-->
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജനങ്ങളിൽ നിന്നും സംഭാവന തേടി പി വി അൻവർ ( P V Anvar ). ''നമ്മുടെ നാടിനെ നശിപ്പിക്കുന്ന പിണറായിസത്തിനെതിരെ പോരാടിയതിന്റെ പേരിൽ എല്ലാം നഷ്ടപ്പെട്ടവനാണ് ഞാൻ. ഈ പോരാട്ടത്തിൽ അധികാരവും ഭരണത്തണലും മാത്രമല്ല, ഇത്ര കാലം വിയർപ്പൊഴുക്കി സമ്പാദിച്ചത് കൂടി നഷ്ടമായി. നിങ്ങൾ എനിക്ക് സംഭാവന നൽകുന്ന ഓരോ രൂപയും എനിക്കുള്ള ധാർമിക പിന്തുണയായിട്ടാണ് കാണുന്നത്''- അൻവർ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
'എന്റെ സാമ്പത്തിക പരിമിതിയെപ്പറ്റി മുമ്പ് സൂചിപ്പിച്ചതാണ്. എത്രയോ കോടി രൂപയുടെ സ്വത്ത് എനിക്കുണ്ട്. പക്ഷേ ഒരു സെന്റ് ഭൂമി പോലും വില്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. തെരഞ്ഞെടുപ്പിനുള്ള ഒരു മുന്‍കരുതലും എന്റെ കൈയിലില്ല. ഒരു ക്രൗഡ് ഫണ്ടിംഗിന് സഹായിക്കാമെന്ന് ആയിരക്കണക്കിനാളുകള്‍ മെസേജ് അയച്ചിട്ടുണ്ട്. മാനസിക അല്ലെങ്കില്‍ ധാര്‍മിക പിന്തുണ അര്‍പ്പിക്കാന്‍ നിലമ്പൂരിലെ വോട്ടര്‍മാര്‍ ഒരു പത്ത് രൂപ അല്ലെങ്കില്‍ ഒരു രൂപ ഈ അക്കൗണ്ടിലേക്ക് അയക്കണം.'- പി വി അന്‍വര്‍ പറഞ്ഞു.