-->
എഐ വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ നിറയുന്ന കാലമാണിത്. യഥാര്‍ത്ഥ്യമേത് മിഥ്യയേത് എന്ന് തിരിച്ചറിയാനാവാത്ത വിധമാണ് നിർമ്മിത ബുദ്ധി വീഡിയോകളും ചിത്രങ്ങളുമെല്ലാം സൃഷ്ടിക്കുന്നത്. സെലിബ്രിറ്റികളുടെ ചെറുപ്പവും ആണിനെ പെണ്ണാക്കിയും ചലിക്കാത്ത ചിത്രങ്ങളെ ചലിപ്പിച്ചും ഫാഷന്‍ ഫുഡ് മേഖലയില്‍ തരംഗം സൃഷ്ടിച്ചുമെല്ലാം എഐ മുന്നേറുന്നുണ്ട്. ഇപ്പോള്‍ ഏതൊരു വീഡിയോ കണ്ടാലും അത് എഐ ആണോ അതോ സത്യമാണോ എന്ന് പല കാഴ്ച്ചക്കാരും സംശയം പ്രകടിപ്പിക്കാറുണ്ട്.
ഇപ്പോഴിതാ ഡോള്‍ഫിനുമായി നില്‍ക്കുന്ന ഒരു യുവതിയുടെ വീഡിയോയാണ് ഇൻസ്റ്റഗ്രാമിലൂടെ ശ്രദ്ധിക്കപ്പെടുന്നത്. വീഡിയോ കണ്ടാല്‍ യഥാര്‍ത്ഥമല്ലെന്ന് തോന്നിക്കുകയേ ഇല്ല. അത്രമാത്രം കൃത്യതയോടെ ദൃശ്യങ്ങള്‍ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ‘‘ഇത് എങ്ങനെ വന്നെന്ന് ചോദിക്കരുത്...’’ എന്നത് യുവതി പറയുന്നതും വീഡിയോയില്‍ കാണാം. ‘റീല്‍ വോള്‍ട്ട്’ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്.
അടുത്തിടെ ഏറ്റവും വൈറലായ ഒരു എഐ വീഡിയോയായിരുന്നു നടന്‍ ഇന്ദ്രന്‍സിന്റേത്. 2023 ല്‍ കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവല്‍ വേദിയില്‍വച്ച്, അഭിനയിക്കാൻ ആഗ്രഹിച്ച കഥാപാത്രം ഏതാണെന്ന ആരാധകരുടെ ചോദ്യത്തിന്, ‘ബാഹുബലിയിലെ പ്രഭാസിന്റെ വേഷം’ എന്നായിരുന്നു ഒട്ടും സംശയിക്കാതെ ചിരിച്ചു കൊണ്ട് ഇന്ദ്രന്‍സ് പറഞ്ഞ മറുപടി. അന്ന് തമാശയായി താരം പറഞ്ഞ ആഗ്രഹം ഒരു ആരാധകര്‍ എഐ ഉപയോഗിച്ച് സൃഷ്ടിച്ചു. ഈ വീഡിയോ പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലായി.