-->
വാല്‍പ്പാറ: വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോള്‍ പുലി പിടിച്ചുകൊണ്ടുപോയ നാലുവയസ്സുകാരിയെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. ഇന്നലെ വൈകിട്ട് 6 മണിക്ക് കാണാതായ കുട്ടിയുടെ വസ്ത്രത്തിന്റെ ഭാഗം കണ്ടെത്തി. ഇന്നലെ രാത്രി ഏറെ വൈകിയുള്ള തെരച്ചില്‍ ഇന്ന് രാവിലെയും തുടങ്ങിയിട്ടുണ്ട്. നാട്ടുകാരും പോലീസും വനം വകുപ്പും തെരച്ചിലിലുണ്ട്.
ഇന്നലെ വൈകുന്നേരം മറ്റുള്ളവര്‍ക്കൊപ്പം വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു പെണ്‍കുട്ടിയെ പുലി പിടിച്ചുകൊണ്ടുപോയത്. ഇന്ന് രാവിലെ പ്രത്യേക പരിശീലനം കിട്ടിയിട്ടുള്ള പോലീസ് നായയെ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. തോട്ടംതൊഴിലാളികള്‍ താമസിക്കുന്ന ലയത്തിന് മുന്നില്‍ വെച്ചായിരുന്നു സംഭവം. ഇവിടെ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളിലെ ഝാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനെയാണ് പുലി പിടിച്ചിരിക്കുന്നത്. ഇന്നലെ വൈകിട്ട് വരെ തെരച്ചില്‍ നടത്തിയിട്ടും കണ്ടെത്തിയില്ല.
പുലിയുടെ സാന്നിദ്ധ്യം സ്ഥിരമായി കാണപ്പെടുന്ന മേഖലകളിലൊന്നാണ് വാല്‍പ്പാറ. പട്ടാപ്പകല്‍ ടൗണില്‍ പോലും ഇവിടെ പുലിയുടെ സാന്നിദ്ധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന് കാരണം പുലികളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ദ്ധനയാണെന്നാണ് വിലയിരുത്തല്‍. വാല്‍പ്പാറ തോട്ടം മേഖലയായതിനാല്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് ഇവിടെ കൂടുതലായി പണിയെടുക്കുന്നത്. മുമ്പും ഇവിടെ പുലിയുടെ ആക്രമണവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. പ്രശ്‌നം എങ്ങിനെ പരിഹരിക്കണമെന്ന ആശങ്കയിലാണ് തമിഴ്‌നാട്.