-->
സീരിയൽ രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ നടിയാണ് ഗായത്രി അരുൺ. കളങ്കാവൽ എന്ന മമ്മൂട്ടി ചിത്രത്തിൽ ശ്രദ്ധേയ വേഷമാണ് ഗായത്രിക്ക് ലഭിച്ചത്. അരുൺ എന്നാണ് ഗായത്രിയുടെ പങ്കാളിയുടെ പേര്. കൂട്ടുകാരിയുടെ ഏട്ടനായിരുന്നു അരുൺ എന്നും തങ്ങളുടെ പ്രണയവും ജീവിതവും പങ്കുവെക്കുകയാണ് നടി ഇപ്പോൾ. 15 വയസിൽ തുടങ്ങിയ ഇഷ്ടമായിരുന്നുവെന്നും എന്നാൽ കല്യാണം കഴിഞ്ഞ് ഞങ്ങളുടെ അടി കണ്ടു കഴിഞ്ഞാൽ പരമാവധി ഒരു വർഷത്തിനപ്പുറം പോകില്ലെന്ന് തോന്നുമായിരുന്നുവെന്നും ഗായത്രി പറയുന്നു. പിങ്ക് പോഡ്കാസ്റ്റിലാണ് ഗായത്രിയുടെ പ്രതികരണം.
‘സ്നേഹം എന്ന വികാരമാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ കരുത്തും ബലഹീനതയും. പ്രിയപ്പെട്ടവരെ നഷ്ടപ്പെടുമോ എന്ന ഭയത്തിന് പിന്നിലെ അടിസ്ഥാന വികാരം സ്നേഹമാണ്. ചിലപ്പോൾ സ്നേഹത്തിന് വേണ്ടി നമ്മൾ നമ്മളല്ലാതായി മാറുന്ന അവസ്ഥയുണ്ടാകാറുണ്ട്. നമ്മുടെ സ്വഭാവത്തിൽ പോലും അത്ഭുതം തോന്നുന്ന അത്തരം മാറ്റങ്ങൾ സ്നേഹം മൂലം സംഭവിക്കാം. എന്റെ ആദ്യത്തെ ക്രഷ് ആണ് അരുൺ.
എന്റെ സുഹൃത്ത് അഞ്ജനയുടെ സഹോദരനാണ് അദ്ദേഹം. അഞ്ജന എപ്പോഴും ചേട്ടന്റെ കാര്യങ്ങൾ പറയുമായിരുന്നു. അങ്ങനെ നേരിട്ട് കാണുന്നതിന് മുൻപേ എനിക്ക് അരുണിനോട് ഒരു ആരാധന തോന്നിത്തുടങ്ങി. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് അവളുടെ വീട്ടിൽ പോയപ്പോഴാണ് ആദ്യമായി അരുണിനെ കാണുന്നത്. ആ കണ്ട നിമിഷം തന്നെ എനിക്ക് ക്രഷ് തോന്നി. അദ്ദേഹത്തിനും സമാനമായ താല്പര്യം ഉണ്ടായിരുന്നു. പിന്നീട് വീട്ടുകാരുടെ സമ്മതത്തോടെയാണ് ഞങ്ങൾ വിവാഹിതരായത്.
പെർഫക്ട് ദാമ്പത്യജീവിതം എന്നൊന്നില്ല. നമ്മളാരും പെർഫെക്ട് അല്ല. ഒരു ബന്ധവും പെർഫെക്ട് ആകുമെന്ന് പറയാനാകില്ല. എല്ലാ മനുഷ്യരും പെർഫക്ട് അല്ലാത്തതുകൊണ്ട് അത് ബന്ധങ്ങളിലും നിഴലിക്കും. എന്റെ വിവാഹജീവിതം പരിപൂർണമായും പെർഫെക്ട് ആണെന്ന് പറഞ്ഞാൽ അത് നുണയായിരിക്കും. അങ്ങനെയൊന്ന് ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. കല്യാണം കഴിക്കുന്ന സുഹൃത്തുക്കളോടും ഫ്രണ്ട്സിനോടും ഞാൻ എപ്പോഴും പറയും, ആദ്യത്തെ അഞ്ച് വർഷം വളരെ നിർണായകമാണ്. അതിൽ ഏറ്റവും പ്രധാനം ആദ്യത്തെ രണ്ട് വർഷമാണ്. ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം പോലെയായിരിക്കും.
എന്റെ കാര്യം പറയുകയാണെങ്കിൽ, 15 വയസിൽ തുടങ്ങിയ ഒരു ഇഷ്ടമാണ് എനിക്ക്. എന്നാലും, കല്യാണം കഴിഞ്ഞ് ഞങ്ങളുടെ അടി കണ്ടു കഴിഞ്ഞാൽ പരമാവധി ഒരു വർഷത്തിനപ്പുറം പോകില്ലെന്ന് തോന്നും. അത്രയധികം പ്രശ്നങ്ങൾ ഞങ്ങൾക്കിടയിലുണ്ടായിരുന്നു. ഞങ്ങൾ രണ്ട് വ്യക്തികളാണ്. പ്രണയിക്കുന്ന കാലത്ത് നമ്മൾ സംസാരിക്കുന്ന കാര്യങ്ങളായിരിക്കില്ല യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കുമ്പോൾ. അത് വേറെ തന്നെയൊരു ജീവിതമാണ്. കുറച്ചുനാളുകളായിട്ട് അറിയാവുന്ന ഒരു വ്യക്തിയാണെങ്കിൽ നമുക്ക് കുറച്ചുകൂടെ മനസ്സിലാക്കാൻ പറ്റും എന്നേയുള്ളൂ. എങ്കിലും ഒന്നിച്ച് ജീവിച്ചു തുടങ്ങുമ്പോൾ പല കാര്യങ്ങളും വ്യത്യസ്തമാണെന്ന് ഞാൻ മനസ്സിലാക്കി,’ ഗായത്രി പറഞ്ഞു.