-->
കൊച്ചി: സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ പരിഹസിച്ച്, കാര്‍ യാത്രയ്ക്കിടെ രണ്ട് നേതാക്കള്‍ നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവന്നതിനു പിന്നില്‍ പാര്‍ട്ടിയില്‍ രൂക്ഷമാകുന്ന വിഭാഗീയത. സംഘടനാതലത്തില്‍ അന്വേഷണത്തിനൊരുങ്ങി എറണാകുളം ജില്ലാനേതൃത്വവും സംസ്ഥാനനേതൃത്വവും.
കാര്‍ യാത്രയ്ക്കിടെ പാര്‍ട്ടി സംസ്ഥാന നിര്‍വാഹകസമിതിയംഗം കമലാ സദാനന്ദനും എറണാകുളം ജില്ലാ സെക്രട്ടറി കെ.എം. ദിനകരനും നടത്തിയ സംഭാഷണമാണ് ചോര്‍ന്നത്. ''ബിനോയ് വിശ്വം പുണ്യവാളനാകാന്‍ ശ്രമിക്കുകയാണ്. മറ്റുള്ളവര്‍ എന്തായാലും ഒരു കുഴപ്പവുമില്ല. ബിനോയിക്ക് നാണംകെട്ട് പുറത്തുപോകേണ്ടിവരും. സംസ്ഥാന എക്‌സിക്യൂട്ടീവില്‍പ്പോലും എതിര്‍പ്പുണ്ട്''- എന്നിങ്ങനെയാണ് പരാമര്‍ശങ്ങള്‍.
ബിനോയ് വിശ്വത്തെ കുറ്റപ്പെടുത്തുന്ന ശബ്ദരേഖ സംസ്ഥാനനേതൃത്വത്തിനു നാണക്കേടായതിനു പുറമേ, അദ്ദേഹത്തിനൊപ്പം ഉറച്ചുനില്‍ക്കുന്ന എറണാകുളം ജില്ലാനേതൃത്വവും വെട്ടിലായി. സംസ്ഥാനനേതൃത്വം ജില്ലാഘടകത്തോട് വിശദീകരണം തേടിയതായാണ് സൂചന. മാധ്യമങ്ങള്‍ക്ക് ആളുമാറിയതാകാമെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ ഒഴുക്കന്‍ മറുപടി. പി. രാജുവിനെ പുറത്താക്കി, കെ.എം. ദിനകരനെ സെക്രട്ടറിയാക്കിയതിനു പിന്നാലെ എറണാകുളം ജില്ലാഘടകത്തില്‍ വിഭാഗീയത രൂക്ഷമായിരുന്നു.
പിന്നീട്, അടുത്തിടെ രാജു മരിച്ചപ്പോള്‍ മൃതദേഹം കാണാന്‍പോലും ചില നേതാക്കളെ കുടുംബം അനുവദിച്ചില്ല. ഇതില്‍ ഗൂഢാലോചന ആരോപിച്ച് ദിനകരന്‍ വിഭാഗം മറുവിഭാഗത്തിനെതിരേ അച്ചടക്കനടപടിക്കുള്ള നീക്കത്തിലാണ്. ദിനകരനും മകനുമെതിരേ അഴിമതിയാരോപണം കടുപ്പിച്ച, വടക്കന്‍ പറവൂരിലെ 13 നേതാക്കളെ ഒരാഴ്ച മുമ്പ് തരംതാഴ്ത്തിയിരുന്നു.കോട്ടുവള്ളിയിലെ ഒരു നേതാവിനെതിരേ നടപടി വേണമെന്നും പുറത്തുവന്ന ശബ്ദരേഖയിലുണ്ട്.
ജില്ലയിലെ ചില നേതാക്കള്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് ബിനോയ് വിശ്വത്തെ കാണണം;സെക്രട്ടറി സ്വന്തം നിലയ്ക്ക് കാര്യങ്ങള്‍ തീരുമാനിക്കുകയാണെങ്കില്‍ പിന്നെന്തിന് കമ്മിറ്റിയെന്നു ചോദിക്കുന്നതും കേള്‍ക്കാം. എറണാകുളം ജില്ലാസമ്മേളനം ആസന്നമായിരിക്കേയാണ് ശബ്ദരേഖ പുറത്തുവന്നത്. കമലാ സദാനന്ദനും കെ.എം. ദിനകരനും ബിനോയ് പക്ഷക്കാരാണെന്നതും കൗതുകകരമാണ്.