില്ലും റിഷഭ് പന്തും ചേര്‍ന്ന് 147 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയശേഷമാണ് വേര്‍പിരിഞ്ഞത്. പന്ത് സെഞ്ചുറി നേടിയതിന് പിന്നാലെ ഷൊയ്ബ് ബഷീറിനെ സിക്സ് അടിക്കാനുള്ള ശ്രമത്തിലാണ് ശുഭ്മാൻ ഗില്‍ പുറത്തായത്.

എട്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയ കരുണ്‍ നായര്‍ ടീം സ്കോര്‍ 447ല്‍ നില്‍ക്കെ പൂജ്യത്തിന് പുറത്തായി. ബെന്‍ സ്റ്റോക്സിനെതിരെ കവര്‍ ഡ്രൈവ് കളിക്കാനുള്ള കരുണിന്‍റെ ശ്രമം ഷോര്‍ട്ട് കവറില്‍ ഒല്ലി പോപ്പ് പറന്നു പിടിച്ചു. കരുണ്‍ മടങ്ങിയതിന് പിന്നാലെ ജോഷ് ടങ് റിഷഭ് പന്തിനെ(134) വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നീട് ക്രീസിലെത്തിയ ഷാര്‍ദ്ദുല്‍ താക്കൂറിനും ക്രീസില്‍ പിടിച്ചു നില്‍ക്കാനായില്ല. സ്റ്റോക്സിന്‍റെ പന്തില്‍ ജാമി സ്മിത്തിന് ക്യാച്ച് നല്‍കി ഷാര്‍ദ്ദുല്‍ മടങ്ങി. ഏഴ് റണ്‍സെടുക്കുന്നതിനിടെയാണ് ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായത്.

ലഞ്ചിനുശേഷം ക്രീസിലെത്തിയ ഇന്ത്യക്ക് തുടക്കത്തിലെ ജസ്പ്രീത് ബുമ്രയെ(0) നഷ്ടമായി. പിന്നാലെ തകര്‍ത്തടിക്കാന്‍ നോക്കിയ രവീന്ദ്ര ജഡേജയെ(11) ജോഷ് ടങ് ബൗള്‍ഡാക്കി. പ്രസിദ്ധ് കൃഷ്ണയെ കൂടി ബൗള്‍ഡാക്കിയ ടങ് ഇന്ത്യയെ 471ല്‍ ഒതുത്തി. ആദ്യ ദിനമായ ഇന്നലെ യശ്വസി ജയ്‌സ്വാള്‍ (101), കെ.എല്‍. രാഹുല്‍ (42), സായി സുദര്‍ശന്‍ (പൂജ്യം) എന്നിവരുടെ വിക്കറ്റായിരുന്നു നഷ്ടമായത്. ഇന്ന് കരുണ്‍ നായര്‍ (പൂജ്യം), രവീന്ദ്ര ജഡേജ (11), ശര്‍ദുല്‍ താക്കൂര്‍ (ഒന്ന്), ജസ്പ്രീത് ബുംമ്ര (പൂജ്യം), പ്രസിദ്ധ് കൃഷ്ണ (ഒന്ന്) എന്നിവര്‍ അതിവേഗം പുറത്തായി. മുഹമ്മദ് സിറാജ് മൂന്ന് റണ്‍സുമായി പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിന് വേണ്ടി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ്, ജോഷ് ടങ് എന്നിവര്‍ നാല് വിക്കറ്റ് വീതം വീഴ്ത്തി. ശുഐബ് ബഷീറും ബ്രൈഡന്‍ കാര്‍സും ഓരോ വിക്കറ്റെടുത്തു.

Ads by Google
Saturday 21 Jun 2025 07.55 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW