-->
മലയാള സിനിമാപ്രേക്ഷകര്‍ക്ക് മികച്ച സിനിമകള്‍ നല്‍കിയ സംവിധായകനും അഭിനേതാവുമാണ് ദിലീഷ് പോത്തന്‍. മഹേഷിന്റെ പ്രതികാരം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ഡയറക്ടര്‍ ബ്രില്ല്യന്‍സ് കാണിച്ചു കൊടുത്ത സംവിധായകന്‍. പിന്നീട് തൊണ്ടിമുതലും ദൃക്സാക്ഷിയും, ജോജിയും കൂടി എത്തിയതോടെ മലയാളികള്‍ ഈ സംവിധായകന്റെ ചിത്രങ്ങള്‍ക്ക് മികച്ചത് എന്ന അടിവരയിട്ടു. സംവിധായകന്‍ എന്നതിലുപരി അഭിനേതാവായും ഭാവന സ്റ്റുഡിയോസ് എന്ന നിര്‍മ്മാണക്കമ്പനിയിലൂടെ നിര്‍മ്മാതാവായും ദിലീഷ് പോത്തന്‍ കൈയടി നേടിയിട്ടുണ്ട്.
ജോജി, പ്രേമലു, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങി നിരവധി സൂപ്പർഹിറ്റ് സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച നിർമാണ കമ്പനിയാണ് ഭാവന സ്റ്റുഡിയോസ്. ഇവരുടേതായി അവസാനം പുറത്തിറങ്ങിയ ഗിരീഷ് എ ഡി ചിത്രം ‘പ്രേമലു’ ബോക്സ് ഓഫീസില്‍ വമ്പന്‍ വിജയം നേടി. 100 കോടിക്ക് മുകളില്‍ നേടിയ ചിത്രം അന്യഭാഷകളിലും തിയേറ്ററുകള്‍ നേടിയെടുത്തു. മലയാളികളല്ലാത്ത പ്രേക്ഷകരിലേക്ക് പോലും കണക്റ്റ് ചെയ്യാന്‍ ഗിരീഷ് എ ഡി സംവിധാനം ചെയ്ത ഈ ചിത്രത്തിനായി.
വലിയ വിജയം നേടിയ ചിത്രമായതിനാല്‍ത്തന്നെ അതിന്‍റെ രണ്ടാം ഭാഗത്തെക്കുറിച്ചും വലിയ പ്രേക്ഷക പ്രതീക്ഷ ഉണ്ടായിരുന്നു. പ്രേമലുവിന്‍റെ വിജയാഘോഷ വേദിയില്‍ വച്ചാണ് നിര്‍മ്മാതാക്കളായ ഭാവന സ്റ്റുഡിയോസ് രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. എന്നാല്‍ ചിത്രത്തെക്കുറിച്ച് പിന്നീട് അപ്ഡേറ്റുകളൊന്നും എത്തിയിട്ടില്ല. അണിയറക്കാര്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഈ പ്രോജക്റ്റ് നിലവില്‍ സ്തംഭിച്ചിരിക്കുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഇപ്പോഴിതാ ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ഇനി പുറത്തിറങ്ങാനുള്ള സിനിമകളുടെ അപ്ഡേറ്റ് നല്‍കുകയാണ് ദിലീഷ് പോത്തൻ. ഒപ്പം ‘പ്രേമലു 2’ വൈകുന്നതിന്റെ കാരണവും ദിലീഷ് പോത്തന്‍ പറയുന്നു. ‘‘പ്രേമലു 2 എന്തായാലും വൈകും. അതാണ് സിനിമയെക്കുറിച്ചുള്ള പുതിയ അപ്ഡേറ്റ്. ചിത്രം ഉറപ്പിക്കാറായിട്ടില്ല, ചില സാങ്കേതിക തടസ്സങ്ങള്‍ അതിലുണ്ട്. കരാട്ടെ ചന്ദ്രൻ ഈ വർഷം അവസാനത്തോടെ ആരംഭിക്കാൻ കഴിയുമെന്നാണ് കരുതുന്നത്. അതിനെല്ലാം മുൻപ് ഭാവന സ്റുഡിയോസിന്റെ ബാനറില്‍ ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ഒരു സിനിമ വരും. അതിന്റെ അനൗണ്‍സ്‌മെന്റ് വൈകാതെ വരും...
അതേസമയം ഭാവന സ്റ്റുഡിയോസിന്റെ അടുത്ത ചിത്രം ഗിരീഷ് എ ഡി തന്നെയാണ് സംവിധാനം ചെയ്യുക. മറ്റൊരു ചിത്രമായ കരാട്ടെ ചന്ദ്രന്‍ ഈ വര്‍ഷം അവസാനത്തോടു കൂടി ആരംഭിക്കാന്‍ പറ്റുമെന്നാണ് കരുതുന്നത്. ഗിരീഷ് എ ഡി ചിത്രത്തിന്റെ പ്രഖ്യാപനം താമസിയാതെ തന്നെ വരും...’’ ദിലീഷ് പോത്തന്‍ പറഞ്ഞു.
പ്രേമലുവിന്റെ രണ്ടാം ഭാഗമായ ‘പ്രേമലു 2’, ഫഹദ് ഫാസില്‍ നായകനായി എത്തുന്ന ‘കരാട്ടെ ചന്ദ്രൻ’, ഗിരീഷ് എ ഡി ചിത്രം എന്നിവയാണ് ഇനി ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ പുറത്തിറങ്ങാനുള്ള സിനിമകള്‍. പ്രേക്ഷകർ ഏറെ ആവേശത്തോടെയാണ് ഭാവന സ്റ്റുഡിയോസിന്റെ ചിത്രങ്ങളെ കാത്തിരിക്കുന്നത്.
ഫഹദ് ഫാസിലിനെ നായകനാക്കി റോയ് സംവിധാനം ചെയ്യുന്ന സിനിമയാണ് കരാട്ടെ ചന്ദ്രൻ. ‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തില്‍ അസ്സോസിയേറ്റ് സംവിധായകന്‍ ആയും ജോജിയില്‍ കോ ഡയറക്ടർ ആയും പ്രവർത്തിച്ച ആളാണ് റോയ്. എസ് ഹരീഷും വിനോയ് തോമസും ചേർന്ന് തിരക്കഥ രചിക്കുന്ന സിനിമയാണ് കരാട്ടെ ചന്ദ്രന്‍. പ്രേമലു 2 വിന് മുൻപായി ഗിരീഷ് എ ഡി ഒരുക്കുന്ന സിനിമയില്‍ നിവിൻ പോളിയാണ് നായകനെന്ന് റിപ്പോർട്ടുകളുണ്ട്.