-->
മലയാളത്തില്‍ മാത്രമല്ല മിക്ക ഭാഷകളിലുമിപ്പോള്‍ സിനിമകളുടെ റി റിലീസ് തരംഗമാണ്. ഒരു കാലത്ത് തിയേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി പ്രേക്ഷകര്‍ ഏറ്റെടുത്ത മിക്ക സിനിമകളുമിപ്പോള്‍ നൂതന സാങ്കേതിക മികവോടെ 4 കെയിലടക്കം തിയേറ്ററുകളില്‍ ഓളം സൃഷ്ടിക്കുകയാണ്. റി റിലീസിനെത്തിയ മിക്ക ചിത്രങ്ങളും പ്രേക്ഷകരെ കൊണ്ട് നിറയുന്നുണ്ട്.
അക്കൂട്ടത്തില്‍ റിലീസ് ട്രെന്റില്‍ ഏറ്റവും ഒടുവിലായി എത്തിയ മലയാള സിനിമയാണ് ഛോട്ടാ മുംബൈ. ഇതുവരെ മോളിവുഡില്‍ വീണ്ടും റിലീസ് ചെയ്ത സിനിമകളുടെ റെക്കോർഡുകള്‍ തകർക്കാനുള്ള തയ്യാറെടുപ്പിലാണ് ഛോട്ടാ മുംബൈ. അഞ്ചു ദിവസം കൊണ്ട് ഏകദേശം 2.60 കോടിയാണ് ആഗോളതലത്തില്‍ ചിത്രം നേടിയത് എന്നാണ് റിപ്പോര്‍ട്ട്. ഛോട്ടാ മുംബൈ തിയറ്ററുകളില്‍ ആവേശം സൃഷ്ടിക്കുമ്പോള്‍ മോഹൻലാലിന്റെ മറ്റ് ചില സിനിമകളും റി റിലീസ് ചെയ്യണമെന്ന ആവശ്യവുമായി ആരാധകർ സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്.
ഇപ്പോഴിതാ അതിനിടയില്‍ മോഹന്‍ലാല്‍ ആരാധകനും പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള സംവിധായകനുമായ ഒമര്‍ ലുലു തന്റെയൊരിഷ്ടം സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ പങ്കിട്ടിരിക്കുകയാണ്. മോഹന്‍ലാല്‍ ചിത്രമായ ‘ഇരുപതാം നൂറ്റാണ്ട്’ റി റിലീസ് ചെയ്തിരുന്നുവെങ്കിലെന്നാണ് ഒമര്‍ കുറിച്ചിരിക്കുന്നത്. ‘‘ഞാന്‍ ഏറ്റവും കൂടുതല്‍ കണ്ട സിനിമ, എത്ര വട്ടം കണ്ടാലും മടുക്കാത്ത സിനിമ ഇതൊന്ന് റീ മാസ്റ്റര്‍ ചെയ്തത് 4k ഡോള്‍ബിയില്‍ റി റിലീസ് ചെയ്തിരുന്നെങ്കില്‍...’’ എന്നാണ് ഫയര്‍ ഇമോജിക്കൊപ്പം ഒമര്‍ കുറിച്ചത്. ഒപ്പം ഇരുപതാം നൂറ്റാണ്ടിന്റെ ഒരു പഴയ പോസ്റ്ററും സംവിധായകന്‍ പങ്കുവച്ചിട്ടുണ്ട്.
മോഹന്‍ലാല്‍ എന്ന താരരാജാവിന്റെ ഉദയം തന്നെയായിരുന്നു ഇരുപതാം നൂറ്റാണ്ടിലെ സാഗർ ഏലിയാസ് ജാക്കി. ഒരു സൂപ്പര്‍താരമാക്കി മോഹന്‍ലാലിനെ മാറ്റിയതില്‍ ഈ സിനിമയ്ക്കുള്ള പങ്ക് ചെറുതൊന്നുമല്ല. ഇന്നും ഇരുപതാം നൂറ്റാണ്ടിലെ കഥാപാത്രങ്ങളുടെ പേരുകളും അതിലെ സംഭാഷണങ്ങളുമൊക്കെ പ്രേക്ഷകര്‍ തരംഗമാക്കുകയാണ്. ‘നാര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്’ എന്ന ഡയലോഗ് പ്രേക്ഷകര്‍ ട്രെന്‍ഡാക്കി മാറ്റിയതാണ്.
കെ. മധുവിന്റെ സംവിധാനത്തില്‍ 1987ല്‍ റിലീസ് ചെയ്ത ഇരുപതാം നൂറ്റാണ്ടില്‍ മോഹൻലാലിനൊപ്പം ജഗതി ശ്രീകുമാര്‍, സുരേഷ് ഗോപി, അംബിക, ഉര്‍വശി ഉള്‍പ്പെടെയുളള താരങ്ങളും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. ഈ സിനിമയുടെ രണ്ടാം ഭാഗമായി സാഗർ ഏലിയാസ് ജാക്കി റീലോഡഡ് കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രേക്ഷകർക്ക് മുന്നിലെത്തിയിരുന്നു. അമല്‍ നീരദ് ആയിരുന്നു അതിന്റെ സംവിധാനം. ജാക്കിയുടെ രണ്ടാം വരവും ആരാധകര്‍ ആഘോഷമാക്കി.
ഇരുപതാം നൂറ്റാണ്ടിന്റെ തരംഗമായിരുന്നു പശ്ചാത്തല സംഗീതം രണ്ടാം ഭാഗത്തിനായി അണിയറ പ്രവര്‍ത്തകര്‍ വീണ്ടും പുനരാവിഷ്‌കരിച്ചിരുന്നു. എന്തായാലും സിനിമ തിയറ്ററുകളില്‍ വീണ്ടും എത്താന്‍ പ്രേക്ഷകരും വലിയ ആവേശത്തോടെ കാത്തിരിക്കുന്നുണ്ട്.