-->
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദന്‍. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുതിയ ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. നടന്‍ മോഹന്‍ലാലിനൊപ്പമുളള ഫോട്ടോയാണ് ഉണ്ണി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് െചയ്തിരിക്കുന്നത്. എല്‍ ഫോര്‍ ലവ് എന്ന ക്യാപ്ഷനും അദ്ദേഹം ചിത്രത്തിന് നല്‍കിയിട്ടുണ്ട്. എംബ്രോയ്ഡറി ഉളള വൈറ്റ് ഷര്‍ട്ടുകള്‍ ആണ് ഫോട്ടോയില്‍ ഇരുവരും ധരിച്ചിരിക്കുന്നത്.
അതേസമയം മുന്‍ മാനേജരെ മര്‍ദ്ദിച്ചെന്ന കേസില്‍ ഉണ്ണി മുകുന്ദന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി എറണാകുളം ജില്ല കോടതി ഇന്നലെ തീര്‍പ്പാക്കിയിരുന്നു. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. പോലീസിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി. നേരത്തെ, കേസില്‍ ഗൂഢാലോചന ആരോപിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. ഡിജിപിക്കും ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കുമാണ് മുകുന്ദന്‍ പരാതി നല്‍കിയത്. അതേസമയം വലിയ വാര്‍ത്താപ്രാധാന്യം നേടിയ സംഭവത്തില്‍ വിശദീകരണവുമായി ഉണ്ണി മുകുന്ദന്‍ ഇന്നലെ വാര്‍ത്താ സമ്മേളനവും നടത്തിയിരുന്നു.
മുന്‍ മാനേജരായ വിപിന്‍ കുമാറിനെ മര്‍ദ്ദിച്ചിട്ടില്ലെന്ന നിലപാട് ആവര്‍ത്തിച്ച ഉണ്ണി മുകുന്ദന്‍ തന്നെക്കുറിച്ച് വിപിന്‍ മോശം കാര്യങ്ങള്‍ പറഞ്ഞുപരത്തിയെന്നും ആരോപിച്ചു. വാക്കുതര്‍ക്കത്തിനിടെ വിപിന്റെ കൂളിംഗ് ഗ്ലാസ് താന്‍ വലിച്ചെറിഞ്ഞുവെന്നും അല്ലാതെ വിപിനെ മര്‍ദിച്ചിട്ടില്ലെന്നും മാധ്യമങ്ങളോട് സംസാരിക്കവേ ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി. രണ്ടാഴ്ച മുന്‍പ് ഒരു അറിയാത്ത നമ്പറില്‍ നിന്ന് ഒരു വനിത തന്നെ വിളിച്ചിരുന്നുവെന്നും അവര്‍ വിപിനെക്കുറിച്ച് പല കാര്യങ്ങളും വ്യക്തമാക്കിയെന്നും ഉണ്ണി മുകുന്ദന്‍ വെളിപ്പെടുത്തി. വളരെ മോശപ്പെട്ട കാര്യങ്ങള്‍ ആണ് പറഞ്ഞത്. അതെല്ലാം ഉള്‍കൊള്ളിച്ച് ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഒന്നിലധികം നടിമാര്‍ വിപിനെതിരെ വിവിധ സിനിമാ സംഘടനകള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ടോവിനോയെകുറിച്ച് താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും പറയുകയുമില്ലെന്നും പറഞ്ഞ ഉണ്ണി മുകുന്ദന്‍ തങ്ങള്‍ ഏറ്റവും നല്ല സുഹൃത്തുക്കളാണെന്നും വ്യക്തമാക്കി.