-->
ഹിന്ദി മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരമാണ് ദീപിക കക്കര്‍. സസുരാല്‍ സിമര്‍ കാ എന്ന സീരിയലിലെ മികച്ച പ്രകടനത്തിലൂടെ കുടുംബപ്രേക്ഷകരുടെ ഹൃദയവും കൈയടിയും നേടാന്‍ ദീപികയ്ക്ക് കഴിഞ്ഞിട്ടുണ്ട്. നടനും സഹതാരവുമായിരുന്ന ഷൊയ്ബ് ഇബ്രാഹിമിനെ വിവാഹം ചെയ്ത ദീപിക തന്റെ വിശേഷങ്ങളെല്ലാം തങ്ങളുടെ യൂട്യൂബ് ചാനല്‍ വഴി പങ്കിടാറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ എല്ലാ വിശേഷങ്ങളും യാത്രകളും പങ്കിടാറുള്ള താരദമ്പതിമാര്‍ മകന്‍ റുഹാന്റെ വിശേഷങ്ങളും അതുവഴി പങ്കുവച്ചിട്ടുണ്ട്.
അടുത്തിടെ ദീപികയ്ക്ക് സ്റ്റേജ് 2 കരള്‍ കാൻസർ സ്ഥിരീകരിച്ച വിവരം സോഷ്യല്‍ മീഡിയയിലൂടെ താരദമ്പതിമാര്‍ പങ്കിട്ടിരുന്നു. മാസ്റ്റര്‍ ഷെഫിന്റെ സീസണില്‍ പങ്കെടുക്കുന്നതിനിടെ ദീപികയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും കടുത്ത വയറുവേദനയെ തുടർന്ന് പരിശോധിച്ചപ്പോള്‍ ഡോക്ടർമാർ കരളില്‍ ‘ഒരു ടെന്നീസ് ബോളിന്റെ വലുപ്പമുള്ള’ ഒരു ട്യൂമർ കണ്ടെത്തിയെന്നും, പിന്നീടത് അര്‍ബുദമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തെന്ന് ഷൊയബ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.
പിന്നാലെ ദീപികയുടെ ആരോഗ്യത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഷൊയ്ബ് പങ്കിട്ടു. 14 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ ദീപികയ്ക്ക് നടത്തിയെന്നും പിന്നീട് ഐസിയുവിലേക്ക് മാറ്റിയ ദീപിക 11 ദിവസത്തിനു ശേഷം സുഖം പ്രാപിച്ച് വീട്ടിലേക്ക് എത്തിയെന്നും യൂട്യൂബ് വ്ലോഗുകളിലൂടെ ഷൊയബ് പങ്കിട്ടിരുന്നു.
ഇപ്പോഴിതാ തന്റെ എല്ലാ പ്രയാസങ്ങളിലും തുണയായി നിന്ന ഭർത്താവ് ഷൊയ്ബിന്റെ പിറന്നാള്‍ ദിനത്തില്‍ വൈകാരിക കുറിപ്പുമായി എത്തിയിരിക്കുകയാണ് ദീപിക. ഷൊയ്ബിനൊപ്പം ആശുപത്രി വരാന്തയിലൂടെ നടക്കുന്ന ചിത്രത്തിനോടൊപ്പമാണ് താരത്തിന്റെ കുറിപ്പ്.
‘‘എന്റെ ജീവിതത്തെ എല്ലാ ദിവസവും തന്റെ സ്നേഹത്താൽ പ്രകാശിപ്പിക്കുന്ന ഈ മനുഷ്യനെ ആഘോഷിക്കുന്നു.... ഷൊയബ്, നീ ഉള്ളതു കൊണ്ടാണ് ഞാനുമുള്ളത്...നിന്നിലൂടെയാണ് ഞാന്‍ എപ്പോഴുമുള്ളത്... എന്റെ കൈ മുറുകെ പിടിച്ച് എന്റെ ജീവിതത്തിലെ ഏറ്റവും നല്ലതും മോശവുമായ സമയങ്ങളിൽ നീ എന്നോടൊപ്പം നടന്നിട്ടുണ്ട്... നിന്റെ കണ്ണുകൾ എന്നോട് പറയും, ഞാൻ ഇവിടെ ഉണ്ടെന്ന്...നിന്റെ സ്പർശനം എനിക്ക് ആവശ്യമായ എല്ലാ ശക്തിയും നിന്റെ ഊഷ്മളത എനിക്ക് എല്ലാ ആശ്വാസവും നൽകുന്നു....എത്ര ദുഷ്‌കരമായ സമയങ്ങളാണെങ്കിലും, നിങ്ങളുടെ സാന്നിധ്യം എന്നെ അത് അനുഭവിക്കാൻ അനുവദിക്കുന്നില്ല.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞങ്ങൾ രണ്ടുപേരും ഒരുപാട് കാര്യങ്ങൾ നേരിട്ടു... ആശുപത്രിയുടെ ഇടനാഴിയിൽ കരഞ്ഞു...എന്റെ സ്കാനിംഗിനായി വളരെ ഭയപ്പെട്ടു... ശസ്ത്രക്രിയയുടെ ദിവസം, ഐസിയുവിലെ ദിവസങ്ങൾ... അന്നൊന്നും രാത്രികളില്‍ നീ ഉറങ്ങിയിട്ടില്ല, എന്തിന് ഞാൻ വീട്ടിലേക്ക് തിരിച്ചെത്തിയിട്ടും നീ രാത്രി ഉറങ്ങിയിട്ടില്ല...ഞാന്‍ തിരിഞ്ഞൊന്നു കിടക്കുമ്പോള്‍ പോലും നീ ഉണരും. എനിക്ക് സുഖമാണെന്ന് ഉറപ്പാക്കാൻ...ഒരു കൊച്ചു കുഞ്ഞിനെപ്പോലെ നീ എന്നെ പരിപാലിച്ചു...ഇപ്പോഴുമത് തുടരുന്നു...
എന്നെ സ്നേഹിക്കുക മാത്രമല്ല, എന്നെ ഊഷ്മളമായി പൊതിയുകയും... എന്നെ സന്തോഷിപ്പിക്കുകയും ചെയ്യുന്ന ആ മനുഷ്യന് ഇതാ ജന്മദിനാശംസകൾ നേരുന്നു... എപ്പോഴും സുരക്ഷിതമായിരിക്കൂ, പുഞ്ചിരിക്കൂ...അല്ലാഹു നിന്നെ എല്ലാ സന്തോഷത്തിലും അനുഗ്രഹിക്കട്ടെ... എല്ലാ പ്രാർത്ഥനയിലും നിന്റെ നാമം ഉണ്ട്....’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ദീപിക ഷൊയബിന് ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുന്നത്. ആശുപത്രി ദിനങ്ങളിലെ ചിത്രങ്ങളും ഒപ്പമുള്ള പ്രണയനിമിഷങ്ങളും പങ്കിട്ടാണ് ദീപികയുടെ ആശംസ.