Friday, March 13, 2026 Last Updated 8 Min 56 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Mar 2025 09.56 AM

‘‘പൊലീസിന്റെ ലഹരിവേട്ടയില്‍ 4000 പേരെ അറസ്റ്റ് ചെയ്‌തല്ലോ; അതില്‍ എത്ര സിനിമാക്കാരുണ്ട് ? ഒരാളാണെങ്കിലും അത് തെറ്റ് തന്നെ...’’ ദിലീഷ് പോത്തന്‍

ലഹരിവേട്ടയില്‍ മലയാള സിനിമാമേക്കപ്പ് ആര്‍ട്ടിസ്റ്റിനെ പോലീസ് പിടിച്ചത് വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും കാരണമായി. ഇപ്പോഴിതാ അതിനെക്കുറിച്ചുള്ള തന്റെ പ്രതികരണം തുറന്നു പറയുകയാണ് ദിലീഷ് പോത്തന്‍.
Dileesh Pothan, Drug abuse in malayalam cinema
Dileesh Pothan about drugs abuse in cinema (Image Source: Facebook)

മലയാള സിനിമ കഴിഞ്ഞ കുറച്ചു നാളുകളായി കുറെയധികം പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. കാസ്റ്റിംഗ് കൗച്ച് വിഷയങ്ങള്‍ ഒരു വലിയ തിരമാല പോലെ ആഞ്ഞടിക്കുകയും പലരും തങ്ങളുടെ അനുഭവങ്ങള്‍ തുറന്നു പറയുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് സിനിമയില്‍ വയലന്‍സ് കൂടുന്നു എന്ന തരത്തിലുള്ള തുറന്നു പറച്ചിലുകള്‍ ഉണ്ടായത്. സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുണ്ടെന്നും കുറ്റകൃത്യങ്ങള്‍ കുടാനുള്ള കാരണമായി സിനിമ മാറുന്നുണ്ടെന്നും സിനിമയ്ക്കുള്ളില്‍ തന്നെയുള്ളവര്‍ പറഞ്ഞു.
ഇക്കഴിഞ്ഞ ദിവസം സിനിമകളിലെ കഥാപാത്രങ്ങള്‍ ലഹരി ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നു എന്ന പ്രശ്നവും പൊതുസമക്ഷത്തില്‍ വന്നു. അതിനു പിന്നാലെ ആവേശം, പൈങ്കിളി, രോമാഞ്ചം സൂക്ഷ്മദര്‍ശിനി തുടങ്ങിയ സിനിമകളുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജിത്ത് ഗോപിനാഥന്‍ പിടിയിലായതോടെ വിമര്‍ശനങ്ങളും കൂടിക്കൂടി വരുന്നുണ്ട്.
ഇപ്പോഴിതാ നിയമം അനുവദിക്കാത്ത ഏത് ലഹരി ആര് ഉപയോഗിച്ചാലും തെറ്റാണെന്നും എന്നാല്‍ സിനിമയിലുള്ളവര്‍ മാത്രമല്ല ലഹരി ഉപയോഗിക്കുന്നതെന്നും പറയുകയാണ് നടനും സംവിധായകനുമായ ദിലീഷ് പോത്തന്‍.
ആവേശം, പൈങ്കിളി, രോമാഞ്ചം തുടങ്ങിയ സിനിമകളുടെ മേക്കപ്പ്മാന്‍ ലഹരിക്കേസില്‍ അറസ്റ്റിലായതിന്റെ പശ്ചാത്തലത്തില്‍ സിനിമാമേഖലയില്‍ ലഹരി ഉപയോഗം വര്‍ധിക്കുകയാണോ എന്ന ചോദ്യത്തോടാണ് ദിലീഷ് പോത്തന്‍ പ്രതികരിച്ചത്.
‘‘കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളിലായി പൊലീസ് നടത്തിയ ലഹരിവേട്ടയില്‍ നാലായിരത്തോളം പേരെ അറസ്റ്റ് ചെയ്‌തെന്നാണ് ഞാനൊരു വാര്‍ത്ത കണ്ടത്. അതില്‍ എത്ര സിനിമാക്കാരുണ്ടെന്ന് പറയൂ. സിനിമാക്കാർ മാത്രമാന്നോ കേരളത്തിൽ ലഹരി ഉപയോഗിക്കുന്നത്. ആ ദിവസം ആവേശം എന്ന സിനിമയിലെ മേക്കപ്പ് മാനെ മാത്രമല്ല പിടിച്ചത് 4000 ഓളം പേരെ പിടിച്ചിട്ടുണ്ട് എന്തുകൊണ്ട് നിങ്ങൾ പറയുന്നില്ല. ആ അറസ്റ്റിലായവരില്‍ ഡോക്ടര്‍മാരും ബിസിനസുകാരും തുടങ്ങി പല പ്രൊഫഷണലില്‍ നിന്നുള്ളവരുണ്ട്. സിനിമയില്‍ നിന്നുള്ള ഒരാളാണെങ്കിലും ചെയ്തത് തെറ്റ് തന്നെയാണ്. അങ്ങനെയല്ലെന്ന് പറയുന്നില്ല.
സിനിമയില്‍ ലഹരി ഉപയോഗിക്കുന്നവരുണ്ടാകും. കാരണം സിനിമയും ഈ സമൂഹത്തില്‍ തന്നെ ഉള്ളതാണ്. അല്ലാതെ വേറെ എവിടെയെങ്കിലുമുള്ളതല്ല. ഈ സമൂഹത്തില്‍ ലഹരി ഉപയോഗിക്കുന്നവരുണ്ടെങ്കില്‍ സിനിമയിലും ഉണ്ടാകും. എങ്കിലും സിനിമയില്‍ ക്രമാതീതമായ രീതിയില്‍ ലഹരി ഉപയോഗം ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല...’’ ദിലീഷ് പോത്തന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു ഹൈബ്രിഡ് കഞ്ചാവ് കൈവശം വെച്ചതിന് മേക്കപ്പ്മാന്‍ രഞ്ജിത്ത് ഗോപിനാഥ് അറസ്റ്റിലായത്. ആവേശം, പൈങ്കിളി, സൂക്ഷ്മദര്‍ശിനി, രോമാഞ്ചം, ജാനേമന്‍ തുടങ്ങി നിരവധി സിനിമകളില്‍ രഞ്ജിത്ത് മേക്കപ്പ് മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മൂലമറ്റം എക്സൈസ് 45 ഗ്രാം കഞ്ചാവ് രഞ്ജിത്തില്‍ നിന്ന് എക്‌സൈസ് പിടിച്ചെടുത്തു.
ഇടുക്കിയില്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന അട്ടഹാസം സിനിമയുടെ ലൊക്കേഷനിലേക്ക് പോകുന്നതിനിടെയാണ് രഞ്ജിത്ത് പിടിയിലായത്. കഞ്ചാവ് ഉപയോഗിച്ചതിന്റെ തെളിവുകളും എക്‌സൈസ് കണ്ടെത്തി. കഞ്ചാവ് സൂക്ഷിച്ച സിപ് ലോക്ക് കവറുകള്‍, കഞ്ചാവ് കുരുക്കള്‍ എന്നിവ എക്‌സൈസ് സംഘം പിടിച്ചെടുത്തു. ഇതിനെത്തുടര്‍ന്ന് രഞ്ജിത്ത് ഗോപിനാഥനെ ഫെഫ്ക അനിശ്ചിത കാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW