-->
പത്തനംതിട്ട: ജില്ലയില്‍ പോക്‌സോ കേസുകള്‍ അട്ടിമറിക്കാന്‍ പോലീസും ശിശു ക്ഷേമസമിതിയും (സി.ഡബ്ല്യു.സി) ഒറ്റക്കെട്ട്. കോന്നിയില്‍ത്തന്നെ മറ്റൊരു പോക്‌സോ കേസ് അട്ടിമറിക്കാന്‍ വനിതാ എസ്.ഐയാണ് നേതൃത്വം നല്‍കിയത്. ഈ വിവരം പരാതിയായി ജില്ലാ പോലീസ് മേധാവിക്കും സി.ഡബ്ല്യു.സിക്കും മുന്നിലെത്തിയെങ്കിലും അന്വേഷണം വഴിപാടാക്കി.
ട്യൂഷന്‍ ടീച്ചറുടെ പിതാവ് ഏഴുവയസുകാരിയെ പീഡിപ്പിച്ച കേസാണ് പത്തനംതിട്ട വനിതാ പോലീസ് സ്‌റ്റേഷന്‍ എസ്.ഐ. അട്ടിമറിക്കാന്‍ ശ്രമിച്ചത്. കുട്ടിയുടെ പിതാവ് പരാതിയുമായി സമീപിച്ചെങ്കിലും അനുനയിപ്പിച്ച് തിരിച്ചയയ്ക്കാനായി ശ്രമം. എസ്.ഐ. അപ്പോള്‍തന്നെ പ്രതിയുടെ ബന്ധുവിനെ വിളിച്ച് പരാതി കിട്ടിയ കാര്യം അറിയിക്കുകയും ചെയ്തു.
തുടര്‍ന്ന്, കുട്ടിയുടെ പിതാവ് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കോന്നി എസ്.എച്ച്.ഒ. പ്രതിയെ അറസ്റ്റ് ചെയ്തു. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച വനിതാ എസ്.ഐക്കെതിരേ ജില്ലാ പോലീസ് മേധാവിക്കും സി.ഡബ്ല്യു.സിക്കും കുട്ടിയുടെ പിതാവ് പരാതി നല്‍കി. ജില്ലാ പോലീസ് മേധാവി പരാതി പൂഴ്ത്തി. സി.ഡബ്ല്യു.സിയാകട്ടെ പരാതി പത്തനംതിട്ട ഡിവൈ.എസ്.പിക്കു കൈമാറി.
സംഭവം വിവാദമായതോടെ ഒരു മാധ്യമപ്രവര്‍ത്തകന്‍ പരാതികളുടെ തല്‍സ്ഥിതി അറിയാന്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കി. എന്നാല്‍, എസ്.പി. ഓഫീസിലെ വിവരാവകാശ ഉദ്യോഗസ്ഥന്‍ മറുപടി നിഷേധിച്ചു.