-->
ആലപ്പുഴ: അര്‍ത്തുങ്കല്‍ തീരത്ത് അഴുകിയ നിലയില്‍ അജ്ഞാതമൃതദേഹം വന്നടിഞ്ഞു. വിദേശിയുടേതാണ് മൃതദേഹമെന്നാണ് സൂചന. പോലീസ് പരിശോധന നടത്തുകയാണ്. നേരത്തേ ബേപ്പൂരില്‍ തീപിടിച്ച വാന്‍ഹായി കപ്പലില്‍ നിന്നും കാണാതായ നാലുപേരില്‍ ഒരാളുടെ മൃതദേഹമാണോ എന്ന സംശയത്തിലാണ് പോലീസ്. ഡിഎന്‍എ പരിശോധന നടത്തി മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാനുള്ള ശ്രമത്തിലാണ്.
കരയില്‍ നിന്നും 27 നോട്ടിക്കല്‍ മൈല്‍ ദൂരത്തിലായിരുന്നു കപ്പലിന് നേരത്തേ തീപിടിച്ചതിനെ തുടര്‍ന്ന് നാലു പേരെ കടലില്‍ കാണാതായിരുന്നു. കപ്പലില്‍ ഉണ്ടായിരുന്ന 22 ജീവനക്കാരില്‍ 18 പേരെയായിരുന്നു രക്ഷപ്പെടുത്തിയത്. കപ്പലില്‍ നിന്നും കടലില്‍ ചാടിയവരെ തെരച്ചില്‍ നടത്തിയപ്പോള്‍ കണ്ടെത്താനായിരുന്നില്ല. ഇവരില്‍ ആരുടെയെങ്കിലും മൃതദേഹമാണോ എന്ന സംശയം ഉയരുന്നുണ്ട്. വാന്‍ഹായി 506 എന്ന കപ്പലിനായിരുന്നു തീ പിടിച്ചത്. കാണാതായത് തായ്‌വാന്‍ പൗരന്മാരെയായിരുന്നു.
അതിനിടയില്‍ പുതുവൈപ്പിനില്‍ നിന്നും രണ്ടു യെമന്‍ സ്വേദശികളായ വിദ്യാര്‍ഥികളെയും കാണാതായിട്ടുണ്ട്. മൃതദേഹത്തിന് ഒരാഴ്ച പഴക്കമുണ്ടെന്നാണ് വിവരം. മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട വിവരം വാന്‍ഹായി കപ്പലിലെ ആള്‍ക്കാര്‍ക്കും പുതുവൈപ്പിനിലെ വിദ്യാഭ്യാസ സ്ഥാപനത്തിനും വിവരം നല്‍കിയിട്ടുണ്ട്. വാന്‍ഹായി കപ്പലില്‍ നിന്നും കടലില്‍ പതിച്ച കണ്ടെയ്‌നറുകളും മറ്റും കൊല്ലം, ആലപ്പുഴ, എറണാകുളം തീരങ്ങളില്‍ അടിയാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നേരത്തേ അധികൃതര്‍ തീരത്തുള്ളവര്‍ക്ക് നല്‍കിയിരുന്നു.