-->
ഇന്ത്യയിൽ ജനിച്ച് വളർന്ന പല ചെറുപ്പക്കാരും ജോലിക്ക് വേണ്ടി വിദേശത്തേക്ക് ചേക്കേറുന്നത് ഒരു പുതിയ സംഭവമല്ല. പലരും തങ്ങളുടെ വിദേശ ജോലിയിലെ നന്മകൾ സോഷ്യൽ മീഡിയയിൽ പങ്കിടാറുണ്ട്.
ഇപ്പോഴിതാ ഇന്ത്യയിലെയും സ്വീഡനിലെയും തൊഴിലിടങ്ങളിലെ പ്രധാന വ്യത്യാസങ്ങളെ കുറിച്ച് വിശദീകരിക്കുകയാണ് ഇന്ത്യക്കാരനായ ഐടി ജീവനക്കാരൻ.
സ്വീഡനില്‍ കോർപ്പറേറ്റ് ജോലികളില്‍ ജോലി-ജീവിത സന്തുലിതാവസ്ഥയ്ക്ക് മുൻഗണന നല്‍കുന്നുവെന്നും അത് വെറും വാക്കല്ലെന്നും സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കിട്ട് ഇന്ത്യൻ സോഫ്റ്റ്‍വെയർ ഡെവലപ്പറായ അശുതോഷ് സമൽ പറഞ്ഞു. തൊഴിലിടത്തിലുള്ള വ്യത്യാസത്തെ കുറിച്ചുള്ള തന്റെ നിരീക്ഷണങ്ങളാണ് അശുതോഷിന്റെ വീഡിയോയിലുള്ളത്.
"സ്വീഡനില്‍ ജീവനക്കാർ സാധാരണയായി രാവിലെ എട്ട് മണിക്ക് ജോലി തുടങ്ങും. ചില ഓഫീസുകളില്‍ സൗജന്യായി പ്രഭാത ഭക്ഷണം പോലും ലഭിക്കും. ജോലി സ്ഥലത്ത് ഇരിപ്പിടത്തിന്റെ കാര്യത്തില്‍ ജൂനിയർ സീനിയർ വ്യത്യാസമൊന്നുമില്ല. സിഇഒയ്ക്ക് ഉള്‍പ്പെടെ പ്രത്യേക സീറ്റുകളുണ്ടാവാറില്ല. എല്ലാവരും അവിടെ ഒരുപോലെയാണ്. ചിലപ്പോള്‍ സിഇഒ തന്റെ അരികിലിരുന്ന് ജോലി ചെയ്യാറുണ്ട്.
ജോലി സമയത്ത് ഇടവേളകള്‍ എടുക്കാനും ഗെയിം കളിക്കാനും കാപ്പി കുടിക്കാനുമെല്ലാം ജീവനക്കാർക്ക് സമയം നല്‍കുന്നു. വേനല്‍ക്കാലത്ത്, ചില ഓഫീസുകള്‍ പ്രവൃത്തി സമയം എട്ട് മണിക്കൂറില്‍ നിന്ന് ഏഴ് മണിക്കൂറായി കുറയ്ക്കാറുണ്ട്. വൈകുന്നേരം 4 അല്ലെങ്കില്‍ 4.30 ആകുമ്പോഴേക്കും മിക്കവരും ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നു. കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം സമയം ചെലവഴിക്കുന്നതിന് അവിടെ മുൻഗണനയുണ്ട്..." സമല്‍ പറയുന്നു.
"സ്വീഡനിലെയും യൂറോപ്പിലെയും കോർപ്പറേറ്റ് ഓഫീസ് സംസ്കാരം ഇന്ത്യയിലേതില്‍ നിന്ന് വ്യത്യസ്തമാണ്..." എന്ന ക്യാപ്ഷൻ നൽകിയാണ് സമല്‍ വീഡിയോ പങ്കിട്ടത്.
വീഡിയോ വൈറലായതോടെ ഇതിന് താഴെ ഒട്ടേറെപ്പേരാണ് പ്രതികരിച്ചു. ചിലർ പോസിറ്റീവ് വശങ്ങളും മറ്റു ചിലർ അതിന്റെ നെഗറ്റീവ് വശങ്ങളും പങ്കിട്ടു.
'യൂറോപ്യൻ സംസ്കാരങ്ങളില്‍ ജോലി-ജീവിത സന്തുലിതാവസ്ഥയ്ക്ക് കൂടുതല്‍ പ്രാധാന്യമുണ്ട്, ഇന്ത്യയും സമാനമായ സമീപനത്തിലേക്ക് പതുക്കെ മാറുകയാണ്, ഇന്ത്യയിലെ മോശം കോർപറേറ്റ് സംസ്കാരം ഒഴിവാക്കാൻ ഞാൻ എടുത്ത തീരുമാനം വളരെ മികച്ചതായിരുന്നെന്ന് എനിക്ക് തോന്നുന്നു...' എന്നതടക്കമാണ് കമന്റുകൾ.
ഇപ്പറഞ്ഞ തൊഴില്‍ സംസ്കാരം ഇന്ത്യയിലുമുണ്ടെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്.
ഇന്ത്യയില്‍ ചിലയിടത്ത് സൗജന്യ ഉച്ചഭക്ഷണവും ലഘുഭക്ഷണവും ലഭിക്കാറുണ്ട്. കൂടാതെ സൗജന്യ സിനിമാ ടിക്കറ്റുകള്‍, ജിം, ടാക്സി സൗകര്യങ്ങള്‍, കോർപ്പറേറ്റ് ഡിന്നർ എന്നിവയും ഉണ്ട്, ബാംഗ്ലൂരിലെ ഒരു ചെറിയ സ്ഥാപനത്തിലാണ് ഞാൻ ജോലി ചെയ്യുന്നത്. താങ്കള്‍ പറഞ്ഞ അതേ രീതികളാണ് ഇവിടെയുമുള്ളത്... ' എന്നിങ്ങനെ നീളുന്നു കമന്റുകൾ.