-->
മട്ടാഞ്ചേരി: കേരളതീരത്തിനടുത്ത് തീപിടിച്ച സിംഗപ്പുര്‍ ചരക്കുകപ്പല്‍ 'വാങ് ഹായ്-503' പുറംകടലില്‍നിന്നു നീക്കാന്‍ ശ്രമമാരംഭിച്ചു. കപ്പലപകടത്തില്‍ ഫോര്‍ട്ട് കൊച്ചി തീരദേശ പോലീസ് കേസെടുത്തെങ്കിലും തുടര്‍നടപടി മന്ദഗതിയിലാണെന്ന് ആരോപണമുയര്‍ന്നു.
കഴിഞ്ഞ ഒന്‍പതിനാണ് ബേപ്പൂരിന് പടിഞ്ഞാറ് ചരക്കുകപ്പലിലെ കണ്ടെയ്‌നറുകള്‍ക്കു തീപിടിച്ചത്. ദിവസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീയണച്ച് കപ്പല്‍ പുറംകടലിലെത്തിച്ചെങ്കിലും കണ്ടെയ്‌നറുകളില്‍നിന്ന് ഇപ്പോഴും പുക ഉയരുന്നുണ്ട്. നിലവില്‍ തീരത്തുനിന്ന് 72 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള കപ്പല്‍ ശ്രീലങ്കയിലെ ഹംബന്‍തോട്ട തുറമുഖത്തേക്കോ ദുബായിലെ ജെബല്‍ അലി തുറമുഖത്തേക്കോ നീക്കാനാണ് ശ്രമം. എന്നാല്‍, കെട്ടിവലിച്ച് നീക്കാനുള്ള ശ്രമങ്ങള്‍ക്ക് മോശം കാലാവസ്ഥ തടസമാകുന്നുണ്ട്.
കപ്പലപകടത്തില്‍ തീരദേശ പോലീസ് കേസെടുത്തെങ്കിലും തുടര്‍നടപടികളുടെ കാര്യത്തില്‍ മൃദുസമീപനമാണെന്ന് മത്സ്യത്തൊഴിലാളികളും സംഘടനകളും ആരോപിച്ചു. കപ്പല്‍ അതിര്‍ത്തി കടക്കുന്നതു തുടര്‍നടപടികളെ ബാധിക്കുമെന്നും നഷ്ടപരിഹാരം ലഭിക്കാനുള്ള സാധ്യത മങ്ങുമെന്നുമാണ് ആരോപണം. സാല്‍വേജ് കമ്പനിയുടെ കപ്പല്‍ മുങ്ങിയത് സംബന്ധിച്ച് കോടതിയുടെ മേല്‍നോട്ടത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും അവശിഷ്ടങ്ങള്‍ അടിയന്തരമായി നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി ഹൈക്കോടതിയിലേക്ക്.
മത്സ്യത്തൊഴിലാളികള്‍ക്കും പരിസ്ഥിതിക്കും ഉണ്ടായ ദോഷങ്ങളെക്കുറിച്ച് പരിശോധിക്കുന്നതിന് വിദഗ്ധസമിതിയെ നിയമിക്കണമെന്നും രാജ്യാന്തര മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള പരിഹാരം ലഭ്യമാക്കണമെന്നും സംഘടന കോടതിയില്‍ ആവശ്യപ്പെടും. എല്‍സ 3-ല്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നത് അനിശ്ചിതത്വത്തിലാക്കി സാല്‍വേജ് സംഘം സ്ഥലം വിട്ടിരിക്കുകയാണ്.
മേയ് 25-ന് കടലില്‍ മുങ്ങിയഎല്‍സ -3യും അതിന്റെ അവശിഷ്ടങ്ങളും കേരളത്തിന് ഭീഷണിയായി തുടരുകയാണെന്ന് മത്സ്യത്തൊഴിലാളി ഐക്യവേദി(ടി.യു.സി.ഐ)സംസ്ഥാന പ്രസിഡന്റ് ചാള്‍സ് ജോര്‍ജ് പറഞ്ഞു.