-->
തിരുവനന്തപുരം: സിപിഎം ഒരു ഘട്ടത്തിലും ആര്‍എസ്എസുമായി കൂട്ടുകെട്ടുണ്ടാക്കിയിട്ടില്ലെന്നും മതനിരപേക്ഷത നിലനിര്‍ത്തുന്നതില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അടിയന്തിരാവസ്ഥ കാലത്ത് ജനകീയ പാര്‍ട്ടികള്‍ ഒന്നിച്ച സംഖ്യത്തിന്റെ ഭാഗമായിട്ടുണ്ട്. അതില്‍ ആര്‍എസ്എസുമുണ്ടായിരുന്നു എന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
ആര്‍എസ്എസ് കൂട്ടുകെട്ടുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം നടത്തിയ പ്രസ്താവന വിവാദമായ പശ്ചാത്തലത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്. അടിയന്തരാവസ്ഥ എന്ന ചരിത്ര ഘട്ടത്തിലെ സാഹചര്യവുമായി ബന്ധപ്പെട്ട കാര്യത്തെക്കുറിച്ച് വിശദീകരിക്കുക മാത്രമാണ് ചെയ്തതെന്നും ആര്‍എസ്എസുമായി സിപിഎം ഒരിക്കലും ചേര്‍ന്നിട്ടില്ലെന്നും മതനിരപേക്ഷതയുടെ കാര്യത്തില്‍ ഇപ്പോഴും നിലനിര്‍ത്തുന്ന കാര്യത്തില്‍ ഒരുവിട്ടുവീഴ്ചയ്ക്കും സിപിഎം തയ്യാറല്ലെന്നും എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി.
ആര്‍എസ്എസുമായി ഒരു ഘട്ടത്തിലും ചേര്‍ന്നിട്ടില്ലെന്നും എന്നാല്‍ വിമോചനസമര കാലത്ത് ആര്‍എസ്എസുമായി സഹകരിച്ചവരാണ് കോണ്‍ഗ്രസന്നെും യഥാര്‍ത്ഥത്തില്‍ ആര്‍എസ്എസുമായി സഹകരിച്ചത് യുഡിഎഫുമായിട്ടാണെന്നും പറഞ്ഞു. മതനിരപേക്ഷത നിലനിര്‍ത്തുന്നതില്‍ സിപിഎം എല്ലാക്കാലത്തും നിലപാട് എടുത്തിട്ടുണ്ട്. ടതുപക്ഷത്തിന് ഒരിക്കലും ആര്‍എസ്എസുമായി കൂട്ടുകെട്ടുണ്ടാക്കേണ്ടി വന്നിട്ടില്ലെന്നും പറഞ്ഞു.
അതേസമയം യുഡിഎഫ് വര്‍ഗ്ഗീയതയിലൂന്നിയാണ് പ്രവര്‍ത്തിക്കുന്നതെന്നും ജമാ അത്തെ ഇസ്‌ളാമിയുമായുള്ള ബന്ധം യുഡിഎഫിന് ദുരവ്യാപക ഫലങ്ങള്‍ ഉണ്ടാക്കുമെന്നും പറഞ്ഞു. മുമ്പ് ജമാ അത്തെ ഇസ്‌ളാമിയെ എതിര്‍ത്ത നിലപാട് എടുത്തിരുന്ന യുഡിഎഫ് ഇപ്പോള്‍ അവരെ വെള്ളപൂശുകയാണ്. യുഡിഎഫിന് ഈ തെരഞ്ഞെടുപ്പില്‍ ഒരു രാഷ്ട്രീയവും മുമ്പോട്ട് വെയ്ക്കാന്‍ ഉണ്ടായിരുന്നില്ലെന്നും യുഡിഎഫ് തെരഞ്ഞെടുപ്പിന് ഇറങ്ങിയത് നിരായുധരായിട്ടാണെന്നും സിപിഐഎം നിലമ്പൂരില്‍ വന്‍ വിജയം നേടുമെന്നും പറഞ്ഞു.
അടിയന്തരാവസ്ഥക്കാലത്ത് ഇടതുപക്ഷം അന്ന് ജനത പാര്‍ട്ടിയുമായാണ് സഹകരിച്ചതെന്നും ജനത പാര്‍ട്ടിക്ക് അന്ന് വര്‍ഗീയ നിലപാട് ഉണ്ടായിരുന്നില്ലെന്നും ഇന്നലെ എം സ്വരാജ് പ്രതികരിച്ചിരുന്നു. ആര്‍എസ്എസുമായല്ല ജനതാ പാര്‍ട്ടിയുമായാണ് അന്ന് ഇടതു പക്ഷം സഹകരിച്ചത്. പിന്നീട് ആര്‍എസ്എസ് ജനത പാര്‍ട്ടിയില്‍ സ്വാധീനം ഉറപ്പിക്കുന്നു എന്ന വിമര്‍ശനം ഉണ്ടായി. 1984 ലെ ഉപതിരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് നിയന്ത്രണത്തില്‍ ഉള്ള ജനതാ പാര്‍ട്ടിയുടെ വോട്ട് സ്വീകരിക്കുമെന്ന് വന്നപ്പോള്‍ പലയിടങ്ങളില്‍ നിന്നും ചോദ്യമുയര്‍ന്നിരുന്നു. അന്ന് ഇഎംഎസാണ് ആര്‍എസ്എസ് വോട്ട് വേണ്ട എന്ന് പ്രഖ്യാപിച്ചത്.
ആ ഉപതിരഞ്ഞെടുപ്പില്‍ നാലിടത്തും ഇടതുപക്ഷം ജയിച്ചു. പിന്നീട് ആര്‍എസ്എസ് പിടിമുറുക്കിയ ജനതാ പാര്‍ട്ടിയുമായി സഹകരിച്ചത് കോണ്‍ഗ്രസാണ്. ഓ രാജഗോപാല്‍ കാസര്‍ക്കോട് കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിച്ചു. ഇഎംഎസ് ഗവണ്‍മെന്റിനെ പുറത്താക്കാനുള്ള സമരത്തിലും അന്ന് ആര്‍എസ്എസ് പിന്തുണ നല്‍കി. പട്ടാമ്പിയില്‍ ഇഎംഎസ്സിനെ തോല്‍പ്പിക്കാന്‍ ആര്‍എസ്എസ്-കോണ്‍ഗ്രസ് പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത്. ഇതെല്ലാം ചരിത്രമാണ്. അത് ആര്‍ക്കും ഖണ്ഡിക്കാനാവില്ല.' എം സ്വരാജ് വിശദീകരിച്ചു.
നിലമ്പൂരില്‍ ജമാഅത്തെ ഇസ്ലാമിയുമായി യുഡിഎഫ് സഖ്യം ചേരുന്നതില്‍ വിമര്‍ശനം ഉയര്‍ത്തി സംസാരിക്കുന്നതിനിടിയില്‍ ഇടതുപക്ഷം അടിയന്തരാവസ്ഥ കാലത്ത് ആര്‍എസ്എസുമായി സഹകരിച്ചിട്ടുണ്ടെന്നായിരുന്നു ഗോവിന്ദന്റെ പരാമര്‍ശം. അടിയന്തരാവസ്ഥ സമയത്ത് ഫാസിസത്തിന്റെ അവസാനത്തിനായുള്ള പോരാട്ടത്തില്‍ ആര്‍എസ്എസുമായി യോജിച്ചിരുന്നുവെന്നായിരുന്നു പരാമര്‍ശം.