Saturday, March 14, 2026 Last Updated 8 Min 26 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jun 2025 01.48 PM

‘‘ദയവായി എന്നെ അനാവശ്യമായി പ്രശസ്തയാക്കരുത്; എല്ലാ ക്രെഡിറ്റും ഇന്ത്യന്‍ റെയില്‍വേയ്ക്കും അഫ്‌കോണ്‍സിനും...’’ ചെനാബ് പാലം പദ്ധതി പ്രവര്‍ത്തക ഡോ. മാധവി ലത

uploads/news/2025/06/785824/1000481536.jpg
R madhavi latha about chenab railway bridge

ചിലര്‍ തങ്ങളുടെ ജീവിതത്തില്‍ എത്ര വലിയ കാര്യങ്ങള്‍ ചെയ്താലും അതിന്റെ പ്രശസ്തിയോ ബഹുമതിയോ തന്റേത് മാത്രമല്ലെന്ന് തുറന്നു പറയാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും. ആ വിജയം കൈവരിക്കാൻ സഹായിച്ച എല്ലാവർക്കുമായി വിജയം പങ്കിടുന്നതാണ് സന്തോഷമെന്ന് ചിന്തിക്കുന്നവരാണവർ. അക്കൂട്ടത്തില്‍ ഒരാളാണ് ഡോ. മാധവി ലത. ലോകത്തിലെ ഏറ്റവും ഉയരമേറിയ ആർച്ച്‌ റെയില്‍ പാലമായ ജമ്മുകശ്മീരിലെ ചെനാബിലൂടെ ആദ്യ തീവണ്ടി ഓടിത്തുടങ്ങിയപ്പോള്‍ ഏറ്റവുമധികം കേട്ട പേരാണ് ഡോ. ജി. മാധവി ലത ഗാലിയുടേത്.
കഴിഞ്ഞ ആഴ്ച തുറന്ന രാജ്യത്തെ ആദ്യത്തെ കേബിള്‍ നിർമിത പാലം ചെനാബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്. ആ സ്വപ്ന പദ്ധതിയുടെ സാക്ഷാത്കാരത്തിന് പിന്നില്‍ നെടുംതൂണായി നിന്നത് ജിയോടെക്നിക്കല്‍ കണ്‍സള്‍ട്ടന്‍റായ മാധവിയായിരുന്നു. വാർത്തകളിൽ ചെനാബ് നിറഞ്ഞപ്പോൾ മാധവിയെ അഭിനന്ദിച്ച്‌ നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഇപ്പോഴിതാ തന്നെ പുകഴ്ത്തുന്നവരോട് അഭ്യര്‍ഥനയുമായി എത്തിയിരിക്കുകയാണ് മാധവി. ചെനാബ് പാലം നിര്‍മാണത്തില്‍ അഭിനന്ദനം അര്‍ഹിക്കുന്ന ആയിരക്കണക്കിന് ആളുകളില്‍ ഒരാളാണ് താനെന്ന് ദയവായി ഓര്‍ക്കണമെന്ന് മാധവി തന്റെ ലിങ്ക്ഡ് ഇന്‍ പോസ്റ്റില്‍ കുറിച്ചു.
‘‘ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ജി ചെനാബ് റെയിൽവേ പാലം ഉദ്ഘാടനം ചെയ്തതിന് ഇന്ത്യയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. പാലം ഒരു സിവിൽ എഞ്ചിനീയറിംഗ് അത്ഭുതമാണ്. ആസൂത്രണത്തിന്റെയും രൂപകൽപ്പനയുടെയും നിർമ്മാണത്തിന്റെയും എല്ലാ മഹത്വവും ഇന്ത്യൻ റാലിവേസിനും അഫ്‌കോണ്‍സിനും അർഹമാണ്.
ഈ ഐക്കണിക് പാലത്തിന്റെ നിർമ്മാണത്തിനായി ആയിരക്കണക്കിന് ആളുകൾ വ്യത്യസ്ത രീതികളിൽ ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്. ഇന്ന് ഞാൻ അവരെ അഭിവാദ്യം ചെയ്യുന്നു.
അഫ്‌കോണ്‍സിന്റെ ജിയോ ടെക്നിക്കൽ കൺസൾട്ടന്റ് എന്ന നിലയിൽ ചരിവ് സ്ഥിരത പദ്ധതികൾ വികസിപ്പിക്കുന്നതിലും ചരിവിലെ അടിത്തറകളുടെ രൂപകൽപ്പനയിലും സഹായിക്കുക എന്നതായിരുന്നു എന്റെ പങ്ക്.
‘ദൗത്യത്തിന് പിന്നിലെ സ്ത്രീ’, ‘അസാധ്യം സാധ്യമാക്കി’, ‘പാലം നിർമ്മിക്കാൻ അത്ഭുതങ്ങൾ ചെയ്തു’ തുടങ്ങിയ മറ്റ് എല്ലാ മാധ്യമ പ്രസ്താവനകളും അടിസ്ഥാനരഹിതമാണ്.
പല പിതാക്കന്മാരും അവരുടെ പെൺമക്കൾ എന്നെപ്പോലെയാകണമെന്ന് പറഞ്ഞുകൊണ്ട് എനിക്ക് കത്തെഴുതിയിട്ടുണ്ട്. നിരവധി കൊച്ചുകുട്ടികൾ ഇപ്പോൾ സിവിൽ എഞ്ചിനീയറിംഗ് അവരുടെ കരിയർ തിരഞ്ഞെടുപ്പായി ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നുവെന്ന് എനിക്ക് കത്തെഴുതിയിട്ടുണ്ട്. ഇതിൽ ഞാൻ വളരെ സന്തോഷവാനാണ്.
എനിക്ക് അഭിനന്ദന സന്ദേശങ്ങൾ അയച്ച എല്ലാ ഇന്ത്യക്കാർക്കും നന്ദി. ചെനാബ് പാലത്തിന് അഭിനന്ദനം അർഹിക്കുന്ന ആയിരക്കണക്കിന് ആളുകളിൽ ഒരാളാണ് ഞാൻ എന്ന് ദയവായി ഓർമ്മിക്കുക. ദയവായി എന്നെ അനാവശ്യമായി പ്രശസ്തയാക്കരുത്. ഞാൻ ഇപ്പോൾ സ്പെയിനിലാണ്, ഒരു സമ്മേളനത്തിൽ പങ്കെടുക്കുന്നു. എന്റെ സ്വകാര്യതയെ മാനിക്കണമെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. എല്ലാ മഹത്വവും ഇന്ത്യൻ റെയിൽവേയ്ക്ക്...’’ മാധവി ലത കുറിച്ചു. അസാധ്യമെന്ന് പലരും വിശേഷിപ്പിച്ച ഒരു ഉദ്യമം പൂര്‍ത്തിയാക്കിയതിന് റെയില്‍വേയെയും അഫ്കോണ്‍സിനെയും അവർ അഭിനന്ദിച്ചു.
പാലം നിർമിച്ച എഞ്ചിനീയറിംഗ് സ്ഥാപനമായ അഫ്‌കോണ്‍സിന്റെ ജിയോ ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്‍റാണ് മാധവി. എഞ്ചിനീയറിംഗ് അത്ഭുതത്തിന് പിന്നിലെ ഏക നായികയായി അവരെ ആഘോഷിക്കാന്‍ മാധ്യമ സ്ഥാപനങ്ങളും സോഷ്യല്‍ മീഡിയ ഉപയോക്താക്കളും തിരക്കുകൂട്ടിയപ്പോള്‍ മാധവി ലത അത് നിരസിച്ചിരുന്നു. നിലവില്‍ സ്പെയിനില്‍ ഒരു കോണ്‍ഫറൻസില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണ് ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (ഐഐഎസ്‌സി) പ്രൊഫസർ കൂടിയായ മാധവി.

