-->
കണ്ണൂര്‍: കണ്ണൂര്‍ പൊരുതി വിജയിച്ച കോണ്‍ഗ്രസ്സുകാരുടെ ത്യാഗഭൂമിയാണെന്നും ആ മണ്ണിന് വേണ്ടി കോണ്‍ഗ്രസിന്റെ ത്രിവര്‍ണ്ണ പതാക നെഞ്ചിലേറ്റി കെ. സുധാകരന്‍ എന്നും മുന്നില്‍ തന്നെ ഉണ്ടാകുമെന്നും കോണ്‍ഗ്രസ്‌നേതാവ് കെ.സുധാകരന്‍. നിയമസഭാ തെരഞ്ഞെുടപ്പില്‍ മത്സരിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടതിന് തൊട്ടുപിന്നാലെ വൈകാരികമായ ഫേസ്ബുക്ക് പോസ്റ്റുമായി സുധാകരന്‍ രംഗത്ത് വന്നു.
കണ്ണൂര്‍ എന്നത് എന്റെ ഹൃദയ രക്തമാണ്. കണ്ണൂരിലെ കോണ്‍ഗ്രസ്സ് എന്നും എന്റെ മേല്‍വിലാസവുമാണ്് എന്ന വാക്കുകളോടെ നടത്തിയിട്ടുള്ള കുറിപ്പില്‍ കണ്ണൂരുമായും കോണ്‍ഗ്രസുമായും ഉള്ള വൈകാരികത ഇളക്കിവിട്ടിരിക്കുകയാണ്. നേരത്തേ നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ മത്സരിക്കാനുള്ള താല്‍പ്പര്യം പ്രകടിപ്പിച്ചെങ്കിലും കെപിസിസി സീറ്റ് നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാതെ സുധാകരന്‍ ഇന്നലെ കണ്ണൂരിലേക്ക് മടങ്ങിയിരുന്നു. തനിക്ക് സീറ്റ് നല്‍കാതെ ഒഴിവാക്കിയതിനെതിരേ രൂക്ഷമായി പ്രതികരിച്ചും വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്നും സൂചിപ്പിച്ച് പാര്‍ട്ടിയോടും നാടിനോടുമുള്ള വൈകാരികത വ്യക്തമാക്കിയാണ് കുറിപ്പ്.
ഇന്നലെ ഡല്‍ഹിയില്‍ കേരളനേതൃത്വവുമായി ആശയവിനിമയം നടത്തുകയും സീറ്റില്ലെന്ന നേതാക്കളുടെ നിലപാടിനെ തുടര്‍ന്ന് പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാതെ സുധാകരന്‍ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. സുധാകരന്‍ മത്സരിക്കുന്ന കാര്യം കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറിക്ക് കാരണമായി മാറിയേക്കും. സുധാകരന്‍ അനുകൂലികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. പുറത്തുവരാനിരിക്കുന്ന സ്ഥാനാര്‍ത്ഥിപട്ടികയില്‍ കെ.സുധാകരന്റെ പേര് ഇല്ലെങ്കില്‍ കൂട്ടരാജിയെന്ന ഭീഷണിയാണ് മുഴക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്:
കണ്ണൂര്‍ എന്നത് എന്റെ ഹൃദയ രക്തമാണ്. കണ്ണൂരിലെ കോണ്‍ഗ്രസ്സ് എന്നും എന്റെ മേല്‍വിലാസവുമാണ്. കല്ലില്‍ നിന്നും, കത്തിയില്‍ നിന്നും, അരിവാളില്‍ നിന്നും, ബോംബില്‍ നിന്നും തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയില്‍ സംരക്ഷിക്കുന്നതുപോലെ ഞാന്‍ മുന്നില്‍ നിന്ന് പൊരുതി സംരക്ഷിച്ച എന്റെ സഹോദരരെ കമ്മ്യൂണിസ്റ്റു കാപാലികര്‍ ഉപദ്രവിക്കുന്നത് കണ്ടു നില്ക്കാന്‍ എനിക്കൊരിക്കലും സാധിക്കില്ല.
ഞാന്‍ ഉണരുമ്പോള്‍ എന്റെ കണ്ണില്‍ തെളിയുന്നത് ജീവനും രക്തവും നല്‍കി നമ്മളൊരുമിച്ചു കെട്ടിപ്പടുത്ത നമ്മുടെ പാര്‍ട്ടിയുടെ സ്വപ്നങ്ങളാണ്.
ഞാന്‍ കണ്ണടക്കുമ്പോള്‍ ഉള്‍ക്കണ്ണില്‍ തെളിഞ്ഞു വരുന്നത് കമ്മ്യൂണിസ്റ്റുകാര്‍ നരനായാട്ട് നടത്തി കൊലപ്പെടുത്തിയ എന്റെ സഹപ്രവര്‍ത്തകരുടെ ചേതനയറ്റ മുഖവുമാണ്.
കണ്ണൂര്‍ ഹൃദയരക്തം ഇറ്റി വീണ നമ്മുടെ മണ്ണാണ്. പൊരുതി വിജയിച്ച കോണ്‍ഗ്രസ്സുകാരുടെ
ത്യാഗഭൂമിയാണ്. ആ മണ്ണിന് വേണ്ടി കോണ്‍ഗ്രസിന്റെ ത്രിവര്‍ണ്ണ പതാക നെഞ്ചിലേറ്റി
കെ. സുധാകരന്‍ എന്നും മുന്നില്‍ തന്നെ ഉണ്ടാകും. എന്റെ ചോരയും വിയര്‍പ്പും വീണ മണ്ണില്‍, എന്റെ സഹപ്രവര്‍ത്തകരുടെ ചോരവീണ മണ്ണില്‍, ഉറ്റവരെ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ചങ്കു പിളര്‍ന്ന വിലാപങ്ങളുയര്‍ന്ന മണ്ണില്‍ കെ.സുധാകരന്‍ തലയുയര്‍ത്തി നില്ക്കും.
എന്റെ പ്രസ്ഥാനത്തെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനത്തിനിടയില്‍ എന്റെ വീടിനെയും വീട്ടുകാരെയും കുറിച്ച് ഞാന്‍ ഈ നിമിഷം വരെ ചിന്തിച്ചിട്ടില്ല. എന്റെ കൈപിടിച്ച് വളര്‍ന്നവരും പ്രവര്‍ത്തിച്ചവരുമാണ് ഇന്ന് കണ്ണൂരിലുള്ള ഓരോ നേതാക്കളും. ഞാന്‍ അറിയാത്ത കണ്ണൂരില്ല, എന്നെ അറിയാത്ത കണ്ണൂരുമില്ല. കടന്നുവന്ന കനല്‍ വഴികള്‍ ഒരുപക്ഷെ മറ്റുള്ളവര്‍ക്ക് മറക്കാനാകുമായിരിക്കും, പക്ഷെ എനിക്കതൊന്നും മരണത്തിലും മറക്കാനാവാത്ത പച്ചയായ യാഥാര്‍ഥ്യങ്ങളാണ്.