-->
തമിഴ് സിനിമയിലെ ശ്രദ്ധേയനായ നടനാണ് വിക്രം പ്രഭു. പ്രശസ്ത നടന്‍ പ്രഭുവിന്റെ മകനും തമിഴിലെ ഇതിഹാസ താരം ശിവാജി ഗണേശന്റെ കൊച്ചുമകനുമാണ് വിക്രം പ്രഭു. അടുത്ത കാലത്തായി മികച്ച സിനിമകളിലൂടെ വിക്രം പ്രഭു തമിഴ് സിനിമയില്‍ ശക്തമായ സാന്നിധ്യമായി തുടരുന്നു. എന്നാല്‍ അച്ഛനും മുത്തശ്ശനും ഉണ്ടാക്കിയ സ്റ്റാര്‍ഡത്തില്‍ നിന്ന് താന്‍ ഒളിച്ചോടാന്‍ ശ്രമിച്ചിരുന്നുവെന്ന് പറയുകയാണ് നടന്‍. ' സിറൈ' എന്ന ചിത്രത്തിന്റെ സക്‌സസ് മീറ്റില്‍ സംസാരിക്കവെയാണ് വിക്രം പ്രഭുവിന്റെ തുറന്നുപറച്ചില്‍.
'ചെറുപ്പം മുതലേ ശിവാജി ഗണേശന്റെ കൊച്ചുമകന്‍, പ്രഭുവിന്റെ മകന്‍ എന്ന ടാഗിലാണ് വളര്‍ന്നത്. എവിടെ പോയാലും അത് തന്നെ കേള്‍ക്കേണ്ടി വരും. എനിക്ക് സ്വന്തമായ ഒരു ഐഡന്റിറ്റിയേ ഇല്ലാതെയായി. ആരെങ്കിലും ഇന്നയാളുടെ മകനല്ലേ, കൊച്ചുമകനല്ലേ എന്ന് ചോദിച്ചു വരുമ്പോള്‍ തന്നെ ഓടാന്‍ തുടങ്ങി. അങ്ങനെ കോളേജിൽ പഠിക്കാനായി ഓടി എത്തിയതാണ് അമേരിക്കയിലേക്ക്. അവിടെ ആരും എന്നെ തിരിച്ചറിഞ്ഞില്ല, എനിക്ക് എന്നെ സ്വയം കണ്ടെത്താന്‍ സാധിച്ചു. അപ്പോഴാണ് സിനിമ തന്നെയാണ് തന്റെ മേഖല എന്ന് തിരിച്ചറിഞ്ഞത്. പക്ഷേ സംവിധാനത്തിലേക്കായിരുന്നു താത്പര്യം.
എന്ത് വേണം എന്ന് അറിയാതെ നില്‍ക്കുമ്പോഴാണ് കുംകി എന്ന ചിത്രത്തിലേക്ക് അവസരം ലഭിച്ചത്. അച്ഛനോട് പറയുക പോലും ചെയ്യാതെയാണ് കുംകി എന്ന ചിത്രത്തില്‍ കരാറ് ചെയ്തിട്ട് വന്നത്. അതിന് ശേഷമാണ് അദ്ദേഹത്തോട് സിനിമയിലേക്ക് വരാന്‍ താത്പര്യമുണ്ട് എന്നത് പറഞ്ഞത്. ഇവിടെ നില്‍ക്കാന്‍ കഴിയാതെ ഒളിച്ചോടി പോയ കാര്യമൊന്നും അച്ഛനോട് ഞാന്‍ പറഞ്ഞിരുന്നില്ല. സിനിമയാണ്, എന്തൊക്കെ ഫേസ് ചെയ്യേണ്ടി വരും എന്ന് നിനക്കറിയാമോ എന്ന് മാത്രമാണ് അച്ഛന്‍ ചോദിച്ചത്.
അങ്ങനെ എന്താണ് എങ്ങനെയാണ് എന്നൊന്നും അറിയാതെയാണ് കുംകിയിലേക്ക് എത്തിയത്. അവിടെ നിന്ന് താണക്കാരന് സ്‌റ്റേറ്റ് അവാര്‍ഡ് വരെ. എനിക്ക് സ്വന്തമായി ഒരു ഐഡന്റിറ്റി ഉണ്ടാക്കാന്‍ കഴിയില്ലേ എന്ന് ഭയന്ന് ഓടിയ എനിക്ക് ഇപ്പോള്‍ ഇവിടെ വരെ എത്താന്‍ സാധിച്ചു. അത് ആലോച്ചിക്കുമ്പോൾ അഭിമാനം ഉണ്ട്'- വിക്രം പ്രഭു പറഞ്ഞു.