ചെനാബ് നദിക്ക് മുകളിലൂടെ ഇന്ത്യൻ റെയില്‍വേ പാലം നിർമിച്ചിരിക്കുന്നത് ഉധംപുർ-ശ്രീനഗർ-ബാരാമുള്ള താഴ്‌വരകളെ ബന്ധിപ്പിച്ചുകൊണ്ട് 1.10 കിലോമീറ്റർ ദൈർഘ്യത്തിലാണ്. ഒരു തൂണില്‍ 96 കേബിളുകളില്‍ ഘടിപ്പിച്ചിരിക്കുന്ന പാലം കൊങ്കണ്‍ റെയില്‍വേ കോർപ്പറേഷന്റെ അഭിമാന പദ്ധതിയാണ്. ചെനാബ് നദിയില്‍ നിന്ന് 359 മീറ്റർ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പാലം ഐഫല്‍ ടവറിനേക്കാള്‍ 35 മീറ്റർ ഉയരത്തിലാണ്. 110 കിലോമീറ്റർ വേഗത്തില്‍ തീവണ്ടികള്‍ ഓടിക്കാവുന്ന പാലത്തിന് 120 വർഷത്തെ ആയുസ്സാണ് പറഞ്ഞിട്ടുള്ളത് . എട്ടുവർഷംകൊണ്ട് 400 ലധികം ജീവനക്കാരുടെ കഠിനപ്രയത്‌നം കൊണ്ടാണ് പാലം യാഥാര്‍ഥ്യമാക്കിയത്. കനത്ത പാരിസ്ഥിതികാഘാതങ്ങളെ ചെറുക്കുവാന്‍ ശേഷിയുള്ള ചെനാബ് റെയില്‍വേ പാലം ഒരു എന്‍ജിനീയറിങ് അത്ഭുതമെന്നാണ് റെയില്‍വെ വിശേഷിപ്പിക്കുന്നത്. മണിക്കൂറില്‍ 220 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റിനെപ്പോലും ചെറുത്തുനില്‍ക്കാന്‍ ഈ പാലത്തിന് സാധിക്കും.

Ads by Google
Thursday 12 Jun 2025 01.48 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW