-->
ഹിന്ദി മിനി സ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ദീപിക കക്കർ. കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത ഒരുപാട് ഹിന്ദി പരമ്പരകളിൽ ദീപിക നായിക വേഷത്തില്‍ തിളങ്ങിയിട്ടുണ്ട്. അഭിനേതാവായ ഷോയിബ് ഇബ്രാഹിമിനെ വിവാഹം ചെയ്ത താരം പിന്നീട് കുടുംബിനിയായ ജീവിതം ആസ്വദിക്കുകയായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരദമ്പതിമാർ എല്ലാ വിശേഷങ്ങളും സന്തോഷങ്ങളും കുടുംബ ചിത്രങ്ങളും അതിലൂടെ പങ്കിടാറുണ്ട്.
അടുത്തിടെ തങ്ങളുടെ ജീവിതത്തില്‍ ഏറ്റവും സങ്കടം നിറഞ്ഞ കാര്യം താരങ്ങൾ വെളിപ്പെടുത്തിയിരുന്നു. ദീപിക കക്കറിന് കരളില്‍ ട്യൂമര്‍ കണ്ടെത്തിയതായിട്ടാണ് താരങ്ങള്‍ വെളിപ്പെടുത്തിയത്. അതിനു ശേഷം ഇക്കഴിഞ്ഞ ദിവസം ദീപിക 14 മണിക്കൂർ നീണ്ട രണ്ടാം ഘട്ട കരള്‍ അർബുദത്തിനായുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായെന്ന് ഭർത്താവ് ഷൊയ്ബ് ഇബ്രാഹിം പങ്കിട്ടിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ദീപിക മുംബൈയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ സുഖം പ്രാപിച്ചുവരികയാണെന്നും താരം പറഞ്ഞു. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് ഷൊയ്ബ് ഇക്കാര്യം അറിയിച്ചത്.
ഇപ്പോഴിതാ രണ്ടാം ഘട്ട കരൾ കാൻസറിന് 14 മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് വിധേയയായ ശേഷം ദീപിക, ഷൊയബ് ഇബ്രാഹിമിനൊപ്പമുള്ള ഒരു വീഡിയോ പങ്കിട്ടിരിക്കുകയാണ്.
ശസ്ത്രക്രിയയ്ക്ക് ശേഷം ആദ്യമായി ആരാധകരെയും വെൽ വിഷേഴ്സിനെയും കാണുമ്പോൾ ദീപിക വികാരധീനയാകുന്നുണ്ട്. "മുമ്പത്തെക്കാളും ഇവൾ ഒരുപാട് സുഖം പ്രാപിച്ചിട്ടുണ്ട്...എല്ലാം പതിയെ ഒക്കെയായി വരുന്നു..." എന്നാണ് ഷോയിബ് പറയുന്നത്.
"കൂടുതൽ ഒന്നും പ്രത്യേകിച്ച് പറയാനില്ല. സുഖം..." ദീപിക പറയുന്നു.
"സത്യം പറഞ്ഞാൽ സർജറി കഴിഞ്ഞതിനു ശേഷം ഇവൾ കൂടുതൽ ഇമോഷണലായിട്ടുണ്ട്. എല്ലാ കാര്യങ്ങൾക്കും പെട്ടെന്ന് സെന്റിമെന്റൽ ആകും..." ഷോയബ് പറയുന്നു.
"മറ്റൊന്നും പറയാനില്ല... ഞാൻ വരാം നിങ്ങളുടെ മുന്നിലേക്ക്, പിന്നീട് എല്ലാവരോടും ദീർഘനേരം സംസാരിക്കാം... എനിക്ക് വേണ്ടി പ്രാർത്ഥിച്ച, സമയം മാറ്റി വച്ച എല്ലാവർക്കും ഹൃദയത്തിൽ നിന്ന് നന്ദി..." ദീപിക പറഞ്ഞു. കണ്ണ് നിറഞ്ഞു ദീപിക ഇത് പറയുമ്പോൾ ഷോയബ് ദീപികയ്ക്ക് നെറ്റിയിൽ ഒരു സ്നേഹ ചുംബനവും നൽകുന്നുണ്ട്.
കരളില്‍ കാണപ്പെടുന്ന ഏറ്റവും സാധാരണവും മാരകവുമായ ട്യൂമറാണ് ഹെപ്പറ്റോസെല്ലുലാർ കാർസിനോമ എന്ന പേരില്‍ അറിയപ്പെടുന്ന ലിവർ കാൻസർ. ഇതാണ് ദീപികയെ ബാധിച്ചിരിക്കുന്നത്.
വയറുവേദന കുറയാതെയായതോടെയാണ് വിദഗ്ധ പരിശോധന തേടിയതെന്നും തുടക്കത്തില്‍ അസിഡിറ്റിയുടേതാണ് എന്നാണ് കരുതിയതെന്നും ദീപിക പറഞ്ഞിരുന്നു. ആന്റിബയോട്ടിക്കുകള്‍ കഴിച്ചിട്ടും കുറയാതെ വന്നതോടെ നടത്തിയ പരിശോധനയിലാണ് ട്യൂമർ കണ്ടെത്തിയത് എന്നും ഇവർ വ്യക്തമാക്കിയിരുന്നു.
2018-ലാണ് ദീപിക കക്കറും ഷൊയ്ബ് ഇബ്രാഹിമും വിവാഹിതരാകുന്നത്. ഇവർക്ക് റുഹാൻ എന്ന പേരുള്ള ഒരു മകനുണ്ട്.