Friday, March 13, 2026 Last Updated 6 Min 59 Sec ago English Edition
Todays E paper
Ads by Google
Monday 02 Jun 2025 02.16 PM

പ്രളയഭീതിയൊഴിഞ്ഞു, കുട്ടനാട്ടിലെ ദുരിതം മാറാന്‍ ദിവസങ്ങള്‍ വേണ്ടിവരും; ജില്ലയില്‍ ഇന്നലെ 9 വീടുകള്‍ പൂര്‍ണമായും 222 ഭാഗികമായും തകര്‍ന്നു

uploads/news/2025/06/784245/flood-scooter.gif

ആലപ്പുഴ/എടത്വാ: കനത്ത മഴയില്‍നിന്ന് ആശ്വാസം. രണ്ടു ദിവസം മഴ മാറിനിന്നതോടെ അപ്പര്‍ കുട്ടനാട്ടില്‍ പ്രളയഭീതി ഒഴിഞ്ഞു. ജലനിരപ്പ് താഴ്ന്നുതുടങ്ങി. ആറു ദിവസമായി ചെയ്യുന്ന കനത്ത മഴയിലും കിഴക്കന്‍ വെള്ളത്തിന്റെ വരവിലും അപ്പര്‍ കുട്ടനാട്ടിലെ ജലനിരപ്പ് അപകട നിലയില്‍ എത്തിയിരുന്നു.

പമ്പാ, മണിമല, അച്ചന്‍കോവിലാറുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയും റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തതോടെ 2018 ലെ പ്രളയത്തിന്റെ ഓര്‍മയാണ് ജനങ്ങളില്‍ ആശങ്ക വര്‍ധിപ്പിച്ചത്. എന്നാല്‍ കുട്ടനാട്ടിലെ വെള്ളമിറങ്ങി ജനജീവിതം സാധാരണ നിലയിലേക്കു മടങ്ങാന്‍ ദിനങ്ങള്‍ വേണ്ടിവരും. ജലനിരപ്പ് കുറയാന്‍ തുടങ്ങിയെങ്കിലും ദുരിതത്തിന് അറുതിയില്ല.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെത്തുടര്‍ന്ന് കുട്ടനാട്, അമ്പലപ്പുഴ താലൂക്കുകളിലെ മിക്ക പ്രദേശങ്ങളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെടുകയും ജലനിരപ്പ് വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇന്ന് കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അംഗന്‍വാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അമ്പലപ്പുഴ താലൂക്കിലെ പുറക്കാട് പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

ജില്ലയില്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും അവധി നല്‍കിയിട്ടുണ്ട്. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.മൂന്നുദിവസത്തിനുള്ളില്‍ ഒട്ടുമിക്ക പഞ്ചായത്തിലും വെള്ളപ്പൊക്കം രൂക്ഷമായി തീര്‍ന്നിരുന്നിരുന്നു. അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയില്‍ ഉള്‍പ്പെടെ വെള്ളം കയറിയതോടെ ജനം പരിഭ്രാന്തിയിലായി. നൂറുകണക്കിന് വീടുകള്‍ വെള്ളത്തില്‍ മുങ്ങി. കാലവര്‍ഷം കേരള തീരം തൊടുന്നതിന് മുന്‍പേ കനത്ത മഴയിലും ചുഴലി കാറ്റിലും നിരവധി അപകടങ്ങള്‍ നടന്നിരുന്നു. അപ്പര്‍ കുട്ടനാട്ടില്‍ നൂറിലേറെ വീടുകളാണു തകര്‍ന്നത്. പൂര്‍ണമായി തകര്‍ന്ന വീടുകളിലെ താമസക്കാര്‍ ക്യാമ്പുകളിലും ബന്ധുവീടുകളിലുമാണ് അഭയം പ്രാപിച്ചത്.

പത്തനംതിട്ട ജില്ലയില്‍ നിന്ന് ഒഴുകിയെത്തുന്ന വെള്ളം കടലിലേക്ക് ഒഴുക്കിവിടാനുള്ള കാലതാമസമാണ് ജലനിരപ്പ് അപകട നിലയിലെത്താന്‍ കാരണം. അതേ സമയം, പ്രധാന ഡാമുകള്‍ നിറയാത്തത് ഒരു പരിധിവരെ കുട്ടനാട്ടുകാര്‍ക്ക് ഗുണം ചെയ്തു. ജലനിരപ്പ് അപകട നിലയില്‍ എത്തിയതോടെ ക്യാമ്പുകളുടെ പ്രവര്‍ത്തനം ആരംഭിച്ചു. തലവടി, മുട്ടാര്‍, വീയപുരം, തകഴി പഞ്ചായത്തിലെ നിരവധി കുടുംബങ്ങളാണ് ക്യാമ്പില്‍ എത്തിയത്. ജലനിരപ്പ് കുറഞ്ഞു തുടങ്ങിയെങ്കിലും വീടുകളില്‍ കയറിയ വെള്ളം പൂര്‍ണമായി ഒഴിഞ്ഞിട്ടില്ല.

വീടുകളില്‍നിന്ന് വെള്ളം ഒഴിഞ്ഞാലും താമസസൗകര്യം ഒരുക്കണമെങ്കില്‍ ദിവസങ്ങള്‍ വേണ്ടിവരും. തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മാണം മുതല്‍ ശുചീകരണം വരെയുള്ള ബുദ്ധിമുട്ടുകളാണു ദുരിതബാധിതരെ കാത്തിരിക്കുന്നത്. ഉള്‍പ്രദേശങ്ങളില്‍ ഒടിഞ്ഞു വീണ വൈദ്യുതി പോസ്റ്റുകള്‍ പുനഃസ്ഥാപിക്കാനും വൈദ്യുതി തടസം പൂര്‍ണ്ണമായി നീങ്ങാനും ദിവസങ്ങളെടുക്കും.നെല്‍കൃഷിയും കരക്കൃഷിയും വ്യാപകമായി നശിച്ചിരുന്നു. ഓണം സീസണ്‍ ലക്ഷ്യമിട്ട് കൃഷി ചെയ്ത ഏത്തവഴയും മരച്ചീനിയും നശിച്ചു. പച്ചക്കറി കൃഷിയും വ്യാപകമായി നശിച്ചു.

രണ്ടാം കൃഷി ഇറക്കിയ നിരവധി പാടങ്ങളും മടവീണു. നെല്‍കൃഷി സംരക്ഷിക്കാന്‍ കര്‍ഷകര്‍ കിണഞ്ഞ് ശ്രമിച്ചെങ്കിലും ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. വിതയിറക്കി ആഴ്ചകള്‍ പിന്നിട്ട നെല്‍കൃഷിയാണ് വെള്ളപ്പൊക്കത്തില്‍ നശിച്ചത്. കനത്ത മഴയ്ക്ക് ശമനം വന്നതോടെ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് വെള്ളം ഇറങ്ങി തുടങ്ങിയത്. കിഴക്കന്‍ വെള്ളത്തിന്റെ കുത്തൊഴുക്കും കുറഞ്ഞിട്ടുണ്ട്. ഇന്നലെ രാത്രിയോടെ അരയടിയിലേറെ വെള്ളം കുറഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളില്‍ മഴ ശക്തി പ്രാപിച്ചില്ലെങ്കില്‍ ജനജീവിതം സാധാരണ നിലയിലേയ്ക്ക് മടങ്ങിവരും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW