-->
ബ്രിട്ടനിലെ അതിപ്രശസ്തമായ മരമായിരുന്നു സൈക്കാമോര്‍ ഗാപ് ട്രീ. ലോകത്ത് ഏറ്റവും കൂടുതല്‍ ചിത്രമെടുത്തിട്ടുള്ള മരങ്ങളിലൊന്നുകൂടിയായ ഇത് ബ്രിട്ടനിലെ നോര്‍ത്തംബര്‍ലാന്‍ഡില്‍ ഹാഡ്രിയാന്‍ വാള്‍ എന്നയിടത്താണു സ്ഥിതി ചെയ്തിരുന്നത്. ഒരു രാത്രി പുലര്‍ന്നപ്പോഴേക്കും ഈ മരം സാമൂഹികവിരുദ്ധര്‍ നിഷ്‌കരുണം വെട്ടിമാറ്റി. ഇതിന്റെ ചിത്രങ്ങള്‍ പ്രചരിച്ചതോടെ വ്യാപകമായ പൊതുജന പ്രതിഷേധം ഉടലെടുത്തു. തുടര്‍ന്ന് ബ്രിട്ടിഷ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.സൈക്കാമോര്‍ മേപ്പിള്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെട്ട പുഷ്പിക്കുന്ന മരമായിരുന്നു ഇത്. ലിച്ചി തുടങ്ങിയ മരങ്ങളുമായി ഇതിനു ജനിതകമായ സാമ്യമുണ്ട്. പടിഞ്ഞാറന്‍ യൂറോപ്പില്‍ നിന്നാണ് ബ്രിട്ടനിലേക്ക് ഈ മരം എത്തിയത്. ഇന്ന് യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്ട്രേലിയ, ന്യൂസീലന്‍ഡ് തുടങ്ങിയ ഒട്ടേറെയിടങ്ങളില്‍ ഈ മരം സ്ഥിതി ചെയ്യുന്നുണ്ട്.
ഡാനിയേല്‍ ഗ്രഹാം, ആഡം കറൂത്തേഴ്‌സ് എന്നീ യുവാക്കളാണ് കൃത്യത്തിനു പിന്നിലെന്നു പൊലീസ് കണ്ടെത്തി. ഇവരെ പിടികൂടുകയും ചെയ്തു. ഇവരുമായി ബന്ധപ്പെട്ടുള്ള നിയമനടപടികള്‍ പുരോഗമിക്കുകയാണ്. ജൂണില്‍ ഇവരുടെ ശിക്ഷ കോടതി വിധിക്കും. പത്തുവര്‍ഷമെങ്കിലും ഇരുവര്‍ക്കും തടവുശിക്ഷ ലഭിക്കുമെന്നാണു കരുതപ്പെടുന്നത്. ഇപ്പോള്‍ നാന്‍സി കാഡോഗന്‍ എന്ന പ്രശസ്തയായ ബ്രിട്ടിഷ്-അമേരിക്കന്‍ ചിത്രകാരി സൈക്കാമോര്‍ മരത്തിന്റെ ചിത്രം ലണ്ടന്‍ മ്യൂസിയത്തില്‍ വരയ്ക്കുകയാണ്. സൈക്കാമോര്‍ മാത്രമല്ല, ഇത്തരത്തില്‍ നഷ്ടപ്പെട്ട 20 മരങ്ങളുടെ ചിത്രങ്ങള്‍ ലോസ്റ്റ് ട്രീസ് എന്ന പ്രദര്‍ശനത്തിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്.
2016ല്‍ ബ്രിട്ടനിലെ ട്രീ ഓഫ് ദ ഇയര്‍ ബഹുമതി നേടിയ വൃക്ഷമാണ് സൈക്കാമോര്‍ ഗ്യാപ് ട്രീ. 1991ല്‍ പുറത്തിറങ്ങിയ റോബിന്‍ഹുഡ് -പ്രിന്‍സ് ഓഫ് തീവ്സ് എന്ന വിഖ്യാത ചിത്രത്തിലും ഈ മരം കാണിച്ചിരുന്നു. രണ്ടു ഉയര്‍ന്ന കുന്നുകളുടെ നടുക്കുള്ള വിടവ് പോലുള്ള ഭൗമഘടനയില്‍ നിന്നിരുന്ന ഈ മരം ലോകത്തെ ഫോട്ടോഗ്രഫര്‍മാര്‍ക്കു ചിത്രമെടുക്കാന്‍ വളരെ താല്‍പര്യമായിരുന്നു. ഈര്‍ച്ചവാള്‍ ഉപയോഗിച്ചാണ് ഈ മരം വെട്ടിവീഴ്ത്തിയത്.
യുനെസ്‌കോ ലോകപൈതൃകപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ചരിത്ര സ്ഥലമാണ് ഹാഡ്രിയാന്‍ വാള്‍. ബ്രിട്ടനിലെത്തിയ റോമാ സാമ്രാജ്യാണ് പ്രശസ്തമായ ഈ മതില്‍ നിര്‍മിച്ചത്. ബ്രിട്ടനിലേക്ക് റോമിലെ ഹാഡ്രിയാന്‍ ചക്രവര്‍ത്തി എത്തിയതിനു ശേഷമായിരുന്നു മതിലിന്റെ നിര്‍മാണം. 300 വര്‍ഷത്തോളം ബ്രിട്ടനിലെ റോമാസാമ്രാജ്യത്തിന്റെ അതിര്‍ത്തിയായി ഇതു നില കൊണ്ടു. മരം നശിപ്പിക്കപ്പെട്ട ശേഷം അനേകം ക്യാംപെയ്‌നുകള്‍ ഇതിനായി നടത്തി. ഈ മരത്തില്‍ നിന്നൊരുക്കിയ 49 തൈകളുടെ വിതരണവും നടത്തിയിരുന്നു.