Thursday, March 12, 2026 Last Updated 6 Min 44 Sec ago English Edition
Todays E paper
Ads by Google
Friday 13 Jun 2025 12.13 PM

മരണശേഷം എന്റെ അവയവങ്ങള്‍ ദാനം ചെയ്യാൻ തയ്യാർ; സമ്മത പത്രത്തിലും ഞാൻ ഒപ്പിട്ട് തരാം; പൊതുവേദിയിൽ സന്നദ്ധത അറിയിച്ച് ജയറാം

മലയാളികളുടെ പ്രിയ താരമായ ജയറാം ഇപ്പോഴിതാ തന്റെ മരണ ശേഷം അവയവങ്ങൾ ദാനം ചെയ്യാൻ തയ്യാറാണെന്നു പൊതുവേദിയിൽ പറയുകയാണ്.
Jayaram, jayaram about his organ donation
Jayaram about donating his organs (Image Source: YouTube)

പലപ്പോഴും ബിഗ് സ്ക്രീനില്‍ തിളങ്ങി നില്‍ക്കുന്ന താരങ്ങള്‍ സ്വകാര്യ ജീവിതത്തിലും തങ്ങള്‍ പത്തരമാറ്റ് തിളക്കമുള്ളവരാണെന്ന് പ്രേക്ഷകരുടെ മുന്നില്‍ തെളിയിക്കാറുണ്ട്. തങ്ങളുടെ പെരുമാറ്റങ്ങളിലൂടെയും നിലപാടുകളിലൂടെയും മറ്റുള്ളവരോട് ഇടപഴകുന്നതിലൂടെയുമാണ് മിക്ക താരങ്ങളും ആരാധകരുടെ ഹൃദയം കീഴടക്കാറുണ്ട്. അക്കൂട്ടത്തില്‍ പലപ്പോഴും പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നിട്ടുള്ള താരമാണ് ജയറാം.
ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും വലിയൊരു സാമൂഹിക പ്രതിബദ്ധത കൂടി പ്രേക്ഷകരുമായി പങ്കിടുകയാണ് താരം. മരണശേഷം സ്വന്തം അവയവങ്ങള്‍ ദാനം ചെയ്യുന്നതിനും അവയവദാനത്തിന്റെ പ്രചാരകനാകാനും സന്നദ്ധത അറിയിക്കുകയാണ് ജയറാം. മസ്തിഷ്ക മരണത്തെ തുടർന്നുളള അവയവദാനത്തിന്റെ പ്രാധാന്യം സമൂഹത്തില്‍ ഉയർന്ന് വരണമെന്ന് പറഞ്ഞുകൊണ്ടായിരുന്നു ജയറാം അവയവദാനത്തിന് സമ്മതമെന്ന് അറിയിച്ചത്.
‘‘എന്റെ മരണ ശേഷം എന്റെ അവയവങ്ങൾ ദാനം ചെയ്യുമെന്ന് ആദ്യമായി ഇവിടെ വച്ച് അറിയിക്കുകയാണ്. എന്റെ ഏതെങ്കിലും അവയവം കൊണ്ട് മറ്റൊരാൾക്ക് ​ഉപകാരപ്പെടുമെങ്കിൽ, ഇവിടെ വച്ച് സമ്മത പത്രത്തിലും ഞാൻ ഒപ്പിട്ട് തരാം...’’ എന്നാണ് ജയറാം പൊതുവേദിയില്‍ വച്ച് പറഞ്ഞത്. ആലുവ രാജഗിരി ആശുപത്രിയില്‍ ആരംഭിച്ച ഫാറ്റി ലിവർ ക്ലിനിക്കിന്റെ ഉദ്ഘാടന വേദിയിലായിരുന്നു താരത്തിന്റെ പ്രഖ്യാപനം. ചടങ്ങില്‍ പങ്കെടുക്കാന്‍ ഭാര്യ പാർവതിക്ക് ഒപ്പമാണ് ജയറാം എത്തിയത്. നിറഞ്ഞ കൈയടിയോടെയാണ് താരത്തിന്റെ വാക്കുകളെ സദസ്സിലുള്ളവരും കാണികളും ഏറ്റെടുത്തത്.

ചടങ്ങില്‍ രാജഗിരി എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ഫാ.ജോണ്‍സണ്‍ വാഴപ്പിളളി അധ്യക്ഷത വഹിച്ച് പറഞ്ഞത്, ‘രോഗം മൂര്‍ച്ഛിക്കുമ്പോള്‍ ചികിത്സ തേടുന്ന പ്രവണത ഒഴിവാക്കാൻ ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ സഹായകരമാകുമെന്നാ’ണ്.
രാജഗിരി സെന്റർ ഓഫ് എക്സലൻസ് ഇൻ ഗ്യാസ്ട്രോ ഇന്റർസ്റ്റൈനല്‍ സയൻസ് ഡയറക്ടർ ഡോ. ഫിലിപ്പ് അഗസ്റ്റിൻ ഫാറ്റി ലിവർ ക്ലിനിക്കിന്റെ ആവശ്യകതയാണ് വിശദീകരിച്ചത്. തെറ്റായ ജീവിത ശൈലി, ഭക്ഷണ ക്രമം, മദ്യപാനം, വ്യായാമമില്ലായ്‌മ എന്നിവ കരള്‍ രോഗങ്ങള്‍ വര്‍ദ്ധിക്കാൻ കാരണമാകുന്നുവെന്ന് ഡോ.ഫിലിപ്പ് അഗസ്റ്റിൻ പറഞ്ഞു.
ആഗോള ഫാറ്റി ലിവർ ദിനത്തില്‍ നടന്ന പരിപാടിയില്‍ കരളിന്റെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു. നടി പാർവതി ജയറാം, ഗ്യാസ്ട്രോ വിഭാഗം മേധാവി ഡോ.റോഷ് വർഗീസ് എന്നിവർ ചേർന്ന് പാക്കേജ് പുറത്തിറക്കി. ലിപിഡ് പ്രൊഫൈല്‍, എല്‍എഫ്ടി, ഷിയർവേവ് എലാസ്റ്റോഗ്രഫി തുടങ്ങിയ പരിശോധനകള്‍ ഉള്‍പ്പെടുന്ന ലിവർ പാക്കേജ് കുറഞ്ഞ ചെലവില്‍ ചെയ്യാൻ കഴിയുമെന്ന് രാജഗിരി ആശുപത്രി അധികൃതർ അറിയിച്ചു.
രാജഗിരി മെഡിക്കല്‍ ഡയറക്ടർ ഡോ.ജിജി കുരുട്ടുകുളം, ഗ്യാസ്ട്രോളജി വിഭാഗം സീനിയർ കണ്‍സള്‍ട്ടന്റ് ഡോ. അജിത് തരകൻ, കരള്‍രോഗ വിഭാഗത്തിലെ ഡോ.സിറിയക് അബി ഫിലിപ്സ്, ഡോ.ജോണ്‍ മെനാച്ചേരി എന്നിവർ സംസാരിച്ചു. കരള്‍ രോഗങ്ങള്‍ നേരത്തെ കണ്ടുപിടിച്ച്‌ ചികിത്സിക്കുകയാണ് ഫാറ്റി ലിവര്‍ ക്ലിനിക്കിലൂടെ ലക്ഷ്യമിടുന്നത്. ലിവർ പാക്കേജിനെ കുറിച്ച്‌ കൂടുതല്‍ അറിയാൻ 7593030273 നമ്പറില്‍ ബന്ധപ്പെടാം.

Ads by Google
Friday 13 Jun 2025 12.13 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW